ദമാസ്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ആയുധ ഉപരോധം യൂറോപ്യന്‍ യൂണിയന് നീക്കി.
ഇയു അംഗരാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാര്‍ ബ്രസല്‍സില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉപരോധം പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
രൂക്ഷമായ അഭിപ്രായഭിന്നതകള്‍ക്കിടെയായിരുന്നു ഇയുവിന്റെ ഇത്തരമൊരു തീരുമാനം. ഇതോടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പോരാടുന്ന വിമതര്‍ക്ക് വിദേശ ആയുധ സഹായം ലഭ്യമാകാനുള്ള സാധ്യത തെളിഞ്ഞു. എന്നാല്‍ അവര്‍ ഉടനടി ആയുധം ലഭിക്കാനിടയില്ല.അടുത്തമാസം റഷ്യയുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഫലമനുസരിച്ചിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം. ആഗസ്റ്റ് ഒന്നിനു മുന്‍പ് സിറിയന്‍ വിഷയത്തില്‍ ഇയു പുനപ്പരിശോധന നടത്തുന്നുണ്ട്. അതിനുശേഷം തങ്ങളുടെ ആയുധങ്ങള്‍ സിറിയയില്‍ എത്തിക്കണമോവേണ്ടയോയെന്ന് അംഗരാജ്യങ്ങള്‍ക്ക് തീരുമാനിക്കാം. അതേസമയം, വിദേശ ഇടപെടല്‍ തടയാന്‍ സിറിയയ്ക്ക് യുദ്ധവിമാന വേധക മിസെയിലുകള്‍ നല്‍കുമെന്ന് റഷ്യ വ്യക്തമാക്കി. ആയുധ ഉപരോധം നീക്കിയതിനെ റഷ്യ വിമര്‍ശിച്ചു. സിറിയയിലെ അന്താരാഷ്ട്ര സമാധാനശ്രമങ്ങളെ നടപടി ബാധിക്കുമെന്നാണ് റഷ്യയുടെ അഭിപ്രായം. എന്നാല്‍ അധികാരംവച്ചുമാറേണ്ട സമയമായെന്ന് അസദിനു സൂചന നല്കാന് നടപടി സഹായിക്കുമെന്ന് ബ്രിട്ടന് അടക്കമുള്ള രാജ്യങ്ങള്‍ വിലയിരുത്തി.
അസദിന്റെയും അദ്ദേഹവുമായി അടുത്തയാളുകളുടെയും സ്വത്തുകള്‍ മരിവിപ്പിച്ചതും വ്യാപാര നിയന്ത്രണങ്ങളും അടക്കമുള്ള വിലക്കുകള്‍ ഇയു നീക്കിയിട്ടില്ല. 2011 മാര്‍ച്ചിലാണ് സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആരംഭിച്ചത്.
നാളിതുവരെ 70000ത്തോളംപേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വിമതരും സര്‍ക്കാര്‍ സൈന്യവും പരസ്പരം രാസായുധപ്രയോഗ ആരോപണങ്ങളും അടുത്തിടെ ഉന്നയിച്ചിരുന്നു.
തുടക്കത്തില്‍ വിമതര്‍ ഒട്ടേറെ മുന്നേറ്റങ്ങളുണ്ടാക്കിയെങ്കിലും അടുത്തകാലത്തായി അസദിന്റെ സൈന്യം ആധിപത്യം തിരിച്ചുപിടിക്കുകയാണ്.
നിലവാരമുള്ള ആയുധങ്ങള്‍ ലഭ്യമാകാത്തതാണ് വിമതസൈന്യം നേരിടുന്ന പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: