പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തിലെ പീച്ചനാംമുകളില്‍ ആരംഭിച്ചിരിക്കുന്ന അനധികൃത പ്ലൈവുഡ് കമ്പനി നിര്‍മ്മാണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി കേന്ദ്രകമ്മറ്റി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരും കര്മ്മസമിതിയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് പീച്ചനാംമുകളില്‍ പുതിയ കമ്പനി തുടങ്ങുന്നത്. വ്യവസ്ഥകള്‍ മറികടന്ന് നടത്തുന്ന അനധികൃത കമ്പനി നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ലെന്നും വര്‍ഗീസ് പുല്ലുവഴി പറഞ്ഞു. ഒരാഴ്ച മുമ്പ് കര്‍മ്മസമിതി പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയ പ്രതികളെ പിടികൂടാത്തത് ഭരണകക്ഷി നേതാക്കള്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍മ്മസമിതി നേതാക്കളായ സി.കെ.പ്രസന്നന്, ജിസ് കോരത്, എം.കെ.ശശിധരന് പിള്ള, വര്‍ഗീസ് അയ്യായത്തില്‍, മത്തായി മന്നപ്പിള്ളി, കെ.കെ.വര്‍ക്കി, മാത്യു വര്‍ഗീസ്, എന്‍.എ.കുഞ്ഞപ്പന് എന്നിവര്‍ സംസാരിച്ചു. റെജി മുണ്ടയ്ക്കല്‍, സി.പി.ജയിംസ്, ജിജോ, രാജു തുടങ്ങിയവര്‍ മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: