സ്വന്തം ചെരുപ്പ് സഞ്ചിയില്‍ സൂക്ഷിക്കുന്നത് നമ്മുടെ ജന്മാവകാശമാണ്. പക്ഷെ സഞ്ചിയില്‍ ചെരുപ്പ് വെച്ചതിന് നമ്മുടെ രണ്ട് ക്രിക്കറ്റ് താരങ്ങളെ ഒരിക്കല്‍ പോലീസ് പിടിച്ചു. ഏതാനും വര്‍ഷം മുമ്പ് ന്യൂസിലാന്റ് വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. നന്നായി ചെളി പിടിച്ച ഓരോ ജോഡി ഷൂസുകളാണ് അന്ന് പോലീസ് കണ്ടുകെട്ടിയത്. ഒടുവില്‍ നൂറ് ഡോളര്‍ വീതം പിഴ നല്‍കിയാണ് താരങ്ങള്‍ വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടന്നത്.
ചെളി പിടിച്ച ഷൂസ് സ്വന്തം ലഗേജില്‍ വച്ചതില്‍ പോലീസിനെന്ത് കാര്യം എന്ന് ചോദിച്ചേക്കാം. നാടിന്റെ നന്മയില് ‘സര്‍ക്കാരിനുള്ള ജാഗ്രത’ എന്നുമാത്രമാണുത്തരം. മറുനാട്ടില്‍ നിന്ന് വന്ന ചെരുപ്പിലെ ചെളിയില്‍ നിന്ന് അപകടകാരികളായ വിത്തുകളോ കീടങ്ങളോ ന്യൂസിലാന്റിലേക്ക് കടക്കാതിരിക്കണം… അപ്രകാരം സംഭവിച്ചാല്‍ അന്നാട്ടിലെ കൃഷിയും ആരോഗ്യവും ഒരുപക്ഷെ പരിസ്ഥിതിയും തകിടം മറിഞ്ഞേക്കാം. അതത്രെ ആ ജാഗ്രതയ്ക്ക് കാരണം.
മറുനാട്ടില്‍നിന്ന് ഒളിഞ്ഞും തെളിഞ്ഞും നമുക്കിടയിലേക്കെത്തുന്ന ജീവരൂപങ്ങള്‍ക്ക് തടയിടാന്‍ മിക്ക രാജ്യങ്ങളിലും ശക്തമായ നിയമമുണ്ട്. നിയമങ്ങളുടെ കാര്യത്തില്‍ ഇന്ത്യയും മോശമല്ല.
ജൈവ രൂപങ്ങളും ഇത്തരം ആക്രമണങ്ങളെ ബയോ ഇന്വേഷന് അഥവാ ജൈവ കടന്നുകയറ്റം എന്നുവിളിക്കാം. ഏതെങ്കിലും തരത്തിലുള്ള ജീവരൂപങ്ങള്‍ അപരിചിതമായ ഭൂപ്രദേശങ്ങള്‍ കടന്നെത്തി തദ്ദേശീയ ജീവി വര്‍ഗങ്ങളെ തുരത്തി ആധിപത്യം ഉറപ്പിക്കുന്ന പ്രക്രിയയാണത്. ആഫ്രിക്കന്‍ പായലും കമ്മ്യൂണിസ്റ്റ് പച്ചയും കോണ്‍ഗ്രസ് പുല്ലെന്ന് വിളിക്കുന്ന പാര്ത്തേനിയവും പേരറിയാത്ത പടര്‍പ്പന്‍ കാടുകളുമൊക്കെ അങ്ങനെയാണ് നമ്മുടെ വിളഭൂമിയിലെത്തിയത്. ചെടികളും ജീവികളും സൂക്ഷ്മജീവികളും വരെ ഇങ്ങനെ കയ്യേറ്റക്കാരായി വരുന്നുണ്ട്. പരുത്തിച്ചെടിയുടെ ഇലയെ ബാധിക്കുന്ന വൈറസ് പാക്കിസ്ഥാനില്‍ നിന്നാണെത്തിയതത്രെ. കാപ്പിക്കുരു തുരന്നു നശിപ്പിക്കുന്ന കീടം ലങ്കയില്‍ നിന്ന് വന്നതാണ്. മൃഗങ്ങളെ ബാധിക്കുന്ന ബോമൈന് വൈറല്‍ ഡയേറിയയും പക്ഷിപ്പനിയും പരത്തുന്ന കീടാണുക്കളാവട്ടെ കടല്‍ കടന്നെത്തിയവരും.
മറുനാടുകളിലെ കൃഷിഭൂമികള്‍ കയ്യടക്കാനെത്തുന്ന ഇത്തരം ഒളിപ്പോരാളികള്‍ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. ഭൂവിവിഭാഗങ്ങളില് പടര്‍ന്നുപിടിക്കാനുള്ള ശേഷി, ഏത് കാലാവസ്ഥയോടും പെട്ടെന്ന് പൊരുത്തപ്പെടാനുള്ള കഴിവ്, വിവിധ ഭക്ഷണ ശീലങ്ങള്‍ സ്വീകരിക്കാനുള്ള ശേഷി ഇതൊക്കെയത്രെ അവരുടെ പ്രത്യേകതകള്‍. തദ്ദേശീയമായ വിളകളേയും കൈയടക്കത്തില്‍ കൊണ്ടുവന്ന് അടിച്ചൊതുക്കാനും അവര്‍ക്ക് ശേഷിയുണ്ട്.
ശത്രുരാജ്യങ്ങളുടെ നുഴഞ്ഞുകയറ്റത്തിനെതിരെ സദാ ജാഗ്രത പാലിക്കുന്ന രാജ്യങ്ങള്‍ പോലും ഇത്തരം ആക്രമണകാരികളെ കാര്യമായി ശ്രദ്ധിക്കാറില്ല. അവയുടെ കടന്നുവരവ് ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കുമെന്ന സത്യം പോലും ഓര്‍മിക്കുന്നില്ല. ജൈവ ആക്രമണം ഏതു വഴിക്കാണ് ഉണ്ടാവുകയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. എപ്പോള്‍ തുടങ്ങുമെന്ന് അറിയാനുമാവില്ല. ആഭ്യന്തര മത്സ്യകൃഷിയുടെ ലാഭം വര്‍ധിപ്പിക്കാനാണ് ആഫ്രിക്കന്‍ മുഷിയെ അവതരിപ്പിച്ചത്.
മുഷി പെറ്റുപെരുകിയപ്പോള്‍ നാട്ടിലെ പുഴയിലും വീട്ടിലും കുളത്തിലുമുള്ള നാട്ടു മത്സ്യത്തിന്റെ കൂട്ടം ക്ഷയിച്ചു. ആമസോണിലെ മാരകമത്സ്യമായ പിരാനയെ കൊണ്ട് വന്നത് അലങ്കാരത്തിന്റെ പേരിലായിരുന്നു. പക്ഷെ ആ ‘അഹങ്കാര’ മത്സ്യം കൂടു ചാടി. ഭൂതത്താന്‍ കെട്ടിലെ വെള്ളത്തില്‍ പോലും അതിന്റെ സാന്നിദ്ധ്യം കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. 1950 കളില്‍ അമേരിക്കയില്‍ നിന്നിറക്കുമതി ചെയ്ത ഗോതമ്പിന് ഒപ്പം എത്തിയ മാരണമായിരുന്നു പാര്ത്തേറിയം. ഇങ്ങനെ എത്രയോ കടന്നുകയറ്റങ്ങള്‍!
അപൂര്‍വ ജീവിവര്‍ഗങ്ങളും സസ്യങ്ങളും വില്‍ക്കുന്ന കച്ചവടക്കാരാണ് ഇവിടെ അപകടത്തിന് അരങ്ങൊരുങ്ങുന്നത്. മറുനാട്ടിലെ ചെടികളും വിത്തുകളും സ്വന്തം നാട്ടിലെത്തിക്കാനുള്ള വിനോദയാത്രക്കാരുടെ കൗതുകവും ഇത്തരം ജീവരൂപങ്ങളുടെ കടന്നുകയറ്റത്തിന് സഹായകരമാണ്. യൂറോപ്പില്‍നിന്നും വടക്കേ അമേരിക്കയില്‍നിന്നും അമേരിക്കയില്‍ കുടിയേറാനെത്തിയവര്‍ അവരവരുടെ നാടുകളിലെ ഒട്ടേറെ പക്ഷിവര്ഗങ്ങളേയാണ് കൂടെ കൊണ്ടുവന്നത്. അമേരിക്കന്‍ തപാല്‍ വകുപ്പ് തൈവാനില്‍ നിന്നുവന്ന ഒരു പാഴ്സല്‍ പൊട്ടിച്ച് നോക്കിയപ്പോള്‍ ജീവനുള്ള നൂറുകണക്കിന് വണ്ടുകളേയും ചെള്ളുകളേയും കണ്ടെത്തിയത് ഇവിടെ ഓര്‍മിക്കാം. 2008 ലായിരുന്നു അവിടെ ചെള്ളുകള്‍ പാഴ്സല്‍ രൂപത്തില്‍ വന്നത്. തുറമുഖത്ത് ചരക്കിറക്കി കഴിയുന്ന കപ്പലുകള്‍ ഭാരസന്തുലനത്തിന് അടിച്ചുകയറ്റിയ ശേഷം മറുനാടുകളില്‍ പുറത്തേക്ക് കളയുന്ന ബെല്ലാസ്റ്റ് വാട്ടര്‍ ഇക്കാര്യത്തില്‍ ചില്ലറ ദ്രോഹമല്ല ചെയ്യുന്നത്. ഒരു സ്ഥലത്തെ ആയിരക്കണക്കിന് ജീവവര്‍ഗത്തെ ഒരു പരിചയവുമില്ലാതെ മറ്റൊരു ആവാസ വ്യവസ്ഥയിലേക്ക് തള്ളിയിറക്കുകയാണവ ചെയ്യുന്നത്. അങ്ങനെയെത്തുന്നതില് ചില ദുഷ്ടജീവികളും കീടാണുക്കളും അവിടെ പ്രബലമാവുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ട്. അതാവട്ടെ ആ മേഖലയിലെ മത്സ്യസമ്പത്തിനെ പാടെ നശിപ്പിക്കുകയും ചെയ്യും.
വന്യമേഖലകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളും ബയോ ഇന്‍വേഷനു ചൂട്ട് പിടിക്കുന്നു. അത്തരം വാഹനങ്ങളില്‍ പറ്റിപ്പിടിച്ചെത്തുന്ന സസ്യങ്ങളും ജീവികളും പുത്തന്‍ മേഖലകളില്‍ താവളം തേടുന്നു. അതോടെ ആ മേഖലയിലെ തദ്ദേശീയ ജീവികളുടെ വംശനാശവും തീര്‍ച്ച. കാട്ടുതീ കെടുത്താനായി ഉള്ക്കാടുകളിലെത്തുന്ന ഫയര്‍ എന്‍ജിനുകള്‍ പോലും ഇത്തരം ജീവരൂപങ്ങളുടെ വാഹകരായി മാറാറുണ്ടത്രേ. ഇത്തരം ജീവരൂപങ്ങളുടെ കടന്നാക്രമണം ഒറ്റപ്പെട്ട ദ്വീപ സമൂഹങ്ങളിലാണ് ഏറ്റവും വലിയ അപകടം സൃഷ്ടിക്കുക. അതുവരെ മത്സരം അഭിമുഖീകരിക്കാതെ സസുഖം വാഴുന്ന സ്വദേശി ജീവികള്‍ക്ക് മറുനാട്ടുകാരന് മുമ്പില്‍ അടിയറവ് പറയേണ്ടിവരും.
വന്നു കയറുന്ന ജീവികള്‍ക്ക് പലപ്പോഴും പരിസ്ഥിതിയെ തനിക്കനുകൂലമാക്കി മാറ്റിയെടുക്കാനുള്ള ശേഷിയുണ്ടാകും. ചില സസ്യങ്ങള്‍ തായ്വേര് ആഴത്തിലേക്കിറക്കി മേല്‍മണ്ണിലെ ഈര്‍പ്പം തീര്‍ത്തും ഇല്ലാതാക്കും. അതോടെ ദുര്‍ബല സസ്യങ്ങള്‍ വരണ്ടുണങ്ങും. മറ്റു ചിലവ വള്ളിപോലെ ചുറ്റി ചെറു സസ്യങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കും. ചിലതരം രാസാഗ്നികള്‍ സ്വയം ഉല്‍പ്പാദിപ്പിച്ച് മണ്ണിന്റെ വീര്യം കെടുത്തി കൂട്ടുകാരുടെ ജീവിതം കട്ടപ്പുകയാക്കുന്ന ദുഷ്ടസസ്യങ്ങളുമുണ്ട് ഇക്കൂടെ. പുറമെ നിന്ന് ആകസ്മികമായെത്തുന്ന ചിലയിനം വൈറസുകള്‍ ഭ്രാന്തിപ്പശു രോഗവും പക്ഷിപ്പനിയുമൊക്കെ പരത്തി കാലിസമ്പത്തും പക്ഷി സമ്പത്തും മുച്ചൂടു മുടിച്ചത് സമീപകാല സംഭവങ്ങളാണല്ലോ. ചില കീടാണുക്കള്‍ മനുഷ്യരിലേക്ക് പോലും പേരറിയാ രോഗങ്ങളുടെ ബീജങ്ങള്‍ കടത്തിവിടുമെന്ന കാര്യവും മറക്കാതിരിക്കുക.ചുരുക്കത്തില്‍ വാഹകരിലൂടെയും പ്രകൃതിശക്തികളിലൂടെയും ഒളിഞ്ഞും തെളിഞ്ഞുമെത്തുന്ന ബയോ ആക്രമണകാരികള്‍ ആഗോള കാര്‍ഷിക മേഖലയ്ക്ക് വന്‍ വെല്ലുവിളിയാണുയര്‍ത്തുന്നത്. അവയുടെ പ്രവര്‍ത്തനം വന്‍തോതിലുള്ള ഭക്ഷ്യക്ഷാമത്തിനും മാരകരോഗങ്ങള്‍ക്കും ജൈവവൈവിധ്യത്തിന്റെ നാശത്തിനും വഴിതെളിച്ചേക്കാം. പരിസ്ഥിതി അനുബന്ധ ടൂറിസത്തിനെ തകര്‍ക്കുന്നതിനും തദ്ദേശീയ സസ്യജാലങ്ങള്‍ അന്യംനിന്നുപോകുന്നതിനും ഇത് വഴിയൊരുക്കാം. ജാഗ്രത കാണിക്കാത്ത പക്ഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തന്നെ ഈ ബയോ ഇന്വേഷന് തകിടം മറിക്കും.
അനുബന്ധം:
ബയോ ഇന്വേഷന് അഥവാ ജൈവ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയം തയ്യാറാക്കിയ അഗ്രികള്‍ച്ചറല്‍ ബയോ സെക്യൂരിറ്റി ബില്‍ 2013 ലോക്സഭയുടെ പരിഗണനയിലാണ്. പുറത്ത് നിന്നെത്തുന്ന സസ്യ-ജീവ രൂപങ്ങളെ പരിശോധിക്കുന്നതിനുള്ള ഏകീകൃത ക്വാറന്റയിന്‍ സംവിധാനം നടപ്പില്‍ വരുത്തുന്നതിനും ‘അഗ്രികള്‍ച്ചറല്‍ ബയോ ഡൈവേഴ്സിറ്റി അതോറിറ്റി ഓഫ് ഇന്ത്യ’ ഉണ്ടാക്കുന്നതിനും ഈ ബില്‍ ലക്ഷ്യമിടുന്നുണ്ട്. അല്‍പ്പം വൈകിയെങ്കിലും തീര്‍ച്ചയായും നല്ലൊരു കാല് വെയ്പ്പ്. പക്ഷെ അംഗീകരിക്കപ്പെടുന്ന നിയമങ്ങളും ചട്ടങ്ങളും എത്രമാത്രം ജാഗ്രതയോടെ നടപ്പിലാക്കപ്പെടും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍.
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: