മരട്: മഴകനത്തതോടെ റോഡുകള്വെള്ളക്കെട്ടിലമര്ന്നതിനെ തുടര്‍ന്ന് ടാറിംഗ് പൊളിഞ്ഞിളകി റോഡ് തകരുന്നു. കൊച്ചി കോര്പ്പേറേഷന് പരിധിയിലേയും, സമീപ പ്രദേശങ്ങളിലേയും റോഡുകളാണ് കുഴികള്‍ രൂപപ്പെട്ട് താറുമാറായിത്തുടങ്ങിയിരിക്കുന്നത്. നഗരത്തിലെ എംജി റോഡ് ഒഴികെ മറ്റു പല പാതകളും തകര്‍ന്നു തുടങ്ങി. ബാനര്‍ജി റോഡിന്റെ ചിലഭാഗങ്ങളിലും കുഴികള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
തമ്മനം- പുല്ലേപ്പടി റോഡ്, വൈറ്റി-ഏരൂര്‍ കണിയാമ്പുഴറോഡ്, വൈറ്റില- തൃപ്പൂണിത്തുറ റോഡ് എന്നിവ തകര്‍ന്നുതുടങ്ങി. പൈപ്പിടാന്‍വേണ്ടി വെട്ടിപ്പൊളിച്ച തൃപ്പൂണിത്തുറ- നടക്കാവ് റോഡ് ടാറിംഗ് ചെയ്യാത്തിനാല്‍ സ്ഥിതി അതിവ ഗുരുതരമാണ്. മഴക്കാലത്തിനു മുമ്പ് പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നടപ്പാക്കിയില്ല. റോഡ് പൂര്‍ണ്ണമായും തകര്‍ന്നതിനെതുടര്‍ന്ന് വാഹനം ഗതാഗതം ദുസ്സഹമാണ്. വൈറ്റില, തമ്മനം, പാലാരിവട്ടം റോഡിന്റെ സ്ഥിതിയും ദയനീയമാണ്. പലഭാഗങ്ങളും പൊളിഞ്ഞിളകി കുണ്ടും കുഴിയും രൂപപ്പെട്ടിരിക്കുകയാണ്.
മാലിന്യങ്ങള്‍ നിറഞ്ഞ് കാനകള്‍ നീരൊഴുക്ക് നിലച്ച് വെള്ളം ഉയര്‍ന്ന് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് വ്യാപകമായിട്ടുണ്ട്. നഗരസഭ, പിഡബ്ല്യുഡി, എന്‍എച്ച്, എന്‍എച്ച്എഐ തുടങ്ങി നാലും അഞ്ചും അവകാശികളാണ് റോഡുകള്‍ക്കുള്ളത്. അതിനാല്‍തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ മടിക്കുന്ന ഇവര്‍ പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ലക്ഷങ്ങള്‍ മുടക്കി രണ്ടുവര്‍ഷം മുമ്പ് മോടി പിടിപ്പിച്ച ഫുട്പാത്തുകള്‍ വ്യാപകമായി വെട്ടിപ്പൊളിച്ചു. മഴക്കാലത്തിനുമുമ്പ് കാനകള്‍ വൃത്തിയാക്കാന്‍ സ്ലാബുകള്‍ ഉയര്‍ത്തുവാനാണ് ലക്ഷങ്ങള്‍ മുടക്കി വെട്ടിപ്പൊളിച്ചത്. എംജിറോഡിന്റെ പലഭാഗത്തും ഫുട്പാത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നതും കാല്നാടക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
ആലുവ: വെളിയത്തുനാട് പരുവക്കാട് പ്രദേശത്ത് വെള്ളകെട്ടില്‍ അകപ്പെട്ട 21 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തൊണ്ണൂറ്റാറ് കണ്ടത്തില്‍ അയ്യപ്പന്, ശിവന്, നസീര്‍, കാസീം, പരീത് പിള്ള തുടങ്ങിയവരുടെ വീടുകളടക്കം 21 കുടുംബങ്ങളെയാണ് വെളിയത്തുനാട് എംഐ യുപി സ്കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. പറവൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതികള്‍ വിലയിരുത്തിയതിനുശേഷമാണ് നടപടി സ്വീകരിച്ചത്. ഇവര്‍ക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളിലെതാഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തിലാണ്.പെരുമ്പാവൂര്‍: കാലവര്‍ഷമായാലും തുലാവര്‍ഷമായാലും മഴയൊന്നുകനത്ത് പെയ്താല്‍ മുടിക്കരായി റോഡില്‍ നാട്ടുകാര്‍ക്ക് മുങ്ങിക്കുളിക്കാവുന്ന അവസ്ഥയാണ്. കേരളത്തിലെ പ്രധാന റോഡുകളിലൊന്നായ ആലുവ-മൂന്നാര്‍ റോഡില്‍ പെരുമ്പാവൂര്‍- കോതമംഗലം റൂട്ടിലാണ് ഈ ദുരവസ്ഥയുള്ളത്. ഇവിടെ മുടിക്കരായി പള്ളിക്ക് മുന്നിലാണ് റോഡ് പുഴയായി ഒഴുകുന്നത്. കാലങ്ങളായി ഈ പ്രദേശത്ത് ഇതേ അവസ്ഥതുടരുകയാണ്. റോഡിന് ഇരുവശവും കാനകള്‍ ഇല്ലാത്തതിനാലും രണ്ട് വശങ്ങളിലും മതിലുകള്‍ ഉയര്ത്തികെട്ടിയിരിക്കുന്നതിനാലും മഴ ശക്തമായാല്‍ വെള്ളം ഒഴുകുന്നതിന് സ്ഥലമില്ലാത്ത അവസ്ഥയിലാണ് ഈ പ്രദേശം.
മുടിക്കരായിയിലുള്ള എല്‍പി സ്കുളും നഴ്സറിയും അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി ദിവസേന ഇതുവഴി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് യാത്രചെയ്യുന്നത്. മറ്റുള്ള വഴിയാത്രക്കാരും ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ക്കും വെള്ളക്കെട്ടിലൂടെയുള്ളയാത്ര ദുഷ്കരമാവുകയാണ്. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ഇത്തരം വലിയ വാഹനങ്ങള്‍ വേഗതയില്‍ വരുമ്പോള്‍ എതിര്‍വശത്ത് കൂടി പോകുന്ന ചെറിയ വാഹനങ്ങളിലെ യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നതും ഇവിടെ പതിവാണെന്ന് യാത്രക്കാര്‍ പറയുന്നു.
എന്നാല്‍ റോഡിന്റെ വടക്ക് വശത്തുണ്ടായിരുന്ന കാനസ്വകാര്യവ്യക്തി കോണ്‍ക്രീറ്റ് ചെയ്ത് മൂടികളഞ്ഞതാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലൂടെ ഒഴുകുന്ന ചെളികലര്‍ന്ന മലിനജലം രായമംഗലം പഞ്ചായത്തിലെ കുടിവെള്ള സ്ത്രാതസ്സായ മുളപ്പന്‍ ചിറയിലേക്കാണെത്തിച്ചേരുന്നത്. ഇവിടെ നിന്നുമാണ് പലഭാഗത്തേക്കും കുടിവെള്ളം പമ്പ് ചെയ്തെത്തിക്കുന്നത്. ഈ ദുരവസ്ഥമാറ്റാന്‍ ഭരണകര്‍ത്താക്കള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും മുടിക്കരായിയിലെ വെള്ളക്കെട്ടിന് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: