പെരുമ്പാവൂര്‍: കോണ്‍ഗ്രസിലെ അധികാര വടംവലിയുടെ ഭാഗമായി ജില്ലാകോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റിന്റെ അന്ത്യശാസന പ്രകാരം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവച്ചു. എന്നാല്‍ ഡിസിസി പ്രസിഡന്റിന്റെ അന്ത്യശാസനം കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് പുല്ലുവില കല്പിച്ച് തള്ളിക്കളയുകയും ചെയ്തു. ഭരണകാലാവധിയുടെ പകുതി കാലയളവ് പിന്നിടുമ്പോള്‍ രാജിവയ്ക്കണമെന്ന വ്യവസ്ഥയില്മേലാണ് ഇവിടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഏറ്റെടുത്തത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇവര്‍ രാജിവക്കേണ്ടിയിരുന്നത്. എന്നാല്‍ അത് ചെയ്യാതിരുന്നതിനാലാണ് ഡിസിസി പ്രസിഡന്റ് അന്ത്യശാസനം പുറപ്പെടുവിച്ചതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ 15ന് മുമ്പ് നിര്‍ബന്ധമായും രാജിവച്ചൊഴിയണമെന്ന ഡിസിസി പ്രസിഡന്റ് വി.ജെ.പൗലോസിന്റെ നിര്‍ദ്ദേശമനുസരിച്ച് വൈസ് പ്രസിഡന്റ് മേരീഗീതാ പൗലോസ് രാജിവച്ചെങ്കിലും കോണ്‍ഗ്രസ് ഐ വിഭാഗക്കാരനായ പ്രസിഡന്റ് പോള്‍ഉതുപ്പ് രാജിവക്കുവാന്‍ തയ്യാറായില്ല. കെപിസിസി നേതൃത്വം എടുത്ത തീരുമാനമനുസരിച്ചാണ് ഇവരെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാക്കിയതെന്നും കാലാവധി തീര്‍ന്നതിനാല്‍ രാജിവയ്ക്കണമെന്നുമായിരുന്നു വി.ജെ.പൗലോസിന്റെ നിര്‍ദ്ദേശം. ഇതാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുകൂടിയായ പോള്‍ ഉതുപ്പ് ധിക്കരിച്ചിരിക്കുന്നത്.
കൂവപ്പടിയില്‍ പുതിയ പ്രസിഡന്റായി എ വിഭാഗക്കാരനായ റെജിഇട്ടൂപ്പിനെ നിയമിക്കുന്നതിനാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ പോള്‍ഉതുപ്പ് രാജിവക്കാത്തതിനാല്‍ പെരുമ്പാവൂരില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും ഉടലെടുക്കുമെന്നത് ഉറപ്പായിരിക്കുകയാണ്. പുതിയ വൈസ് പ്രസിഡന്റായി എ വിഭാഗത്തിലെ വനജബാലകൃഷ്ണനെയാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാഴക്കുളം ബ്ലോക്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലീം ലീഗും അവകാശ വാദം ഉന്നയിക്കുമെന്നാണറിയുന്നത്. അങ്ങിനെ വന്നാല്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകും. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ഇനിയുള്ളകാലം ഭരണ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് പൊതുജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: