സാധാരണ വീടുപണിയുമ്പോള്‍, അല്ലെങ്കില്‍ കെട്ടിടം പണി നടക്കുമ്പോള്‍ അവിടെ കണ്ണേറ് കൊള്ളാതിരിക്കാന്‍ ഒരു സൂത്രം ഒപ്പിച്ചു വെക്കാറുണ്ട്. എന്തെങ്കിലും വികൃതരൂപം ഉണ്ടാക്കിവെക്കുക, അത്തരം ചിത്രം പാളയിലോ മറ്റോ വരച്ചുവെക്കുക, കള്ളിമുള്ള് തൂക്കിയിടുക ഇത്യാദി. നാട്ടുമ്പുറത്തും നഗരത്തിലും ഇതിന് ഇതുവരെ ഉടവ് വന്നിട്ടില്ല. ഇതില്‍ യുക്തിയുണ്ടോ എന്നു ചോദിക്കരുത്. വിശ്വാസം, അതല്ലേ എല്ലാം. ഏറ്റവും ചുരുങ്ങിയത് നാലുപേര്‍ താമസിക്കാന്‍ പോകുന്ന വീടിന്റെ നിര്‍മ്മിതിക്ക് ഇമ്മാതിരിയൊരു സാധനം വേണമെങ്കില്‍ നാട്ടിലുള്ള കുറച്ചാളുകള്‍ വായിക്കുന്ന പത്രത്തിനും ഇത് ആവശ്യമാണല്ലോ. തീവ്രവാദം മനോഹരമായി പൊതിഞ്ഞുവെച്ച് പുറമെ ചിരിയ്ക്കുന്ന ഒരു പത്രവും ഇമ്മാതിരിയൊരു സാധനം ഒരുക്കിവെച്ചിരിക്കുന്നു. എല്ലാ തിങ്കളാഴ്ചയും കണ്ണേറ് ആയി അതില്‍ കലിപടിച്ചു കിടക്കുന്നു. എഴുതുന്നത് ഒരു കണ്ണന്. ആര്‍എസ്എസ്, ബിജെപി, എന്‍എസ്എസ്, എസ്എന്‍ഡിപി എന്നിവ ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ക്കുനേരെ ആയിരം വിഷനാവുകളായി ദംശനവ്യഗ്രതയോടെ മുസ്ലിം തീവ്രവാദ ശക്തികള്‍ രംഗത്തുണ്ട്. അത് കണ്ണേറായും കാലേറായും വരും. അതിനെ പ്രതിരോധിച്ചു നിര്‍ത്താന്‍ കനത്ത പരിചയുമായി ഒരഭിഭാഷകന് നില്ക്കുന്നുവെങ്കില് അദ്ദേഹത്തെ എങ്ങനെയും തകര്‍ക്കലാണ് പ്രധാന അജണ്ട. ആ അജണ്ട ഇത്തവണ കണ്ണന് വകയാണ്.
മേപ്പടി കണ്ണന് ശരിക്കും പറഞ്ഞാല്‍ ഓന്തിന്റെ സ്വഭാവം സ്വായത്തമാക്കിയ വിദ്വാന്. കണ്ണേറായും പ്രതി/ച്ഛായയായും ഷഹീദായും മാറി മാറി അങ്കംവെട്ടും. ഇടയ്ക്ക് ഇരുതലവാള്‍, പച്ചവാള്, ചുവന്നവാള് ഇവയൊക്കെ തരാതരം സ്റ്റോക്കുണ്ട്. ബാങ്കിന്റെ മനശ്ശാസ്ത്രം അറിയുന്നതിനാല്‍ കണക്കില്‍ അഗ്രഗണ്യന്‍. വിദ്വാന് ചിലര്‍ക്ക് വിലയിട്ടു കഴിഞ്ഞാല്‍ അതില്‍ മാറ്റം വരുത്തില്ല. പത്ര നടത്തിപ്പുകാരുടെ മനസ്സറിഞ്ഞ് (ശരിക്കറിയാറില്ല എന്നത് സ്വകാര്യം) പെരുമാറാനുള്ള മെയ്വഴക്കവും കൈത്തഴക്കവും ഉള്ളതിനാല്‍ തടികേടാകാതെയിരിക്കുന്നു. പ്രതി/ച്ഛായ ഒരു പത്രത്തിലെഴുതി മറുപടി വേറൊരു പത്രത്തില്‍. അരേവാ, കണ്ണാ വാ.
എട്ടുകാലി മമ്മൂഞ്ഞുമാരുടെ വികൃതികള്‍ (തേജസ്സ് ജൂണ്‍ 10) എഴുതിയ കണ്ണന് പക്ഷേ, സ്ഥലകാലബോധം തീരെ നഷ്ടപ്പെട്ടു. എഴുതുന്നതിനു മുമ്പ് ഇത്തിരി വീട്ടുപണി നടത്തിയിരുന്നെങ്കില്‍ കുഴഞ്ഞുവീഴില്ലായിരുന്നു. ചങ്ങനാശ്ശേരിയിലെ മണിച്ചേട്ടന് നേതൃത്വം നല്കുന്ന സംഘടനയ്ക്കുവേണ്ടി ലീഗിന്റെ പത്രത്തിന് പ്രഗത്ഭനായ അഭിഭാഷകന് (ഈ വിശേഷണവും കണ്ണേര്കാരന്റെ പത്രം വക) നോട്ടീസ് അയച്ചതാണ് വിഷയം. മേപ്പടി അഭിഭാഷകന് എല്ലാ വിഭാഗം ജനങ്ങളെയും സ്നേഹിക്കുന്നു, അവരുടെ ചടങ്ങുകള്‍ക്ക് എത്തുന്നു, മുമ്പില്‍ സ്ഥാനം കിട്ടുന്നു… അപ്പപ്പാ, ഒന്നും പറയണ്ട. അസൂയപ്പെട്ടിട്ട് കാര്യമില്ല കണ്ണാ. കഴിവും കരുത്തും കാരുണ്യവുമുള്ളവനെ തിരിച്ചറിയാന്‍ കഴിവുള്ളവര്‍ ഇന്നാട്ടിലും മറുനാട്ടിലുമുണ്ടെന്ന് ബോധ്യമായില്ലേ?
ഇനി കണ്ണന്റെ പ്രശ്നമതല്ല. നായന്മാരുടെ കേസ് ആയതുകൊണ്ടാണ് ശ്രീധരന്‍പിള്ള ആ കേസ് എടുത്തതെന്ന ഒരു കണ്ണേര്പത്ര മ്ലേച്ഛതയും കെട്ടി എഴുന്നള്ളിച്ചിട്ടുണ്ട്. പരാമര്‍ശിത പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, കോളമെഴുത്തുകാരന് അബ്ദുള്ള; എസ്എന്‍ഡിപി യോഗം, സിപിഎം നേതൃത്വം, യുഡിഎഫ് അങ്ങനെയങ്ങനെ ഒട്ടേറെപ്പേര്ക്കുവേണ്ടി കേസ് നടത്തുന്ന അഭിഭാഷകനെ എന്തിന്റെ പേരിലായാലും അവഹേളിക്കാന്‍ കണ്ണന് ആയിട്ടില്ല. വിവിധ പേരില്‍ കുക്ഷി നിറയ്ക്കാനുള്ള പണിയല്ല പ്രസ്തുത അഭിഭാഷകന് നടത്തുന്നത്. ചങ്കുറപ്പോടെയും കാരുണ്യത്തോടെയും വ്യക്തമായ കാഴ്പ്പാടോടെയും തന്റെ ജോലിയുടെ മാന്യതക്കൊത്തവണ്ണമാണ് അദ്ദേഹം പെരുമാറുന്നത്. കോടതിയിലായാലും സ്നേഹിതന്റെ ഉമ്മറത്തായാലും അദ്ദേഹത്തിന് തനിമയുള്ള ഒറ്റ വ്യക്തിത്വമേയുള്ളൂ. ഓന്ത്പരമുമാര് അതു കാണാതെ എന്തെങ്കിലും എഴുന്നെള്ളിച്ചാല്‍ അത് കേട്ട് തലകുലുക്കാന്‍ സ്വന്തം പക്ഷത്തുപോലും ആരുമുണ്ടാവില്ല. ഇനി മാനനഷ്ടക്കേസിനെക്കുറിച്ചാണെങ്കില്, അതൊന്നുമില്ലാത്ത കണ്ണന്മാര് നിലാവത്ത് ചില വിദ്വാന്മാര് ആകാശത്തേക്കു നോക്കി അരിശം കൊള്ളുന്നതുപോലെയേ ഉള്ളൂ.
കണ്ണേറ് തട്ടാതിരിക്കാന്‍ വീടുപണി നടക്കുന്നിടത്ത് വെക്കുന്ന സാധനം പാലുകാച്ച് കഴിഞ്ഞാല്‍ കുപ്പത്തൊട്ടിയിലായിരിക്കും എന്ന് പറഞ്ഞ് തരേണ്ട കാര്യമുണ്ടോ കണ്ണാ. എട്ടുകാലി മമ്മൂഞ്ഞുമാരുടെ വികൃതികള്‍ എന്നാണല്ലോ കണ്ണന്റെ കസര്‍ത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. സ്വയം എട്ടുകാലി മമ്മൂഞ്ഞായ സ്ഥിതിക്ക് വെറുതെയെന്തിനീ പരിദേവനം?
പ്രിയ കാലികവട്ടം വായനക്കാരെ, അവസാനിപ്പിക്കുന്നിതിനു മുമ്പ് കണ്ണേറുകാരന്‍ കണ്ണനും അതേ മാനസിക നിലവാരംള്ള അല്പം ചില ക്ഷുദ്രജീവികള്‍ക്കും വേണ്ടി വസ്തുതകളുടെ മഹാഭണ്ഡാരത്തില്‍ നിന്ന് അല്പം ചിലതു കുറിക്കട്ടെ; സദയം ക്ഷമിച്ചാലും. കണ്ണന് പരാമര്‍ശിച്ച അഭിഭാഷകന്റെ കേസ് ജീവിതത്തില്‍ നിന്ന്:
ഒന്ന്: രണ്ട് ദശകം മുമ്പ് അന്നത്തെ എസ്എന്‍ഡിപി കൊയിലാണ്ടി, തിരുവമ്പാടി ഘടകങ്ങള്‍ക്കായി കേസ് നടത്തി. എസ്എന്‍ഡിപി സംസ്ഥാന സെക്രട്ടറിക്കുവേണ്ടിയായിരുന്നു ഹാജരായത്.
രണ്ട്: പൊന്നാനിയില്‍ കെപിസിസി സെക്രട്ടറി ഉള്‍പ്പെടെ കോണ്ഗ്രസ്സുകാര് പ്രതികളായ കൊലക്കേസില്‍ ഹൈക്കോടതിയില്‍ വാദിച്ചു.
മൂന്ന്: തേജസിന്റെ എക്സി. എഡിറ്റര്‍ കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറി (എന്‍.പി. ചെക്കുട്ടി)യായിരുന്നപ്പോള്‍ അദ്ദേഹം ഏല്‍പ്പിച്ച കേസ് വാദിച്ചു.
നാല്: കോഴിക്കോട്ടെ പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും പ്രസ്ക്ലബിനുവേണ്ടിയും സിവിലും ക്രിമിനലുമായ കേസ് നടത്തിവരുന്നു.
അഞ്ച്: കീയൂഡബ്ല്യുജെ (പത്രപ്രവര്‍ത്തകരുടെ സംഘടന) സംസ്ഥാന പ്രസിഡന്റിനും ജന. സെക്രട്ടറിക്കും വേണ്ടി രിസാല മാസിക (കാന്തപുരം)ക്കെതിരെ കേസ് നടത്തുന്നു.
ആറ്: കീയൂഡബ്ല്യുജെ ഏല്‍പ്പിച്ചതനുസരിച്ച് മാധ്യമം ഫോട്ടോഗ്രാഫര്‍ ഹാരിസ് കുറ്റിപ്പുറത്തിനുവേണ്ടി കേസ് നടത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ഏഴ്: സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിനുവേണ്ടി ഹൈക്കോടതിയില്‍ കേസ് നടത്തി അവര്‍ക്കുള്ള പെന്ഷന് തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ചു.
എട്ട്: തിരുകേശവിവാദത്തില്‍ കാന്തപുരം വിഭാഗത്തിനെതിരെയുള്ള മാനനഷ്ട നടപടിയില്‍ തേജസിലെ കോളമിസ്റ്റ് ഒ.അബ്ദുള്ളയുടെ അഭിഭാഷകന്.
ഒമ്പത്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുവേണ്ടി കേസുകള്‍ നടത്തിവരുന്നു.
പത്ത്: കൊച്ചിന് യൂണി. കാമ്പസില്‍ കെഎസ്യു സംസ്ഥാന സെക്രട്ടറിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ എസ്എഫ്ഐ നേതാക്കള്‍ക്ക് പരീക്ഷയെഴുതാന്‍ റിട്ട് ഹര്‍ജി ഫയലാക്കി ഉത്തരവുവാങ്ങിക്കൊടുത്തു.
ഉപദംശം: കേരളത്തിലെ മുഴുവന്‍ ജില്ലാ കോടതികളിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹാജരാകുന്നു ഈ അഭിഭാഷകന്. ഇതെല്ലാം ഏതെങ്കിലും ജാതി-മത സങ്കുചിത വീക്ഷണഗതിയുടെ അടിസ്ഥാനത്തിലാണെന്ന് പറയുമോ കണ്ണാ, കണ്ണന്റെ ഒത്താശക്കാരേ? അഭിഭാഷകന്റെ പ്രവര്‍ത്തന പദ്ധതിയുടെ ഉള്ളിന്റെയുള്ളില്‍ കിടക്കുന്ന രഹസ്യമെന്താണെന്ന് ഒരു വര്‍ഷം മുമ്പും കണ്ണന് ചോദിച്ചിരുന്നു. അതിങ്ങനെ: പിള്ള വക്കീലിനോട് കണ്ണന് ഏതായാലും ഒരപേക്ഷയുണ്ട്. ഒരേസമയം, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകവും മുസ്ലിം സംഘടനകളുടെ പ്രണയപാത്രവുമാവാന് സാധിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണെന്ന് ഒന്നു പറഞ്ഞുതരണം, സാര്‍. ഇത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലായില്ലെങ്കില്‍ ഇതാ ഈ മൂന്നു നാലു വാക്കുകളില്‍ അത് അവസാനിപ്പിക്കാം. ഹൃദയം നിറയെ ശാന്തസമുദ്രത്തിന്റെ കാരുണ്യം, കരളില്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ കരിമ്പാറ ദാര്‍ഢ്യം, പ്രവൃത്തിയില്‍ സുതാര്യത, പെരുമാറ്റത്തില്‍ നിലാവിന്റെ നിറവ്! അമൃതിലും നഞ്ഞു കലക്കിയേ അടങ്ങൂ എന്ന വാശിയിലാണ് കണ്ണേറുകാര് പോകുന്നതെങ്കില്‍ ജോര്‍ജ് വാഷിങ്ങ്ടണ്‍ കാര്‍വര്‍ പറഞ്ഞത് ഒരാവര്‍ത്തി വായിച്ച് അല്പനിമിഷം പ്രപഞ്ചനാഥനെ സ്മരിക്കുക. എല്ലാം ദൈവത്തിലാശ്രയിച്ചാണ് എന്നതുപോലെ പ്രാര്‍ത്ഥിക്കുക. എല്ലാം നിങ്ങളില്‍ ആശ്രയിച്ചാണ് എന്നതുപോലെ പ്രവര്‍ത്തിക്കുക. നന്ദി, നമസ്കാരം.
കെ.മോഹന്‍ദാസ്
തൊട്ടുകൂട്ടാന്‍
നിനക്കുള്ള കടം
വീട്ടാന്‍ മറന്നുവെങ്കിലും
എനിക്കു നല്കുവാന്
മറന്നതെന്തെന്നു
മനസ്സിലന്നന്നേ
കുറിച്ചിട്ടുണ്ട് ഞാന്‍.
-രാജേന്ദ്രന് വയല
കവിത: കടം
പവിത്രഭൂമി മാസിക (ജൂണ്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: