ലളിതമായി എഴുതാനത്രെ വിഷമം. ഘോര ഘോര ആശയങ്ങള്‍ അത്രതന്നെ ഘോരാത്മകമായി (തെറ്റിദ്ധരിക്കല്ലേ) എഴുതാന്‍ സുഖമാണത്രെ. അതേപോലെതന്നെ ഈ സുതാര്യതയുടെ കാര്യവും. പറയാന്‍ എളുപ്പം, ജീവിച്ചുകാണിക്കലാണ് കഠിനം. അല്ലെങ്കില്‍ ജനങ്ങളുടെ കൂടെ ഇങ്ങനെ ഉണ്ടുറങ്ങി കളിതമാശ പറയുന്ന മുഖ്യന് ഏടാകൂടത്തില്പ്പെടുമോ? ജനങ്ങളെ സദാ സര്‍വഥാ സഹായിക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ കക്ഷിക്കുള്ളൂ. സ്വന്തമായി ഒന്നും ഉണ്ടാവരുതെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. ലാളിത്യത്തിന്റെ പൂര്‍ണാവതാരമായ ഗാന്ധിജിയാണ് എക്കാലത്തെയും പ്രചോദനകേന്ദ്രം. അത്തരമൊരാളാണ് വെറുതെ പുലിവാല് പിടിക്കുന്നത്.
ഒരു മൊബെയില്‍ വാങ്ങി സ്വന്തം പോക്കറ്റില്‍ ഇട്ടിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് ഇമ്മാതിരിയൊരു ഗതികേട് വരില്ലായിരുന്നു. അതില്‍പ്പോലും സുതാര്യതയെന്ന തന്റെ മാത്രമായ വഴിയിലൂടെ നടക്കാനാണ് അദ്യം താല്‍പ്പര്യം കാട്ടിയത്. സുതാര്യതയുടെ അങ്ങേയറ്റം എന്താണെന്നു ചോദിച്ചാല്‍ അത് സരിതോര്ജത്തിലും ബിജുവിലും ചെന്ന് നില്ക്കും. ഒരു ഭരണാധികാരിയായാല്‍ ജനങ്ങളുടെ എല്ലാ പ്രശ്നവും പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണ് ആധുനിക എഐസിസിയുടെ ചട്ടം. അതിന് അധുനാധുന വഴികള്‍ തേടുകയുമാവാം. രാഹുല്‍ഗാന്ധി തന്റെ വത്സല ശിഷ്യന്മാര്ക്ക് മുഴുവന്‍ ബ്ലാക്ബെറി മൊബെയില്സെറ്റ് വാങ്ങി നല്‍കിയതിന്റെ ഉദ്ദേശ്യവും അതുതന്നെയാണ്. അതിവേഗം ബഹുദൂരം എന്നു പറഞ്ഞുകൊണ്ടിരുന്നാല്‍ മാത്രം പോരല്ലോ, എന്തെങ്കിലുമൊക്കെ ചെയ്യുകയും വേണ്ടേ?
പിന്നെ, നിങ്ങള്‍ കരുതും പോലെ തട്ടിപ്പിന്റെ പാതിരാ ജോലിയെക്കുറിച്ച് അന്വേഷിക്കാനൊന്നുമല്ല ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ചാണ്ടി സംസാരിച്ചത്.
കുടുംബം എന്നുകേട്ടാല്‍ ഉമ്മച്ചന് വല്ലാത്തൊരു സുഖമാണ്. ആ കുടുംബം അങ്ങനെ തന്നെ സുഖസമൃദ്ധമായി ഇരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അതിന് ഉടവ് തട്ടുമ്പോള്‍ അത് തീര്‍ക്കാന്‍ എന്ത് സാഹസം കാണിച്ചും ഉമ്മച്ചന് തയ്യാര്‍. അത്തരമൊരു കൗണ്‍സിലിംഗ് ആണ് സരിത-ബിജു ദമ്പതി (അങ്ങനെ തന്നെയല്ലേ) മാര്‍ക്ക് അദ്യം കൊടുത്തത്. കൗണ്‍സിലിംഗിനെക്കുറിച്ച് കഖഗഘ… അറിയാത്തവര്‍ അത് മേറ്റ്ന്തൊക്കെയോ ആയി കണ്ടു. അതിന്റെ അനന്തരഫലങ്ങള്‍ നമ്മള് അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു കൗണ്‍സിലര്‍ ആയി കഴിവു തെളിയിച്ചയാളാണ് ഉമ്മച്ചന്. യാമിനി-ഗണേഷ് പ്രശ്നത്തില്‍ അത് നമ്മള് കണ്ടതാണ്. ഒടുവിലെന്തായി? ഇരുകൂട്ടരും ഹാപ്പി. അതാണ് ഉമ്മച്ചന്. ഇപ്പോള്‍ ഈ സരിത-ബിജു രാധാകൃഷ്ണന് പ്രശ്നത്തിന്റെ അന്ത്യവും അങ്ങനെ തന്നെയാവും. എല്ലാം സുതാര്യമായതിനാല്‍ നമുക്കത് തുറന്ന കണ്ണാലെ കാണാം. ബിജു രാധാകൃഷ്ണനോട് ഉമ്മച്ചന് എന്തുമാത്രം സ്നേഹമുണ്ട് എന്നതിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും അറിയണമെന്ന് ആഗ്രഹമുള്ളവരുണ്ടെങ്കില്‍ ഇതാ, ജൂണ്‍ 18ലെ മംഗളം പത്രം കാണുക. അതില്‍ അതിമനോഹരമായി സക്കീര്‍ ഹുസൈന് സ്ഥിതിഗതികള്‍ വരച്ചിട്ടിരിക്കുന്നു. ഇതു സംബന്ധിച്ച പ്രക്ഷോഭത്തില്‍ അടികൊണ്ടവരും കൊള്ളാനിരിക്കുന്നവരും അതൊന്നു കണ്ടുകൊള്ളുക. തങ്ങളുടെ പ്രയത്നമെല്ലാം വെറുതെയാവുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് തക്ക മറുപടി കിട്ടും; ഉറപ്പ്.
ഇപ്പറഞ്ഞതത്രയും ഔദ്യോഗിക സുതാര്യതയുടെ ബാക്കി പത്രമെങ്കില്‍ അനൗദ്യോഗിക സുതാര്യത ഒരു ദ്യശ്യനില് ചടുല എപ്പിസോഡുകളാവുന്നു. പണമുണ്ടാക്കുക എന്ന അജണ്ട കറ തീര്‍ന്ന കമ്പോളച്ചരക്കാവുന്ന ആധുനിക കാലഘട്ടത്തില്‍ എന്താണ് മറയ്ക്കേണ്ടത്, എന്താണ് തുറക്കേണ്ടത് എന്നതൊക്കെ ചര്‍ച്ചാ വിഷയമാണ്. സൂര്യാ ടിവി കാണിച്ചുതരുന്ന മലയാളിമാതൃക പിന്തുടരുന്നതാണോ നന്ന് അതല്ല പൈതൃകസംസ്കാരത്തിന്റെ ഉമ്മറക്കോലായ അതേ വിശുദ്ധിയോടെ കാത്തുവെക്കുന്നതോ? ഈ ചോദ്യത്തിന് ഉത്തരം തേടാനുള്ള ശ്രമമെന്ന പേരില്‍ മാധ്യമം ആഴ്ചപ്പതിപ്പ് (ജൂണ്‍ 24) കവര്ക്കഥയാക്കിയിരിക്കുന്നത് മലയാളി ഹൗസ് വീടകങ്ങളിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ആണ്. കാഴ്ചയും സംസ്കാരവും എന്ന ഇടത്തലക്കെട്ടില് മലയാളി വീട്ടിലെ മാലിന്യങ്ങള്‍ എന്നാണ് പ്രധാന തലക്കെട്ട്. അന്‍വര്‍ അബ്ദുള്ളയുടെതാണ് രചന. പരിപാടി കക്ഷി കണ്ടിട്ടുണ്ട് എന്നല്ലാതെ യുക്തി സഹമായി വിശകലനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യന്റെ മൃഗതൃഷ്ണകള്‍ ഏതൊക്കെ അവസരത്തിലാണ് ഉണര്‍ന്നു വരികയെന്ന് കാണിച്ചുതരാനുള്ള വിഡ്ഢിത്തമാണ് മേപ്പടി പരിപാടി. നേരത്തെ പറഞ്ഞതുപോലെ പണമുണ്ടാക്കാന്‍ കലയെന്നും സംസ്കാരമെന്നും ചെല്ലപ്പേരിട്ട് എന്ത് തോന്ന്യാസവും കാട്ടാം എന്നായിരിക്കുന്നു. ഏതായാലും അന്‍വര്‍ അബ്ദുള്ള ചിലതൊക്കെ പറഞ്ഞുവെക്കുന്നുണ്ട്; അത്രയും നല്ലതുതന്നെ. ഒരു സാമ്പിള്‍ ഇതാ: ഒളിഞ്ഞു നോക്കാനും മറ്റുള്ളവര്‍ ഇരകളും കോമാളികളുമാക്കപ്പെടുന്നതില് ആനന്ദം കൊള്ളാനുമുള്ള അഭീഷ്ടമാണ് ആളുകളെ റിയാലിറ്റിഷോകളുടെ ആരാധകരാക്കുന്നതെന്ന് വിപുലമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ രണ്ടു കാര്യത്തിലും വളരെ സമ്പന്നമായ മലയാളിക്കൂട്ടത്തിന് അതിന്റെ എല്ലാവിധ സദാചാര, സാംസ്കാരികോത്കണ്ഠകളും ഉരച്ചുനോക്കാനുള്ള ഊരകല്ലായിത്തീര്ന്നിട്ടുണ്ട് ‘മലയാളി ഹൗസ്’. ആ ഊരകല്ലിനെ ശക്തിപ്പെടുത്താന്‍ ടാംറേറ്റും പരസ്യ ഏജന്‍സികളും ഉള്ളിടത്തോളം കാലം ബഹുത് ഖുശി ഹെ. ആരാന്റമ്മയ്ക്ക് ഭ്രാന്തുപിടിച്ചാല്‍… എന്നു കേട്ടിട്ടില്ലേ.
ഇന്നലെയുടെ ശാപം ഇന്നിന്റെ അനുഗ്രഹമാണെന്ന് പറയുന്നു ഐഐഎം (കോഴിക്കോട്) ഡയറക്ടര്‍ ദേബശിഷ് ചാറ്റര്‍ജി. ഇതു വസ്തുനിഷ്ഠമാണെന്ന് നമുക്കറിയാം. അനുഭവം നമ്മെ അതു പഠിപ്പിച്ചിട്ടുണ്ട്. മാതൃഭൂമി (ജൂണ്‍ 19)യിലെ വിജയപഥത്തില്‍ തന്റെ ക്ലുഇന്‍ എന്ന പംക്തിയില്‍ അദ്ദേഹം അതിനെക്കുറിച്ച് പറയുന്നു. നേതാക്കള്‍ എങ്ങനെയുള്ളവരായിരിക്കണം എന്നതിനെക്കുറിച്ച് ചാറ്റര്‍ജിയുടെ നിരീക്ഷണം നോക്കൂ: ആരും ആരുടെയും ബാധ്യതയല്ല. എല്ലാവരും പരസ്പരപൂരകങ്ങളാണ്. യഥാര്‍ഥ സമ്പത്ത് കാഴ്ചപ്പുറത്തെ വസ്തുവഹകളല്ല, കാണാമറയത്തെ അനന്തസാധ്യതകളാണ്. കാഴ്ചവട്ടത്തുള്ള ദൗര്‍ബല്യങ്ങളുടെയും ദൗര്‍ലഭ്യങ്ങളുടെയും ലോകത്തില്‍ ബന്ധിതമാവാതെ ജനതയുടെ കഴിവിന്റെയും കരുത്തിന്റെയും മൂല്യമറിയാന്‍ വേണ്ട അകക്കാഴ്ചയുള്ളവരായിരിക്കണം നേതാക്കള്‍. അത്തരമൊരു അകക്കാഴ്ചയുള്ള നേതാവ് സൗരോര്‍ജ സമ്പത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്താനൊരുമ്പെട്ടത് വിവരദോഷികളായവര്‍ തച്ചുതകര്‍ത്തില്ലേ? ആരോടു പരാതി പറയും? ദേബശിഷ് ചാറ്റര്‍ജി അതു കേള്‍ക്കുമോ ആവോ?
രണ്ടു കവികള്‍, രണ്ടു ദര്‍ശനങ്ങള്‍. അകക്കാഴ്ചയുടെ പെരുംപൂരം വായനക്കാരുടെ മനക്കണ്ണില്‍ ആയിരക്കണക്കിന് വര്‍ണ അമിട്ടുകളായി പൊട്ടിപ്പൊരിയുന്നു. അനുസ്യൂതമായ ഒരു സംസ്കാരത്തിന്റെ ആദിച്ചൂര് നാസാരന്ധ്രങ്ങളെ സമൃദ്ധമാക്കി കരളിന്റെ തുടിപ്പിലേക്ക് ഇഴുകിച്ചേരുന്നു. രാമായണത്തനിമ ചോരയില്‍ ലയിച്ചുകിടക്കുന്ന ബാലചന്ദ്രന് ചുള്ളിക്കാടിന്റെ രാമകഥ (മാധ്യമം ജൂണ്‍ 24)യും കാവ്യപാരമ്പര്യത്തിന്റെ കൊത്തുളി വഴിയിലൂടെ നടക്കുന്ന ചെറിയാന് കെ ചെറിയാന്റെ ഹൈക്കു കവിത (മലയാള വാരിക, ജൂണ്‍ 21)യുമാണ് വായനാ സൗഭാഗ്യത്തിന്റെ പൂമുഖത്തുള്ളത്. 50 കവിതകളുള്ള ഹൈക്കു കവിതകളില്‍ ജനകന്റെ മകള്‍ എന്ന കവിത ഇങ്ങനെ ചൊല്ലുന്നു:
ആര്യനായ ഭര്‍ത്താവ് ഉപേക്ഷിക്കയും
കുരങ്ങന് ബഹുമാനിക്കയും
അസുരന് അപഹരിക്കുകയും ചെയ്ത അവളെ
അമ്മയായ ധരിത്രി
തന്റെ ഗര്‍ഭത്തിലേക്ക് വീണ്ടും സ്വീകരിച്ചു.
ചുള്ളിക്കാടിന്റെ രാമകഥ നോക്കൂ:
………………………………………
സ്വപ്നമുണരുന്ന നേരം
കുറ്റിരുട്ടില്‍ത്തപ്പിനോക്കും.
സീതയില്ല; സീതപണ്ടേ
പാതാളത്തില്‍ത്താണുപോയി
കര്ക്കിടമാസത്തിലേക്ക് നാമം ചൊല്ലിയുണരുന്ന ഭക്തകോടികളും അല്ലാത്തവരുമായവരെ ശാന്തഗംഭീരമായ ഒരു സംസ്കാരത്തിന്റെ ഈടുവെപ്പിലേക്ക് കൊടിവിളക്കുമായി ആനയിക്കയാണോ ഇരു കവികളും. സ്വാസ്ഥ്യം പെയ്തിറങ്ങുന്ന സായാഹ്ന സന്ധ്യകള്‍ക്ക് കൂട്ടായി ഈ കവിതകളുടെ ഊഷ്മളത നിങ്ങള്‍ക്കൊപ്പമുണ്ടാകും, തീര്‍ച്ച.
മാതൃഭൂമി ആഴ്ചപ്പതിപ്പ് (ജൂണ്‍ 23) ലോകസഭാ തെരഞ്ഞെടുപ്പിന്റെ താഴേക്കു കൂട്ടല്‍ (കൗണ്ട്ഡൗണ്‍ എന്നും ആവാം) തുടങ്ങി. ഗുജറാത്തിലെ വംശഹത്യാനന്തര ‘വികസനം’ എന്ന കെ. സഹദേവന്റെ അക്ഷരച്ചുടലയാണ് തുടക്കം. ആറരപ്പേജില് നിറഞ്ഞു കത്തുന്നു അത്. രാഹുലിന് ഒരു ഇ-മെയ്ല് അയച്ചോളിന്‍. കമല്‍റാം സജീവിനെ പിആര്‍ഒ ആക്കിയാല്‍ യുപിഎയുടെ മൂന്നാം ഊഴം ഉറപ്പ്!
മാധ്യമം ആഴ്ചപ്പതിപ്പിനെ (ജൂണ്‍ 24)ക്കുറിച്ച് ഒരു സെല്‍ഫ് പോട്രെയ്റ്റ്. ഇത്തവണത്തെ അവരുടെ തുടക്കത്തില്‍ അമൃതാപ്രീതത്തിന്റെ കവിത ചേര്‍ത്തിരിക്കുന്നു.
അതിങ്ങനെ:
മതം തലക്ക് പിടിക്കുമ്പോള്‍
വിദ്വേഷത്തിന്റെ കറുത്ത പാമ്പുകള്‍
വിഷം പുരട്ടിയ ആയുധം
മൂര്‍ച്ച കൂട്ടുന്നു
ഇതു കണ്ടെത്തി, വാരികയുടെയും പിന്നണിക്കാരുടെയും സ്വത്വത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച പി.കെ. പാറക്കടവിന് കൊടുകൈ!
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: