ബ്യൂണസ് അയേഴ്സ്: ദേശീയ ടീമിനായുള്ള ഗോള്‍വേട്ടയില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി സാക്ഷാല്‍ ഡീഗോ മറഡോണയെ മറികടന്നു. ഗ്വാട്ടിമാലക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഹാട്രിക്ക് നേടിയാണ് മെസ്സി മറഡോണയെ മറികടന്നത്. കഴിഞ്ഞയാഴ്ച ലോകകപ്പ് യോഗ്യതക്കായുള്ള രണ്ട് മത്സരങ്ങളില്‍ പകരക്കാരുടെ ബഞ്ചിലിരുന്ന സൂപ്പര്‍താരം ലയണല്‍ മെസ്സി ആദ്യ ഇലവനില്‍ തിരിച്ചെത്തി തകര്‍പ്പന്‍ ഹാട്രിക്കുമായാണ് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ഗോള്‍വേട്ടയില്‍ പിന്നിലാക്കിയത്. ഇന്നലെ ഗ്വാട്ടിമാലക്കെതിരെ നടന്ന സൗഹൃദമത്സരത്തിലാണ് സൂപ്പര്‍താരം ഹാട്രിക്ക് കരസ്ഥമാക്കിയത്. മെസ്സിയുടെ കരുത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് അര്‍ജന്റീന ഗ്വാട്ടിമാലയെ കീഴടക്കി.
പരിക്കിനെ തുടര്‍ന്ന് കൊളംബിയക്കും ഇക്വഡോറിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളലാണ് സൂപ്പര്‍താരം സൈഡ് ബെഞ്ചിലിരുന്നത്. ഗ്വാട്ടിമാലക്കെതിരായ മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റില്‍ തന്നെ താരം ടീമിനെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ഏരിയയ്ക്ക് പുറത്ത്വെച്ച് താരം തൊടുത്ത ഇടങ്കാലനടി വലയില്‍ എത്തുകയായിരുന്നു. പിന്നീട് 35-ാം മിനിറ്റില്‍ അഗസ്റ്റോ ഫെര്‍ണാണ്ടസിലൂടെ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. മെസിയുടെ ക്രോസില്‍ തല വെയ്ക്കുകയായിരുന്നു. അഞ്ച് മിനിറ്റിനുശേഷം ലഭിച്ച പെനാല്‍റ്റി മെസ്സി വലയിലെത്തിച്ചതോടെ ഗോള്‍വേട്ടയില്‍ മറഡോണക്കൊപ്പമെത്തി. പിന്നീട് 49-ാം മിനിറ്റില്‍ മെസ്സി തന്റെ മൂന്നാം ഗോള്‍ നേടി ഹാട്രിക് തികച്ചതോടെ ഗോളുകളുടെ എണ്ണത്തില്‍ മറഡോണയെ മറികടന്നു. ദേശീയ ടീമിനായി മെസ്സിയുടെ 35-ാം ഗോളായിരുന്നു. തന്റെ 82-ാം മത്സരത്തിലാണ് മെസ്സി മറഡോണയെ മറികടന്നത്. 91 കളികളില്‍ നിന്നാണ് മറഡോണ 34 ഗോളുകള്‍ നേടിയത്. ഇതോടെ 64 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകള്‍ നേടിയ ഹെര്‍നന്‍ ക്രെസ്പോക്ക് ഒപ്പമെത്തുകയും ചെയ്തു. 56 ഗോളുകള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ് ഗോള്‍വേട്ടക്കാരിലെ മുമ്പന്‍. രാജ്യത്തിനായി മെസ്സിയുടെ മൂന്നാം ഹാട്രിക്ക് ആയിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം സ്വിറ്റ്സര്‍ലന്റിനും ബ്രസീലിനും എതിരേയാണ് മെസ്സി ഇതിന് മുന്‍പ് ഹാട്രിക്ക് സ്വന്തമാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: