ബ്രസീലിയ: കോണ്‍ഫെഡറേഷന്‍ കാപ്പിലെ ഹോട്ട് ഫേവറിറ്റുകളായ സ്പാനിഷ് ചെമ്പട ചരിത്രം കുറിക്കാനുള്ള നിയോഗവുമാണ് ബ്രസീലിലെത്തുന്നത്. തുടര്‍ച്ചയായി രണ്ട് യൂറോ കപ്പും ഒരു തവണ ലോക കപ്പും സ്വന്തമാക്കിയ സ്പാനിഷ് ചെമ്പട കോണ്‍ഫെഡറേഷന്‍ കാപ്പിലും മുത്തമിട്ടാല്‍ അതൊരു ചരിത്ര സംഭവമായി മാറും. മറ്റൊരു രാജ്യത്തിനും ഇതുവരെ കഴിയാത്ത ഈ അസുലഭനേട്ടം സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് വിന്‍സെന്റ് ഡി ബോസ്ക്കിന്റെ ശിക്ഷണത്തിലിറങ്ങുന്ന സ്പെയിനിനുള്ളത്. കിരീടം നേടിയാല്‍ ഒരു റെക്കോര്‍ഡിന് ടീം ക്യാപ്റ്റനും ലോകോത്തര ഗോളിയുമായ ഇകര്‍ കസീയസും സ്വന്തമാക്കും. തുടര്‍ച്ചയായ നാല് ലോകോത്തര കിരീടം ഏറ്റുവാങ്ങുന്ന നായകനെന്ന ബഹുമതിയാണ് കസിയസിനെ കാത്തിരിക്കുന്നത്. സ്പെയിനിന്റെ രണ്ട് യൂറോകപ്പിലും ലോകകപ്പിലും നായക വേഷം കസിയസിനായിരുന്നു. പുലര്‍ച്ചെ 3.30ന് നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് തത്സമയം സംപ്രേഷണം ചെയ്യും.
ലോകത്തെ ഏറ്റവും മികച്ച രണ്ട് ക്ലബുകളായ ബാഴ്സലോണയുടെയും റയല്‍ മാഡ്രിഡിന്റെയും താരങ്ങളാണ് ടീമില്‍ അണിനിരക്കുന്നവരില്‍ ഭൂരിഭാഗവും. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരായ സാവി, ഇനിയേസ്റ്റ, ജാവിയര്‍ മാര്‍ട്ടിനെസ്, സാന്റി കാസറോള തുടങ്ങിയവര്‍ മധ്യനിരയില്‍ അണിനിരക്കുമ്പോള്‍ അറ്റാക്കിങ്ങ് മിഡ്ഫീല്ഡറുടെ റോളില്‍ എതിര് വല കുലുക്കുക എന്ന ലക്ഷ്യത്തോടെ 10-ാം നമ്പര്‍ താരം സെസ് ഫാബ്രഗസിനൊപ്പം ഡേവിഡ് വിയയും ചെല്‍സിയുടെ ഫെര്‍ണാണ്ടോ ടോറസും അണിനിരക്കും. മധ്യനിരയില്‍ സാവിക്കും ഇനിയേസ്റ്റക്കുമൊപ്പം തകര്ത്തുകളിക്കേണ്ട സാബി അലോണ്‍സോയുടെ അഭാവം മാത്രമാണ് സ്പെയിനിനെ നേരിയ ആശങ്കയിലാഴ്ത്തുന്നത്. സ്ട്രൈക്കറുടെ റോളില്‍ കളിക്കാന്‍ ഡേവിഡ് വിയ എന്ന പ്രതിഭാധനനുമുണ്ട്. അതുപോലെ മികച്ച പ്രതിരോധനിരയും കാളക്കൂറ്റന്മാര്ക്ക് സ്വന്തമാണ്.
മറുവശത്ത് ഉറുഗ്വെയും കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായാണ് കോണ്‍ഫെഡറേഷന്‍ കപ്പിന് യോഗ്യത നേടിയിരിക്കുന്നത്. അര്‍ജന്റീനയുടെ സ്വപ്നങ്ങള്‍ തകര്‍ത്താണ് കഴിഞ്ഞ കോപ്പ അമേരിക്ക ഉറുഗ്വെ സ്വന്തമാക്കിയത്. ഉറുഗ്വെയുടെ രണ്ടാം കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പാണിത്. ഇതിന് മുമ്പ് 1997-ലാണ് അവര്‍ ടൂര്‍ണമെന്റില്‍ കളിച്ചത്. അന്ന് നാലാം സ്ഥാനത്തായിരുന്നു. സ്പാനിഷ് ടീം മലാഗയുടെ പ്രതിരോധനിരയിലെ കരുത്തന് ഡിയേഗോ ലുഗാനോ നയിക്കുന്ന ടീമിലെ സൂപ്പര്‍താരങ്ങള്‍ ഡീഗോ ഫോര്‍ലാനും ലൂയി സുവാരസുമാണ്. കരുത്തുറ്റ പ്രതിരോധനിരക്ക് പുറമെ ഭേദപ്പെട്ട മധ്യനിരയും ഉറുഗ്വെക്കുണ്ട്.
അപരാജിതമായ 22 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് സ്പെയിന് ടൂര്‍ണമെന്റിനെത്തുന്നത്. 17 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ പിരിഞ്ഞു. ലോക ഫുട്ബോളില്‍ സ്പെയിന്റെ അവസാന പരാജയം 2011 നവംബറില്‍ ഇംഗ്ലണ്ടിനെതിരെയാണ്. അതിനുശേഷം ഇന്നുവരെ ടീം പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ല. ഉറുഗ്വെക്കെതിരെ ഒരിക്കല്‍ പോലും സ്പാനിഷ് ചെമ്പട പരാജയം രുചിച്ചിട്ടില്ല. ഒമ്പത് മത്സരങ്ങള്‍ കളിച്ചതില്‍ നാലെണ്ണം വിജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയത് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. ദോഹയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്പെയിന് വിജയം സ്വന്തമാക്കി. കഴിഞ്ഞ യൂറോകപ്പ് ജേതാക്കളായ ടീമിലെ 19 അംഗങ്ങളെയാണ് കോച്ച് ഡെല്‍ബോസ്ക് ഇത്തവണത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കണക്കുകളിലെ മേല്‍കൈ സ്പെയിനിന് ഇന്നത്തെ പോരാട്ടത്തിലും നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ഉറുഗ്വെയെ താഴ്ത്തിക്കെട്ടാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: