സരസ്വതി നമുക്ക് ഒരു നദി മാത്രമായിരുന്നില്ല. അമ്മയായും ദേവിയായും വാഗ്ദേവതയായും ഭാരതീയ മനസ്സുകളിലൂടെ ഒഴുകുന്ന നിലയ്ക്കാത്ത പ്രവാഹമാണ്. അദൃശ്യയായിത്തീര്ന്ന ആ നദി ഗംഗാ, യമുനാ നദികളുടെ സംഗമ സ്ഥാനത്ത് ഒത്തുചേരുന്നു. “ഒരു ഐതിഹ്യത്തിന് എന്തെങ്കിലും ചരിത്രപശ്ചാത്തലമുണ്ടോ എന്ന ചോദ്യം അവ രൂപപ്പെട്ട മനസ്സുകളില്‍ അത് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നിടത്തോളം അത് സത്യം തന്നെയാണ്. മഹാപ്രളയവും സമുദ്രമഥനവും ഗംഗാവരോഹവും സേതുബന്ധനവും ഗോവര്ദ്ധനോദ്ധാരണവുമെല്ലാം ആ അര്‍ത്ഥത്തില്‍ സത്യം തന്നെയാണ്. അവ വസ്തുതകളാണോ (നമ്മുടെ പരിമിതമായ വാചാര്ത്ഥ്യ ബോധത്തിനുള്ളില്‍) എന്നത് പ്രസക്തമാണ്. ഐതിഹ്യങ്ങള്‍ വസ്തുതകളേക്കാള്‍ ശ്രേഷ്ഠങ്ങളാണ്. ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഋഗ്വേദത്തിലാണ് സരസ്വതീ നദിയെക്കുറിച്ച് പറയുന്നത്. നാല്‍പ്പത്തിയഞ്ച് മന്ത്രങ്ങളില്‍ ഋഗ്വേദം സരസ്വതീ നദിയെ പ്രകീര്‍ത്തിക്കുന്നുണ്ട്. സരസ്വതീ നായമം 72 തവണ ഉച്ചരിക്കുന്നുണ്ട്. മൂന്ന് സൂക്തങ്ങള്‍ പൂര്‍ണമായും സരസ്വതിയ്ക്ക് വേണ്ടിയാണ്. കൊടുങ്കാറ്റിന്റെ ഗര്‍ജനത്തോടെ ഒഴുകിയെത്തുന്ന സരസ്വതി തീര്‍ച്ചയായും ജലസ്രോതസ്സുകളുടെ മാതാവാണ്.
കാലത്തിന്റെ മൂടല്‍മഞ്ഞില്‍നിന്നും ഒരു ഐതിഹ്യ നദിയെ പുറത്ത് കൊണ്ടുവരുവാനുള്ള അവസരം എന്നും കൈവരുന്നതല്ല. ഹിമാലയത്തിലെ ശിവാലിക് നിരകളില്‍ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറേക്ക് ഒഴുകി ആധുനിക രാജസ്ഥാന് ഥാര്‍ മരുഭൂമിയിലൂടെ റാന്‍ ഓഫ് കച്ചിലെ കടലില്‍ പതിച്ചിരുന്ന സരസ്വതീ നദി അപ്രത്യക്ഷമായതെങ്ങനെയെന്ന് അന്വേഷിക്കുകയാണ് ‘സരസ്വതീ നദി ഒഴുകും വഴി’ എന്ന പുസ്തകത്തിലൂടെ മിഷേല്‍ ദാനിനോ ഡിസി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1956 ല്‍ ഫ്രാന്‍സില്‍ ജനിച്ച മിഷേല്‍ ദാനിനോ മഹര്‍ഷി അരവിന്ദന്റെ വേദ വ്യാഖ്യാനങ്ങള്‍ വായിച്ചതിനെത്തുടര്‍ന്ന് വൈദിക ദര്‍ശനങ്ങളിലും സംസ്ക്കാരത്തിലും ആകൃഷ്ടനാവുകയും 21-ാം വയസ്സില്‍ ഭാരതത്തിലെത്തുകയും ചെയ്തു. ഇന്ത്യന്‍ സംസ്കൃതിയിലും നാഗരികതയിലും ആഴത്തിലുള്ള പഠനങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹം തപഃനിഷ്ഠമായ പഠനത്തിലൂടെയാണ് സരസ്വതീദേവിയുടെ ആത്മാവ് തേടിയുള്ള യാത്രയിലൂടെ ഈ ഗ്രന്ഥം സാക്ഷാത്ക്കരിച്ചത്. കേവലം ഒരു ഭൂമി ശാസ്ത്രത്തിന്റെയോ കാലാവസ്ഥാ വ്യതിയാനത്തിന്റെയോ മാത്രം കഥയല്ല ഇത്. സിന്ധു മുതല്‍ ഗുജറാത്ത് വരെ നീളുന്ന ഒരു ബൃഹദ് ശൃംഖലയുടെ ഒരു സംസ്ക്കാരത്തിന്റെ കൂടി കഥയാണിത്. പാശ്ചാത്യ പര്യവേഷകരുടെ റിപ്പോര്‍ട്ടുകളും ഇന്ത്യന്‍ പണ്ഡിതരുടെ അഭിപ്രായങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണങ്ങളും വൈദിക ഗ്രന്ഥങ്ങളും സംയോജിപ്പിക്കുന്നതാണ് ഈ പഠനം. ഇന്ത്യന്‍ മരുഭൂമിയിലെ വിഗത പ്രവാഹം എന്ന സരസ്വതീ നദി ഒഴുകിയിരുന്ന മാര്‍ഗം കണ്ടെത്തുക മാത്രമല്ല ആ നദീ തീരത്ത് രൂപപ്പെട്ട ഒരു സംസ്ക്കാരം സഹസ്രാബ്ദങ്ങള്‍ക്ക് ശേഷവും സാമൂഹിക സാംസ്ക്കാരിക ആചാരങ്ങളിലൂടെ ഒഴുകുന്നതിന് തെളിവുകള്‍ എടുത്ത് കാട്ടുകയും ചെയ്യുന്നു. ആര്യന് ആക്രമണവാദത്തിന്റെ നിരര്‍ത്ഥകതയും അത് നമ്മുടെ ചരിത്രകാരന്മാരെ എത്രത്തോളം വഴിതെറ്റിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സിന്ധുനദിയ്ക്ക് ഏതാണ്ട് സമാന്തരമായി അല്‍പ്പം തെക്കോട്ട് മാറിയാണ് ഇതിന്റെ ഒഴുക്ക്. ഈ ലുപ്ത പ്രവാഹത്തിന്റെ അന്വേഷണ കഥ ഒരിക്കലും പൂര്‍ണമായി പറയപ്പെട്ടിട്ടില്ല. ഉപഗ്രഹ ചിത്രീകരണം കൊണ്ട് സമീപകാലത്ത് സാധിച്ചതാണ് സരസ്വതിയുടെ വീണ്ടെടുക്കലെന്ന് പരക്കെ തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് ഭൂഗര്‍ഭശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും സൈനികരും ഈ പ്രദേശം സര്‍വേ ചെയ്തിരുന്നതായി കാണാം. ഇന്ന് ഹരിയാനയും പഞ്ചാബും രാജസ്ഥാനും പാക്കിസ്ഥാനിലെ ചോളിസ്ഥാന്‍ മരുഭൂമിയും ഉള്‍ക്കൊള്ളുന്നതാണീ പ്രദേശം. നദീപഥത്തിന് പുറമെ അവര്‍ അതിന്റെ തീരങ്ങളും നശിച്ച അധിവാസ സങ്കേതങ്ങളും അവിടെ അനവധി കണ്ടെത്തി. 1850 ആയപ്പോഴേക്കും സരസ്വതീയുടെ സ്ഥാനത്തെക്കുറിച്ച് ഇന്ഡോളജിസ്റ്റുകള്ക്ക് സംശയം ലേശം പോലുമുണ്ടായിരുന്നില്ല. ദശാബ്ദങ്ങള്‍ക്ക് ശേഷം ഇതില്‍പ്പെട്ട നൂറുകണക്കിന് സങ്കേതങ്ങള്‍ ഹാരപ്പന്‍/സിന്ധു നദീതട സംസ്ക്കാരത്തില്പ്പെട്ടവയാണെന്ന് കണ്ടെത്തുകയുണ്ടായി. ആ സംസ്ക്കാരത്തിന്റെ വലിയൊരു ഭാഗം അതിന്റെ നഗരങ്ങളുടെ പതനങ്ങളെ അതിജീവിച്ച് ഇന്നും സജീവമായി നിലനില്ക്കുന്നു.
1885 ലെ ഇമ്പീരിയല്‍ ഗസ്റ്റിയര്‍ ഓഫ് ഇന്ത്യയില്‍ പറയുന്നത് ഭാരതത്തിലെ ആദ്യ ആര്യന് സങ്കേതങ്ങളില്‍ ചിലത് സരസ്വതീ തീരത്തായിരുന്നു. മാത്രമല്ല ആ പ്രദേശങ്ങള്‍ വേദകാലഘട്ടം മുതല്ക്കുതന്നെ അത്യാദരവ് പിടിച്ചുപറ്റിയിരുന്നു. ഹിന്ദുക്കള്‍ ഈ നദിയെ വാഗ്വിദ്യാദേവതയായ സരസ്വതിയുമായി താരതമ്യം ചെയ്യുന്നു.
1893 ല്‍ സി.എഫ്.ഓള്ഥാം ‘സരസ്വതിയും ഭാരത ഭൂമിയിലെ വിഗത പ്രവാഹവും’ എന്ന പ്രബന്ധത്തില്‍ സരസ്വതി നദിയുടെ വിശദമായ ഭൂപടവും രേഖപ്പെടുത്തിയിട്ടുണ്ട്. ഋഗ്വേദ പരാമര്‍ശങ്ങളുദ്ധരിച്ചുകൊണ്ട് ഈ നദിയുടെ സ്ഥാനം യമുനയ്ക്കും ശത്രുദ്രി (സത്ലജ്ക്കും) ഇടയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സരസ്വതീ നദിയുടെ നിരോധാനത്തിനുള്ള പ്രധാന കാരണം സത്ലജ് നദി ഘഗ്ഗര്‍-ഹക്രയില് നിന്നും വഴിവിട്ടുപോയതാകണമെന്ന് ഇദ്ദേഹം പറയുന്നു. ഋഗ്വേദത്തില്‍ സരസ്വതീയെ സപ്തസ്വസാ അഥവാ ഏഴ് സോദരിമാരിലൊരുവള് ആയി വിശേഷിപ്പിക്കുന്നുണ്ട്. അനവധി പോഷക നദികള്‍ സരസ്വതിക്കുണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റൊരു മന്ത്രത്തില്‍ ഏഴാമത്തേതായും ‘ദ്രൃഷദ്വതീ’യെന്നും മറ്റൊരു നദിയോട് ചേരുന്നവളായും പറയുന്നു. അവര്‍ തന്റെ ശക്തമായ അലകളെ കൊണ്ട് മലമടക്കുകളെ ഭേദിക്കുന്നുവെന്നും പറയുന്നു. ഇത് പര്‍വത പ്രദേശത്തുള്ള ഉത്ഭവത്തെ സൂചിപ്പിക്കുന്നു.
അണമുറിയാതെ ഒഴുകുന്ന സരസ്വതി പുണ്യവതിയായി ശൈലം മുതല്‍ സാഗരംവരെ ഒഴുകുന്നതായും പ്രകീര്‍ത്തിക്കപ്പെടുന്നു. സംസ്കൃത പണ്ഡിതനായ ഒ.പി.ഭരദ്വാജ് പറയുന്നത് സരസ്വതീ നദി പെട്ടെന്ന് വരണ്ടതല്ല ക്രമാനുഗതമായി സംഭവിച്ചതായിരിക്കാമെന്ന്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തില്‍ നിരാശനായ രാജാവ് തന്റെ ജീവിതം ക്രൂരമായ പാഴ്മണലില്‍ നഷ്ടമായ സരസ്വതീയോട് ഉപമിക്കുന്നുണ്ട്. ഈ കാവ്യം ഗോഥേയെപ്പോലുള്ളവരെ ഏറെ സ്വാധീനിച്ചിരുന്നു. ആറാം നൂറ്റാണ്ടില്‍ പ്രസിദ്ധ പണ്ഡിതനായ വരാഹമിഹിരന് തന്റെ ‘ബൃഹദ് സംഹിത’യില്‍ ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിന്റെ ഒരവലോകനത്തില്‍ യമുനയുടേയും സരസ്വതിയുടെയും തീരത്തെ രാജ്യങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ നിരവധി ശിലാലിഖിതങ്ങളും സരസ്വതിയെ സാക്ഷ്യപ്പെടുത്തുന്നു. താരിഖ്-ഇ-മുബാറക് ഷാഹി എന്ന 15-ാം നൂറ്റാണ്ടിലെ ഇസ്ലാമിക ലേഖനത്തിലും സരസ്വതീ നദി എന്ന പ്രദേശത്ത് ഒഴുകിയിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടറായിരുന്ന കണ്ണിംഗ് ഹാം ‘ഏറ്റവും പാവനമായ സരസ്വതിയുടെ കിഴക്കന്‍ സ്രോതസ്സ് ആദി ബദ്രി കുണ്ഡമാണെന്ന് പറയപ്പെടുന്നു. ഇത് കത്ഗഡിന് വടക്കുഭാഗത്താണ്. ആദിബ്രദിയാണ് വൈദിക സരസ്വതിയുടെ ഉത്ഭവമായി പണ്ടേ കണക്കാക്കുന്നത്. ജര്‍മന്‍ സംസ്കൃത പണ്ഡിതനായ മാക്സ് മുള്ളറും സരസ്വതീ പഥത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ ഭൂഗര്‍ഭശാസ്ത്രജ്ഞനായ കെ.എസ്.വാല്‍ഡിയ സരസ്വതിയെക്കുറിച്ചുള്ള തന്റെ പ്രബന്ധത്തില്‍ സരസ്വതിയുടെ ഗതിമാറ്റം വരുത്തിയതും അതിലെ ജലത്തെ ചമ്പലിലൂടെ ഗംഗയിലേക്ക് വഹിച്ചതും യമുനാനദിയാണ്. ഇപ്രകാരം സരസ്വതിയുടെ ജലപ്രവാഹത്തില്‍ ഒരു വലിയ ഭാഗം ഗംഗ അപഹരിച്ചതായും പറയുന്നു.
1980 ല്‍ യഗ്പാല്, ബല്‍ദേവ് സഹായ്, ആര്.കെ.സൂദ്, ഡി.പി.അഗര്‍വാള്‍ എന്നീ നാല് ശാസ്ത്രജ്ഞന്മാര് വിഗതസരസ്വതിയുടെ വിദൂരമാപനം എന്ന പേരില്‍ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ലാന്‍ഡ്സാറ്റ് ഉപഗ്രഹ ചിത്രങ്ങളെ അപഗ്രഥിച്ചുകൊണ്ടുള്ള ഈ പഠനം ആ മേഖലയിലെ ഒരു ഇതിഹാസമായിത്തീര്ന്നു. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ പുരാവസ്തു ഗവേഷകനായ അമലാ നന്ദഘോഷ് മുന്‍പില്ലാത്തവിധം സരസ്വതീ പ്രദേശത്ത് ഗവേഷണം നടത്തുകയുണ്ടായി. സുവോളജിക്കല്‍ സര്‍വേയുടെ സഹായത്താല്‍ ധാരാളം കക്കകള്‍ കണ്ടെത്തി. ഇവയിലെ ചില ശുദ്ധജല കക്കകള്‍ സജീവാവസ്ഥയില്‍ തന്നെ നദീതീരത്ത് അടിഞ്ഞതായിരിക്കണമെന്ന് ഇദ്ദേഹം പറയുന്നു.
സരസ്വതീ നദിയുടെ ആത്മാവ് തേടിയുള്ള യാത്രയില്‍ ഭാരതീയ സംസ്ക്കാരത്തിലെ അധിനിവേശ ചരിത്രമായ ആര്യനാക്രമണ വാദത്തിലെ നിരര്‍ത്ഥകതയും ചൂണ്ടിക്കാണിക്കുന്നു. വൈദിക ആര്യന്മാര് സരസ്വതീ മേഖലയില്‍ ക്രിസ്തുവിന് മുമ്പ് 2000 ത്തിന് മുമ്പ് ഉണ്ടായിരുന്നെങ്കില്‍ അവര്‍ ചുരുങ്ങിയ പക്ഷം 2400 നും 2200 നും ഇടയ്ക്കെങ്കിലും ഉപഭൂഖണ്ഡത്തില്‍ പ്രവേശിച്ചിരിക്കണം. ഈ കാലഗണന ആര്യാധിനിവേശ സിദ്ധാന്തക്കാര്‍ ആരും അംഗീകരിക്കാനൊടു തയ്യാറാവുകയുമില്ല. ആര്യന്മാര് എല്ലാത്തരം പുരാവസ്തു നിര്‍വചനങ്ങളുടെയും പുറത്താണ് നില്‍ക്കുന്നത്. ഇതുവരെ ഈ ആര്യന്മാര് ഇതുവഴി വന്നു എന്നോ ഇവിടെ ശരിക്കും ആര്യസ്വഭാവമുള്ള ഒരു വാളോ, ഒരൊറ്റ കൈവേല നിര്‍മിതിയോ, ഒരൊറ്റ പാത്രമോ കണ്ടെടുക്കപ്പെട്ടിട്ടില്ല. ക്രിസ്തുവിന് രണ്ടാം സഹസ്രാബ്ദത്തില്‍ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് യാതൊരു തരത്തിലുള്ള അധിനിവേശ സാമഗ്രിയും കാണുന്നില്ല. ഉപഭൂഖണ്ഡത്തിന്റെ സാംസ്ക്കാരിക രാഷ്ട്രീയ ഭൂപടം വിപ്ലവകരമായി മാറ്റിയെന്ന് നമ്മെ പറഞ്ഞ് ധരിപ്പിച്ചിട്ടുള്ള ആര്യനാഗമനത്തിന് ഭൂതലത്തില്‍ തെളിവുകളൊന്നുമില്ലെന്ന് മിഷേല്‍ ദാനിനോ സമര്‍ത്ഥിക്കുന്നു.
ഐതിഹ്യ നദിയായ സരസ്വതീ യാഥാര്‍ത്ഥ്യമാണെന്ന് ഇന്ന് ലോകം അംഗീകരിക്കുന്നു. സരസ്വതീ ഗംഗയോട് ചേര്‍ക്കപ്പെടുക മാത്രമല്ല അചിരേണ സരസ്വതീ ദേവി അവളുടെ ഭാവങ്ങളില്‍ പലതും ഗംഗയ്ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നുണ്ട്. ഈ മിഥോളജിക്കല്‍ ആദാനത്തെക്കുറിച്ചുള്ള പഠനത്തില്‍ ഇന്ഡോളജിസ്റ്റ് സ്റ്റീവന്‍ ദാരിയന്‍ ഉദാഹരണ സഹിതം ഗംഗ എങ്ങനെയാണ് സരസ്വതിയുടെ ചില ഭാവങ്ങള്‍ ഏറ്റുവാങ്ങിയതെന്ന് തെളിയിക്കുന്നുമുണ്ട്. അവളുടെ ജ്യേഷ്ഠ സഹോദരിയെപ്പോലെ അവളും ബ്രഹ്മാവിന്റെ കമണ്ഡലുവില്‍ ജനിച്ചു. സപ്തധാരികളായി പിരിഞ്ഞ് വേദമാതാവായി, വാഗ്വാണി ദേവിയായി, വരദായിനിയായി. സരസ്വതിയുടെ എന്നപോലെ ഗംഗയുടേയും ജലവും ഔഷധിയായി, മോക്ഷപ്രദായകമായി കണക്കാക്കപ്പെടുന്നു. പലതരത്തിലും ഗംഗ സരസ്വതിയുടെ ഒരു അവതാരമാണ്. ഗംഗാ സംസ്കൃതി, സിന്ധു സരസ്വതി സംസ്കൃതിയുടെ എന്നപോലെ. സരസ്വതീ ഇതിഹാസ മണ്ഡലത്തില്‍നിന്ന് ഭൂമിയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ആ നദി നഷ്ടമായിരുന്നു. വിസ്മൃതമായിരുന്നില്ല. വരണ്ടുപോയപ്പോള്‍ പോലും അവള് വാഗ്ദേവിയായി പ്രചോദന കര്ത്തിയായി അവതരിച്ച് ഊര്‍ജ്ജസ്വലയായി അവളുടെ അവസാന തുള്ളിയും കളകളാരവത്തോടെ നിലച്ചു. എന്നാല്‍ വേദകാലത്തിനിപ്പുറവും ഭാരതീയ മനസ്സുകളില്‍ സരസ്വതീ നദി പുണ്യദേവിയായി ഒഴുകുന്നു.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: