കൊച്ചി: കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തന രംഗത്ത് ധീരനായ മുന്നണിപ്പോരാളിയായിരുന്നെന്നും നിയോഗം കൊണ്ടും സഹാനുഭൂതികൊണ്ടും, നീതിബോധം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും പണ്ഡിറ്റ് കറുപ്പന് മാതൃകാപുരുഷന്‍ ആയിരുന്നുവെന്നും സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ അഴിമതി നടമാടുകയാണ്. ദാരിദ്ര്യമോ, അവശതയെയോപറ്റി പറയാതെ ജാതിയുടേയും, മതത്തിന്റേയും പേര് പറഞ്ഞ് അവകാശങ്ങള്‍ തേടിയെടുക്കുവാനുള്ള ശ്രമമാണ് സമൂഹത്തില്‍ കണ്ടുവരുന്നത്. മണ്ണ്, പെണ്ണ്, വെള്ളം ഇവയെ മലീമസമാക്കുകയും കളിങ്കിതമാക്കുകയും ചെയ്യുന്ന രാക്ഷസ ശക്തികള്‍ കോര്‍പ്പറേറ്റ് രൂപത്തില്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇവ മൂന്നും സംരക്ഷിക്കുവാന്‍ മലയാളിയ്ക്ക് കഴിയുന്നില്ല. അതിസമ്പന്നതയാണ് ഈ രാജ്യത്തിന്റെ ശാപം. രാഷ്ട്രീയത്തിലും ഭാരണതലത്തിലും അഴിമതിയുടെ വേരോട്ടം ശക്തമാണ്. നിയമ വ്യവസ്ഥകള്‍ നോക്കുകുത്തികളാവുകയും, ലക്ഷക്കണക്കിന് രൂപ പ്രതിഫലം വാങ്ങി കോര്‍പ്പറേറ്റ് ഭീമന്മാര്ക്കുവേണ്ടി ചിലര്‍ കുടചൂടി മുന്നോട്ടുവരുന്നു. സാധാരണക്കാരുടെ ശബ്ദങ്ങള്‍ ഒറ്റപ്പെട്ട മുറവിളികളായി മാറുന്നു.
ഹിന്ദുവിന്റെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. ക്ഷേത്രസ്വത്ത് കളങ്കപ്പെട്ടുകൂടാ. സ്വത്ത് ആലംബഹീനരായ, അവശരായ സാധുക്കളുടെ ക്ഷേമത്തിന് വിനിയോഗിക്കപ്പെടണം. ധര്‍മ്മ പാഠശാലകള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. ഉത്സവങ്ങള്‍ അഹങ്കാരത്തിന്റെ പ്രകടനവേദിയായിമാറുന്നു. മഹാക്ഷേത്രങ്ങള്‍ മുതല്‍ ചെറിയ ക്ഷേത്രങ്ങള്‍വരെ വെടിക്കെട്ടിനും, പൂരത്തിനും വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നു. ആനയുടെ തലപ്പൊക്കം, നെറ്റിപട്ടം ഇവയെ അല്ല നാം നോക്കികാണേണ്ടത്. ആനയുടെ ശരീരത്തില്‍ ഏറ്റിട്ടുള്ള മനുഷ്യപീഡനങ്ങളെ ദയയോടെ കണ്ട് ഈ ക്രൂരതയ്ക്കെതിരെ പ്രതികരിക്കുകയാണ് നാം ചെയ്യേണ്ടത്. ഭഗവാനെ ശിരസിലേറ്റി, പല്ലക്കിലേറ്റി, മനസ്സിലേറ്റിയാണ് നാം ഉത്സവങ്ങള്‍ നടത്തേണ്ടത്. മദ്യം എന്ന വിപത്ത് സുനാമി പോലെ കുടുംബങ്ങളെ തകര്‍ക്കുന്നു എന്ന് സുഗതകുമാരി പറഞ്ഞു. കലൂര്‍ പാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ 129-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രഥമ കവിതിലകന്‍ പണ്ഡിറ്റ്കറുപ്പന്‍ പുരസ്ക്കാരം വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ ജസ്റ്റിസ് എം.രാമചന്ദ്രനില്‍ നിന്നും സുഗതകുമാരി സ്വീകരിച്ചു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. യോഗം ജസ്റ്റീസ് എം.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അഗസ്ത്യ സിദ്ധ വൈദ്യാശ്രമം എടവനക്കാട് മഠാധിപതി സ്വാമി ഗോരഖ് നാഥ്, ഡോ.വള്ളിക്കാവ് മോഹന്‍ ദാസ്, ജസ്റ്റിസ് കെ.സുകുമാരന്‍, ഡോ.ലക്ഷ്മി ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ അഡ്വ.കെ.കെ.ബാലകൃഷ്ണന് സ്വാഗതവും, കെ.കെ.വാമലോചനന്‍ നന്ദിയും പറഞ്ഞു. എം.കെ.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ കവി എസ്.രമേശന്‍നായര്‍, വി.സുന്ദരം, അയ്മനം രവീന്ദ്രന്, കെ.വി.മദനന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: