ബെലോ ഹൊറിസോന്റെ: സ്ട്രൈക്കര്‍ പൗളീഞ്ഞോയുടെ ചിറകിലേറി കാനറികള്‍ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. അധിക സമയത്തേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച മത്സരത്തിന്റെ 86-ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ഉറുഗ്വെ വല കുലുക്കിയാണ് സാംബനൃത്തച്ചുവടുമായെത്തിയ ബ്രസീലിനെ കലാശക്കളിയിലേക്ക് നയിച്ചത്.
ഇന്നലെ പുലര്‍ച്ചെ നടന്ന ഏറെ ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വെയെ കീഴടക്കിയത്. ഇതോടെ 1950-ലെ ലോകകപ്പ് ഫൈനലില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തങ്ങളെ കരയിപ്പിച്ച ഉറുഗ്വെയോടുള്ള പകരംവീട്ടല്‍ കൂടിയായി ബ്രസീലിന് ഈ ജയം.
ബ്രസീലിന് വേണ്ടി ഫ്രെഡും പൗളീഞ്ഞോയും ഗോളുകള്‍ നേടിയപ്പോള്‍ ഉറുഗ്വെയുടെ ആശ്വാസഗോള്‍ നേടിയത് സ്ട്രൈക്കര്‍ എഡിസണ് കവാനിയാണ്. മത്സരത്തിന്റെ തുടക്കത്തില്‍ ഉറുഗ്വെക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അവരുടെ സൂപ്പര്‍താരം ഡീഗോ ഫോര്ലാന് നഷ്ടപ്പെടുത്തിയതാണ് തിരിച്ചടിയായത്. ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും സൂപ്പര്‍ താരം നെയ്മര്‍ അവിസ്മരണീയ പ്രകടനമാണ് പുറത്തെടുത്തത്. ബ്രസീലിന്റെ രണ്ട് ഗോളുകള്‍ക്കു പിന്നിലും നെയ്മറായിരുന്നു.
2003-ലെ കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമിഫൈനലിനിടെ മരിച്ച കാമറൂണ്‍ താരം മാര്‍ക്ക് വിവിയന്‍ ഫോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമായിരുന്നു മത്സരം തുടങ്ങിയത്. കൊളംബിയക്കെതിരെ നടന്ന മത്സരത്തിന്റെ 75-ാം മിനിറ്റിലായിരുന്നു ഫോ കുഴഞ്ഞുവീണു മരിച്ചത്. ഫോയുടെ പത്താം ചരമവാര്‍ഷികദിനമായിരുന്നു ഇന്നലെ.
ലാറ്റിനമേരിക്കയിലെ രണ്ട് കരുത്തന്മാര് തമ്മിലുള്ള പോരാട്ടം തുടക്കം മുതല്‍ അവസാന വിസില്‍ വരെ ആവേശകരമായിരുന്നു. തുടക്കത്തില്‍ മേല്‍ക്കൈ ഉറുഗ്വെക്കായിരുന്നു. തുടര്‍ച്ചയായി ബ്രസീലിയന്‍ പകുതിയിലേക്ക് പന്തുമായി കുതിച്ച ഉറുഗ്വെയുടെ ഫോര്‍ലാന്റെ മുന്നേറ്റം കോര്‍ണറിന് വഴങ്ങി ഡേവിഡ് ലൂയിസ് രക്ഷപ്പെടുത്തി. അഞ്ചാം മിനിറ്റിലാണ് ബ്രസീല്‍ ആദ്യ മുന്നേറ്റം നടത്തിയത്. വലതുവിംഗിലൂടെ പന്തുമായി കുതിച്ച ഡാനി ആല്‍വസ് ബോക്സിലേക്ക് നല്കിയ ക്രോസ് ഉറുഗ്വെ ക്യാപ്റ്റന്‍ ലുഗാനോ ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി.
അധികം കഴിയും മുന്നേ ഉറുഗ്വെയുടെ മറ്റൊരു മുന്നേറ്റവും കോര്‍ണറില്‍ കലാശിച്ചു. ഫോര്ലാനെടുത്ത കിക്കിനൊടുവിലാണ് ഉറുഗ്വെക്ക് പെനാല്‍റ്റി ലഭിച്ചത്. 13-ാം ബ്രസീല്‍ പ്രതിരോധ താരം ഡേവിഡ് ലൂയിസ് ഡീഗോ ലുഗാനെ വലിച്ചിട്ടതിനായിരുന്നു പെനാല്‍റ്റി. ഈ ഫൗളിന് ഡേവിഡ് ലൂയിസിന് മഞ്ഞകാര്‍ഡും കിട്ടി. കിക്കെടുക്കാന്‍ നിയോഗിക്കപ്പെട്ടത് ഉറുഗ്വെയുടെ സൂപ്പര്‍താരവും ഷാര്‍പ്പ് ഷൂട്ടറുമായ ഡീഗോ ഫോര്ലാന്. പക്ഷേ, ഫോര്‍ലാന്റെ കിക്ക് തട്ടിയകറ്റി ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ജൂലിയസ് സീസര്‍ ഉറുഗ്വെയെ നിരാശയിലേക്ക് തള്ളിയിട്ടു. സീസറിന്റെ നെടുനീളന്‍ പറക്കല്‍ ബ്രസീലിന് നല്‍കിയത് പുത്തനുണര്‍വായിരുന്നു. ഇതോടെ ഉറുഗ്വെയുടെ മത്സരത്തിലെ പിടി അയയുകയും ചെയ്തു. പിന്നീട് ഇടതുവിംഗിലൂടെ മാഴ്സലോയും വലതുവിംഗിലുടെ ഡാനി ആല്‍വേസും പന്തുമായി ഉറുഗ്വെ നിരയിലേക്ക് ആക്രമണങ്ങളുടെ തിരമാലതീര്ത്തു. എന്നാല്‍ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ നെയ്മറിന് പന്ത് കിട്ടിയപ്പോഴൊക്കെ സൂപ്പര്‍താരത്തെ ഉറുഗ്വെന്‍ പ്രതിരോധം പൂട്ടിട്ടു. എന്നാല്‍ കനത്ത പ്രതിരോധപൂട്ടിനിടയിലും നെയ്മര്‍ ഇടയ്ക്കിടെ കുതറിമാറി ഗോള്‍മേഖലയിലേക്ക് കടന്നെങ്കിലും ഗോള്‍ വിട്ടുനിന്നു. 27-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ നെയ്മര്‍ നല്കിയ പാസ് ഹള്‍ക് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പുറത്തേക്ക് പാഞ്ഞു.
തൊട്ടുപിന്നാലെ ഫോര്‍ലാന്റെ തകര്‍പ്പന്‍ ഇടംകാല് ഷോട്ട് പോസ്റ്റിന് ഉരുമ്മി പുറത്തായി. 35-ാം മിനിറ്റില്‍ നെയ്മറിന്റെ മുന്നേറ്റം കോര്‍ണറിന് വഴങ്ങി ഉറുഗ്വെ താരം രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ മാഴ്സെലോയുടെ പാസില്‍ നിന്ന് ഫ്രെഡ് ഉതിര്‍ത്തി ഷോട്ടും പുറത്തേക്ക് പാഞ്ഞു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 41-ാം മിനിറ്റില്‍ സ്റ്റേഡിയം കാത്തിരുന്ന ഗോള്‍ പിറന്നു. മധ്യനിരയില്‍ പൗളിഞ്ഞോയുടെ ക്രോസ് നെയമറെ ലക്ഷ്യമാക്കി ഉറുഗ്വെന്‍ കവാടത്തിലേക്ക് പറന്നു. രണ്ട് പ്രതിരോധതാരങ്ങള്ക്കിടയിലായിരുന്ന നെയ്മര്‍ പന്ത് നെഞ്ചുകൊണ്ട് സ്വീകരിച്ചശേഷം രണ്ട് പ്രതിരോധക്കാരെയും മറികടന്ന് ഗോള്‍മുഖത്തിന്റെ ഇടതുവശത്ത് നിന്ന് ഷോട്ടുതിര്‍ത്തു. നെയ്മറുടെ ഷോട്ട് ഉറുഗ്വെ ഗോളി ഫെര്‍ണാണ്ടോ മുസ്ലേര തട്ടിയകറ്റിയെങ്കിലും ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ഫ്രെഡിന്റെ കാലിലേക്ക് പന്തെത്തിയത്. തക്കംപാര്‍ത്തുനിന്ന ഫ്രെഡ് അനായസമായി പന്ത് വലയിലെത്തിച്ചു. ഈ ഗോളിന്റെ ആത്മവിശ്വാസത്തോടെയാണ് ബ്രസീല്‍ ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ഉറുഗ്വെ സമനില പിടിച്ചു. ബ്രസീല്‍ പ്രതിരോധത്തിന്റെ മുഴുവന്‍ ദൗര്‍ബല്യവും തുറന്നുകാട്ടിയ എഡിന്‍സണ്‍ കവാനിയാണ് ബ്രസീല്‍ ഗോളി സീസറിനെ കീഴടക്കി പന്ത് വലയിലെത്തിച്ചത്. സ്വന്തം ബോക്സില്‍ പന്തെത്തിയിട്ടും പുറത്തേക്ക് അടിച്ചൊഴിവാക്കാനാതെ പതറിയ ബ്രസീല്‍ പ്രതിരോധത്തിനിടയില്‍ നിന്ന് സര്‍വ സ്വതന്ത്രനായി നീങ്ങിയ കവാനി ഇടങ്കാലനടിയിലൂടെ ഉറുഗ്വെയുടെ സമനില പിടിച്ചു.
ഇതോടെ ബ്രസീലിന്റെ പിടി അയഞ്ഞു. മധ്യനിരയുടെ ആസൂത്രണമില്ലായ്മ അവരുടെ നീക്കങ്ങളെ ബാധിച്ചു. ഇതിനിടെ ഹള്‍ക്കിന്റെ ഫ്രീകിക്ക് മുസ്ലേര കുത്തിയകറ്റി. അധികം വൈകാതെ ഹള്‍ക്കിനും ഓസ്കറിനും പകരം ബര്‍നാഡും ഹെര്നാനസും കളത്തിലിറങ്ങി. ഇതോടെ ബ്രസീല്‍ ആക്രമണങ്ങള്‍ക്ക് വീണ്ടും മൂര്‍ച്ചകൂടിയെങ്കിലും വിജയഗോള്‍ മാത്രം വിട്ടുനിന്നു. അവസാന നിമിഷങ്ങളില്‍ ആക്രമണങ്ങളുടെ തിരമാല തീര്‍ത്ത ബ്രസീല്‍ മുന്നേറ്റ നിരയെ തടഞ്ഞുനിര്‍ത്താന്‍ ഉറുഗ്വെ താരങ്ങള്‍ ഏറെ പണിപ്പെട്ടു.
ഇതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ചു. ഇതിനിടെയാണ് കാനറികളുടെ വിജയം കുറിച്ച ഗോള്‍ പിറന്നത്. കളി അധികസമയത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിക്കിടെയായിരുന്നു പൗളീഞ്ഞോ മിന്നുന്നൊരു ഹെഡറിലൂടെ ബ്രസീലിന് ജയമൊരുക്കിയത്. 85-ാം മിനിറ്റില്‍ ബ്രസീലിന് കിട്ടിയ കോര്‍ണര്‍ നെയ്മര്‍ വലത്തേ പോസ്റ്റിനടുത്തേക്ക് ഉയര്ത്തിയിട്ടപ്പോള് പൗളീഞ്ഞോ ഉജ്ജ്വലമായൊരു ഹെഡ്ഡറിലൂടെ ഉറുഗ്വെ വലയിലെത്തിച്ചു. പിന്നീട് അധികം കഴിയും മുന്നേ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ബ്രസീല്‍ തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: