കൊല്ലം: ആര്.ബാലകൃഷ്ണപിള്ളയും കെ.ബി.ഗണേഷ്കുമാര് എംഎല്‍എയും വീണ്ടും ഒന്നായതോടെ പെരുവഴിയിലായ അണികള്‍ പുതിയ താവളം തേടി അലയുന്നു. രണ്ടുനേതാക്കള്‍ക്കും വേണ്ടി തെരുവില്‍ പരസ്പരം പോരടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴയുന്നത്.
പിള്ള മകനെ തള്ളിപ്പറഞ്ഞപ്പോള്‍ മന്ത്രിയെ ചാരി കരുത്തുണ്ടാക്കാമെന്ന് കരുതിയ ചിലര്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെ പുതിയ സംഘടനയുണ്ടാക്കുകയായിരുന്നു. കെ.ബി.ഗണേഷ്കുമാര് ജനകീയവേദി എന്ന പേരിലാണ് ജില്ലയില്‍ പിള്ളവിരുദ്ധര് അന്നോരുമിച്ചത്. നേരത്തെ ഗണേശന് വേണ്ടി ഗണേഷ്കുമാര് സാംസ്കാരികവേദി ഉണ്ടാക്കിയവര്‍ കളംമാറി പിള്ളയുടെ പിന്നാലെ പോയി.
പിള്ളയുടെ വാക്ക് കേട്ട് ഗണേശനെ അധിക്ഷേപിച്ച് പ്രസ്താവനകളും പ്രസംഗങ്ങളും നടത്തിയവരില്‍ ചിലര്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടി ചെയര്‍മാന്റെ വീട്ടുവേലക്കാരല്ല തങ്ങളെന്നാണ് ഇവരുടെ നിലവിളി. പേരൂര്‍ സജീവിന്റെയും പെരുങ്കുളം സുരേഷിന്റെയും നേതൃത്വത്തിലുള്ള കെ.ബി.ഗണേഷ്കുമാര് ജനകീയവേദി വീണ്ടും പിള്ളയുടെ പ്രീതി പിടിച്ചുപറ്റാനുള്ള നീക്കമാണ് നടത്തുന്നത്. പുതിയ സാഹചര്യത്തില്‍ ജനകീയവേദിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കാനും കേരളാജനകീയവേദി എന്ന പേരില്‍ ഒരു സ്വതന്ത്രസംഘടനക്ക് രൂപം നല്കി പ്രവര്‍ത്തിക്കാനുമാണ് അവരുടെ പദ്ധതി.
കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ബാലകൃഷ്ണപിള്ളയും ഗണേഷ്കുമാറും യോജിച്ച രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ആശയപരമായ ഭിന്നിപ്പ് ഉണ്ടാക്കാന്‍ തയ്യാറാല്ലാത്തതിനാലാണ് ഇതെന്നാണ് വാദം. ഗണേഷ്കുമാറിന്റെ രാഷ്ട്രീയനിലപാടുകള്‍ക്ക് ജനകീയവേദിയുടെ പിന്തുണ ഉണ്ടാകുമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: