പുനലൂര്‍: പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ടശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. എറണാകുളം അയ്യന്പുഴ വീട്ടുങ്കല്പടിയില് ബിനീഷ്(35), പത്തനംതിട്ട തണ്ണിത്തോട് പ്ലാവിള വടക്കതില്‍ വീട്ടില്‍ റാണി(32)എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാനപ്പെട്ട പ്രതികളായ ഇവരെ ഒറ്റപ്പാലത്തുനിന്നാണ് പുനലൂര്‍ പോലീസ് പിടികൂടിയത്. അഞ്ചുമാസംമുമ്പ് മുസാവരിക്കുന്ന് സുനിതാകോട്ടേജില് സുനിതയുടെ വീട്ടില്‍കയറിയ സംഘം പട്ടാപ്പകല്‍ സുനിതയെ കട്ടിലില്‍ കെട്ടിയിടുകയും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തശേഷം സ്വര്‍ണ്ണമാലയും വളകളും തട്ടിയെടുക്കുകയായിരുന്നു. കാറിലെത്തിയ അഞ്ചംഗസംഘമാണ് ഉച്ചക്ക് പന്ത്രണ്ടിനോടെ വീട്ടമ്മയെ ആക്രമിച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. കാറില്‍ നിന്ന് ആദ്യം ഇറങ്ങിയത് റാണിയാണ്. റാണി വീടിനുള്ളില്‍ കയറി സുനിതയുമായി സംസാരിച്ചുകൊണ്ടിരിക്കെ കാറിലുണ്ടായിരുന്നവരും വീടിനകത്തേക്ക് കയറി.പിന്നീടാണ് ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ അക്രമികള്‍ കീഴ്പ്പെടുത്തിയത്.
സംഘത്തിലുണ്ടായിരുന്ന സ്ത്രീയും കൂടി ചേര്‍ന്നാണ് ബലപ്രയോഗം നടത്തിയത്. വീട്ടില്‍ സമയത്ത് സുനിത മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ ആസൂത്രിതമായാണ് പ്രതികള്‍ ഈ വീട്ടില്‍ തന്ത്രപരമായി കയറിയത്. കേസിലെ പ്രധാന പ്രതിയായ ബിനീഷ് നിരവധി വാഹനമോഷണക്കേസുകളില്‍ പ്രതിയാണ്. ഒരുവര്‍ഷമായി റാണിയോടൊപ്പമായിരുന്നു താമസം. ബിനീഷിന് ഒറ്റപ്പാലത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട്. റാണിയും വിവാഹിതയാണ്.
അക്രമിക്കള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. പുനലൂര്‍ പോലീസ് മഫ്ത്തിയില്‍ ഒറ്റപ്പാലത്ത് നടത്തിയ തിരച്ചിലിലാണ് പ്രതികലെ പിടികൂടിയത്. ഒറ്റപ്പാലത്തുള്ള ഒരു ബ്രോക്കറെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.തമിഴ്നാട്ടിലെ തിരുപ്പൂര്‍, മധുര, തേനി എന്നിവിടങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ ബിനീഷ് പ്രതിയാണ്. അന്തര്‍സംസ്ഥാ ന മോഷണസംഘത്തില്പ്പെട്ടയാളാണ് ഇയാളെന്ന് പുനലൂര്‍ ഡി.വൈ.എസ്.പി കെ.എല്‍. ജോണ്‍കുട്ടി അറിയിച്ചു.
സംഘത്തില്‍പ്പെട്ട തമിഴ് നാട്ടുകാരായ മൂന്നുപേര്‍ക്കെതിരെ അന്വേഷണം നടന്നു വരികയാണ്. പുനലൂര്‍ എസ്.ഐ ഗോപകുമാര്‍,രാജീവ്,അമീന്,സുരേഷ്,വനിതാ സി.പി.ഒ ഷീജ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: