കാര്‍ഡിഫ്: പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ ശ്രീലങ്കക്കെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. 2002ലാണ് ഇന്ത്യ ഇതിന് മുമ്പ് ഫൈനലില്‍ കളിച്ചത്. 2000ലും ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇന്ത്യയുടെ മൂന്നാം ഫൈനലാണിത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തി 182 റണ്‍സിന്റെ വിജയലക്ഷ്യം 15 ഓവറുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. അര്‍ദ്ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാനും വിരാട് കോഹ്ലിയും ചേര്‍ന്നാണ് ഇന്ത്യക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ധവാന് 68 റണ്‍സെടുത്തപ്പോള്‍ വിരാട് കോഹ്ലി 58 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശര്‍മ്മ 33 റണ്‍സെടുത്തു. സ്കോര്‍: ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റിന് 181. ഇന്ത്യ 35 ഒാവറില്‍ രണ്ട് വിക്കറ്റിന് 182.
നേരത്തെ ബൗളര്‍മാരും ഫീല്‍ഡര്‍മാരും നടത്തിയ ഉജ്ജ്വല പ്രകടനമാണ് ശ്രീലങ്കയെ 181 റണ്‍സില്‍ ഒതുക്കിയത്. 51 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസ് ലങ്കന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. മഹേല ജയവര്‍ദ്ധനെ 38 റണ്‍സുമെടുത്തു.
നാല് റണ്‍സ് എടുത്ത കുസാല്‍ പെരേരയെ റെയ്നയുടെ കയ്യില്‍ എത്തിച്ചുകൊണ്ട് ഭുവനേശ്വര്‍ കുമാറാണ് ലങ്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ പരിക്കു പറ്റി ദില്ഷന് 15 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി. സംഗക്കാരയേയും തിരിമാനയേയും റെയ്നയുടെ കയ്യില്‍ എത്തിച്ച് ഇഷാന്ത് ശര്‍മ്മ ശ്രീലങ്കയെ വീണ്ടും പ്രതിരോധത്തിലേക്ക് തള്ളിയിട്ടു. സംഗക്കാര 17 റണ്‍സും തിരിമന്നെ 7 റണ്‍സുമാണ് എടുത്ത്. 41ന് മൂന്ന് എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ലങ്കയെ പിന്നീട് ജയവര്‍ദ്ധനെയും നായകന് ആഞ്ചലോ മാത്യൂസും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരിച്ചുൃകൊണ്ടുവന്നത്. എന്നാല്‍ സ്കോര്‍ 119-ല്‍ എത്തിയപ്പോള്‍ 38 റണ്‍സെടുത്ത ജയവര്‍ദ്ധനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ബൗള്‍ഡായി.
പിന്നീട് മാത്യൂസും മെന്‍ഡിസും ചേര്‍ന്ന് ലങ്കന്‍ സ്കോര്‍ മുന്നോട്ട് നയിച്ചെങ്കിലും 158-ല്‍ എത്തിയപ്പോള്‍ ആഞ്ചലോ മാത്യൂസ് വീണു. അര്‍ദ്ധശതകം നേടി ബാറ്റ് ചെയ്യുകയായിരുന്ന മാത്യൂസിനെ അശ്വിന്റെ പന്തില്‍ ഭുവനേശ്വര്‍കുമാര്‍ പിടികൂടി. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റണ്ണൊന്നുമെടുക്കാതിരുന്ന തീസര പെരേരയും മടങ്ങി. ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ധവാന് പിടികൂടിയാണ് പെരേര മടങ്ങിയത്. സ്കോര്‍ 164-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത കുലശേഖരയെ അശ്വിന് ബൗള്‍ഡാക്കി. ലെഗ്സ്റ്റമ്പിന് പുറത്തേയ്ക്ക് പോയ പന്ത് അവിശ്വസനീയമായി തിരിഞ്ഞ് കുലശേഖരയുടെ ലെഗ്സ്റ്റമ്പ് പിഴുതെടുക്കുകയായിരുന്നു. വിശ്വസിക്കാന്‍ പാടുപെട്ട കുലശേഖര സ്റ്റാമ്പിങ്ങാണെന്ന ധാരണയില്‍ റിവ്യൂവിന് നല്കുകപോലും ചെയ്തു. അവസാന ഒാവറിലെ ആദ്യ പന്തില്‍ 25 റണ്‍സ് നേടിയ മെന്‍ഡിസിനെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റാമ്പ് ചെയ്തതോടെ ലങ്ക 8ന് 171 എന്ന നിലയിലായി. പിന്നീട് ദില്ഷന് (18 നോട്ടൗട്ട്) ക്രീസിലേക്ക് മടങ്ങിയെത്തി. മലിംഗ രണ്ട് പന്തില്‍ നിന്ന് 7 റണ്‍സുമായി പുറത്താകാതെ നിന്നു. ഇടയ്ക്ക് ഗ്ലൗസ് ഊരി ദിനേശ് കാര്‍ത്തികിന് നല്കി ധോനി ബൗളറായെങ്കിലും വിക്കറ്റ് കിട്ടിയില്ല. നാല് ഓവറുകള്‍ എറിഞ്ഞ ധോനി 17 റണ്‍സ് വിട്ടുകൊടുത്തു. മാത്യൂസിനെ ഇടയ്ക്ക് വിക്കറ്റിന് മുന്നില്‍ കുരുക്കിയെങ്കിലും റിവ്യൂവിന് കൊടുത്ത അമ്പയര്‍ തീരുമാനം പിന്നീട് തിരുത്തി. ഇഷാന്ത് ശര്‍മ്മ 33 റണ്‍സ് വഴങ്ങിയും അശ്വിന് 48 റണ്‍സ് വിട്ടുകൊടുത്തുമാണ് മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: