കൊളംബോ: ബുദ്ധമതക്കാര്‍ ഭൂരിപക്ഷമായ രാജ്യത്ത് അറവുശാലകള്‍ നിരോധിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി ബുദ്ധമതക്കാരുടെ പടുകൂറ്റന്‍ പ്രതിഷേധ റാലി. മുസ്ലിങ്ങള്‍ കന്നുകാലികളെ ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നതിലും ബുദ്ധമതക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിലും പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം 30കാരനായ ഇന്ദ്രരത്ന തെര ശനിയാഴ്ച തീകൊളുത്തി ആത്മാഹുതി ചെയ്തതാണ് ഈ ആവശ്യം ശക്തമാകാന്‍ കാരണം.
ബുദ്ധദന്തം സൂക്ഷിച്ചിരിക്കുന്ന ദലാഡ മലിഗാവ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് സമീപമാണ് ബുദ്ധസന്ന്യാസി സ്വയം തീ കൊളുത്തിയത്. രാഷ്ട്രപതിക്കും രാജ്യത്തെ ബുദ്ധസന്ന്യാസിമാരുടെ തലവനും കന്നുകാലികളെ കൊല്ലുന്നതിനും മതപരിവര്‍ത്തനത്തിനും എതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുമെന്ന് ബുദ്ധസംഘടനകളുടെ കൂട്ടായ്മയായ സിംഹള റവായയുടെ ചെയര്മാന് അക്മീമാനാ ദയാരത്നെ തെര പറഞ്ഞു. ആത്മാഹുതി ചെയ്ത ബുദ്ധസന്ന്യാസി രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തിലേക്ക് ന്യൂനപക്ഷങ്ങളുടെ മതവിഭാഗങ്ങളുടെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മൃഗങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനായി തന്റെ ജീവിതം ബലിയര്‍പ്പിച്ച ബുദ്ധസന്ന്യാസിയുടെ ലക്ഷ്യം സാധിക്കാനായി എല്ലാ ബുദ്ധ സംഘടനകളെയും ഒരുമിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധ കഴിഞ്ഞ ഏതാനും മാസങ്ങളായി വര്‍ധിച്ചുവരികയാണ്. ഇറച്ചിവെട്ട് കടകളും മറ്റ് മാംസ ഉത്പന്നങ്ങളും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബുദ്ധമതക്കാര്‍ നിരവധി പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൊളംബോ നഗരത്തിന്റെ പ്രാന്തപ്രദേശമായ പെപിലിയാനയിലെ മുസ്ലിങ്ങളുടെ കടകള്‍ക്ക് മാര്‍ച്ച് മുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ പ്രതിഷേധിച്ചിരുന്ന ബുദ്ധമതാനുയായികള്‍ മുസ്ലിങ്ങളുടെ കെട്ടിടത്തിന് തീവയ്ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും തുടര്‍ന്ന് സൈന്യത്തെ കല്ലെറിഞ്ഞ് ആക്രമിക്കുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്. മൃഗങ്ങളെ കൊല്ലുന്നതിന് വിലക്കുള്ള ശ്രീലങ്കയിലെ ബുദ്ധമതവിശ്വാസികള്‍ക്കിടയില്‍ ബീഫ് ഭക്ഷണം വ്യാപകമാകാന്‍ തുടങ്ങിയിരുന്നു.
കന്നുകാലികളെ ഭക്ഷണത്തിനായി കൊല്ലുന്നതിനെ താന്‍ എതിര്‍ക്കുന്നുണ്ടെന്നും എന്നാല്‍ അതിനായി നിയമം കൊണ്ടുവന്നാല്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുമെന്നും പൊതുഭരണവകുപ്പ് മന്ത്രി ജോണ്‍ സെനവിരത്നെ പറഞ്ഞു.
അതേസമയം ബുദ്ധസന്ന്യാസിയുടെ ആത്മാഹുതി ചിത്രീകരിച്ച പത്രപ്രവര്‍ത്തകനെതിരെ കൊളംബോ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കേസെടുത്തു. സന്ന്യാസിയുടെ ആത്മാഹുതി സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിട്ടും തടയാനായി പോലീസിനെ അറിയിക്കാതിരുന്നതിനാണ് കേസെടുത്തത്. സന്ന്യാസിയുടെ ലക്ഷ്യമെന്താണെന്ന് അറിയാമായിരുന്ന പത്രപ്രവര്ത്തകന് ആ വിവരം പോലീസില്‍ അറിയിക്കേണ്ടതായിരുന്നെന്ന് മാധ്യമ മന്ത്രാലയ സെക്രട്ടറി ചാരിത ഹെരാത് പറഞ്ഞു. ഒരു ദുരന്തം ഒഴിവാക്കാനായി ആ വിവരം പോലീസിനെ അറിയിക്കാമായിരുന്നെന്ന് ഹെരാത് പറഞ്ഞതായി ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. താന്‍ ആത്മാഹുതി ചെയ്യുകയല്ലെന്നും ജീവന് ബലിയര്‍പ്പിക്കുകയാണെന്നും ഇന്ദ്രരത്നെ തെര സ്വയം തീ കൊളുത്തും മുമ്പ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, കത്തോലിക്ക തുടങ്ങി പ്രധാന മതങ്ങളോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും തങ്ങള്‍ മതങ്ങളുടെ സഹവര്‍ത്തിത്വത്തിലാണ് വിശ്വസിക്കുന്നതെന്നും എന്നാല്‍ എല്ലാവരും രാജ്യത്തെ ഭരണഘടനയെ ബഹുമാനിക്കുകയും ബുദ്ധമതത്തിന് ഉന്നത സ്ഥാനം നല്‍കുകയും വേണമെന്ന് രത്നെ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: