കോട്ടയം: കോട്ടയം നഗരത്തെ ചുമര്‍ചിത്ര നഗരിയാക്കുന്നതിന്റെ ഭാഗമായി തെള്ളകം പുഷ്പഗിരി പള്ളിയുടെ ചുമരില്വരച്ച നോഹയുടെ പെട്ടകം ചുമര്‍ചിത്രത്തിന്റെ ഗണത്തില്പ്പെടുന്നതല്ലെന്ന് വിമര്‍ശനം. പരമ്പരാഗതശൈലിയില്‍ ചുമര്ചിത്രങ്ങളെഴുതുന്ന കലാകാരന്മാര് മിക്കവരും ഈ അഭിപ്രായമുള്ളവരാണ്.
കേരള ലളിതകലാ അക്കാദമിയുടെ അന്താരാഷ്ട്ര ചുമര്‍ചിത്ര ക്യാമ്പില്‍ പങ്കെടുത്ത 300ഓളം കലാകാരന്മാരും കലാകാരികളും ചേര്‍ന്നാണ് മൂവായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ചുമരില്‍ 3 മണിക്കൂര്‍ക്കൊണ്ട് നോഹയുടെ പെട്ടകത്തിലെ ജീവജാലങ്ങളെയും മനുഷ്യരെയും വരച്ചുചേര്‍ത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ചുമര്‍ചിത്രമാണ് ഇതെന്ന് അക്കാദമി ഭാരവാഹികളും മറ്റും അവകാശപ്പെടുന്നുണ്ട്. അതേസമയം ചുമര്‍ചിത്രമെഴുതാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത ചായങ്ങള്‍ ഉപയോഗിക്കാതെ വരച്ച ചിത്രം ചുമര്ചിത്രമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
ചുമരില്‍ വരച്ചതുകൊണ്ട് മാത്രം ചുമര്ചിത്രമാകില്ല. പ്രകൃതിചായങ്ങള് ഉപയോഗിച്ച് പരമ്പരാഗതശൈലിയില്‍ തയ്യാറാക്കിയ പ്രതലത്തില്‍ എഴുതുന്നതാണ് ചുമര്‍ചിത്രം. നോഹയുടെ പെട്ടകം തയ്യാറാക്കാന്‍ അക്രലിക്ക്, വാട്ടര്‍ കളറുകളും ടെമ്പ്രാപൗഡറും മറ്റും ഉപയോഗിച്ചിട്ടുണ്ടെന്നാണ് ചിത്രകാരന്മാര് പറയുന്നത്. ഇത് ചുമര്ചിത്രമല്ല കേവലം പെയിന്റിംഗാണെന്നാണ് ഇവര്‍ പറയുന്നത്.
കേവലം 3 മണിക്കൂര്‍കൊണ്ട് 3000 ചതുരശ്ര അടി ചുമര്‍ചിത്രം വരയ്ക്കുകയെന്നത് അസാധ്യമാണ്. പ്രകൃതിചായങ്ങളുപയോഗിച്ച് ചുമര്‍ചിത്രം എഴുതുന്നതിന് മുമ്പുതന്നെ ചിത്രമെഴുതാനുള്ള പ്രതലവും പരമ്പാരഗതശൈലിയില് തയ്യാറാക്കേണ്ടതുണ്ട്. എന്നാല്‍, നോഹയുടെ പെട്ടകം വരയ്ക്കാന്‍ ഇതൊന്നും ഉപയോഗിച്ചിട്ടില്ല. കേവലം പ്രചാരണത്തിനും പ്രശസ്തിക്കുംവേണ്ടി ലളിതകലാ അക്കാദമി അധികൃതര്‍ നടത്തിയ പ്രഹസനമാണ് ഈ ചിത്രരചനയെന്നും ആക്ഷേപമുയരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: