പെരുമ്പാവൂര്‍: നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് പരിസ്ഥിതി മലിനീകരണവും പാരിസ്ഥിതിക നാശങ്ങള് വിതയ്ക്കുകയും ചെയ്യുന്ന മാഫിയ ശക്തികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ഹിന്ദുഐക്യവേദിയുടെയും പരിസ്ഥിതി സംരക്ഷണസമിതിയുടെയും ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയില്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണയാത്ര ഇന്ന് ആരംഭിക്കും. ഹിന്ദുഐക്യവേദി എറണാകുളം ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.എന്‍.മോഹന്‍ദാസ് നയിക്കുന്ന യാത്ര ജൂണ്‍ ഒന്നിനാണ് സമീപിക്കുന്നത്. നാളെ രാവിലെ 8ന് കുട്ടമ്പുഴയില്നിന്നും ആരംഭിക്കുന്ന യാത്രക്ക് ജില്ലയിലെ 28 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
പൈതൃക ഗ്രാമമായ ആറന്മുളയടക്കമുള്ള പ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് പകരം ഇവയെല്ലാം കോര്‍പ്പറേറ്റ് ഭീമന്മാര്ക്ക് അടിയറവ് വയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാവുകളും കുളങ്ങളും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിച്ചുകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാടിനെയും പൈതൃകത്തേയും ഇല്ലായ്മ ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമ്പന്ന വര്‍ഗത്തിനും കോര്‍പ്പറേറ്റ് മാഫിയകള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. എറണാകുളം ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസുകളായ പെരിയാറും മറ്റ് അനുബന്ധ ജലസ്രോതസുകളും ഭയാനകമാകുന്നവിധം മലിനമാക്കികൊണ്ടിരിക്കുകയാണ്.
മലയോര മേഖലയിലെ കുന്നുകളും മലകളും ദിവസേന സര്‍ക്കാരിന്റെ ഒത്താശയോടെ ഇടിച്ച് നിരത്തപ്പെടുകയാണ്. ആലുവ മണപ്പുറം വരെ കയ്യേറി വ്യാവസായിക ശക്തികള്‍ക്ക് നല്കുന്ന നടപടിയാണ് നടത്തിവരുന്നത്. പെരുമ്പാവൂര്‍ മേഖലയില്‍ ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ നടത്തിവരുന്ന മലിനീകരണം ഒരു ജനതയുടെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. പ്രകൃതിയെ മാതാവായി കാണുന്ന ഭാരതീയ സങ്കല്‍പ്പം ഉള്‍ക്കൊണ്ടുകൊണ്ട് നടത്തുന്ന പരിസ്ഥിതി സംരക്ഷണയാത്രയ്ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.
30ന് കുട്ടമ്പുഴയില്‍ യാത്രയുടെ ഉദ്ഘാടനം പരിസ്ഥിതി സംരക്ഷണസമിതി കേന്ദ്ര കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സി.കെ.പ്രസന്നന് നിര്‍വഹിക്കും. തുടര്‍ന്ന് കോതമംഗലം, പൈങ്ങോട്ടൂര്‍, മൂവാറ്റുപുഴ, ഓണക്കൂര്‍, പട്ടിമറ്റം, കുറുപ്പംപടി എന്നിവിടങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ ഹിന്ദുഐക്യവേദി നേതാക്കളായ ഇ.ജി.മനോജ്, വി.സി.ശശികുമാര്‍, ടി.എസ്.സത്യന്, പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനം തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 6ന് പെരുമ്പാവൂരില്‍ നടക്കുന്ന സമാപനസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി സംരക്ഷണ സമിതി കേന്ദ്രകമ്മറ്റി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി മുഖ്യപ്രഭാഷണം നടത്തും.
31ന് രാവിലെ 8ന് കാലടിയില്‍ യാത്രയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. സീതാരാമന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അങ്കമാലി, അത്താണി, ആലുവ, മുപ്പത്തടം, വരാപ്പുഴ, പറവൂര്‍, ചെറായി, നായരമ്പലം, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ആര്‍എസ്എസ് മുന്‍ വിഭാഗ് കാര്യവാഹക് സി.കെ.കമലാകാന്ദന്, പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ. എബി, ഡോ. എം.ലീലാവതി തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിക്കും. വൈകിട്ട് 6.30ന് പള്ളുരുത്തിയില്‍ നടക്കുന്ന സമാപനയോഗം ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ജൂണ്‍ ഒന്നിന് രാവിലെ ഹൈക്കോടതി ജംഗ്ഷനില്‍നിന്നും ആരംഭിക്കുന്ന സംരക്ഷണയാത്ര ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എ.ബി.ബിജു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലൂര്‍, കളമശ്ശേരി, കാക്കനാട്, ചോറ്റാനിക്കര, ആമ്പല്ലൂര്‍, മുളന്തുരുത്തി എന്നിവിടങ്ങളില്‍ നല്കുന്ന സ്വീകരണത്തില്‍ ഹിന്ദുഐക്യവേദി നേതാക്കളായ കെ.പി.സുരേഷ്, ഇ.എന്‍.നന്ദകുമാര്‍, ആര്.വി.ജയന്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് കെ.പി.രമേശ്, ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 5.30ന് തൃപ്പൂണിത്തുറയില്‍ നടക്കുന്ന സമാപനസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: