കല്‍പ്പറ്റ: പനമരം പരിയാരം നലാന്റയില് മാലതിയുടെ മരണം കഴുത്തിനേറ്റ ക്ഷതംമൂലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മീനങ്ങാടി സി.ഐ വി.ജെ.പൗലോസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഷെര്‍ളി വാസുവിന്റെ പരിശോധനയില്‍ വിഷാംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറഞ്ഞത്.
2011 ഒകേ്ടാബര്‍ ഒന്‍പതിന് മക്കളായ രഞ്ജിത്തും റീജയും ഉറങ്ങി കിടക്കുകയായിരുന്ന മാലതിയെ ബലമായി വിഷം നല്കി കൊന്നുവെന്നാണ് പ്രതി മൊഴി നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞിരുന്നു. സഹോദരങ്ങള്‍ തമ്മിലുള്ള അവിഹിത ബന്ധം പുറത്തറിയുമെന്ന ഭയമാണ് വിഷംകൊടുത്തതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പോലീസിന് നല്കിയ മൊഴി അടിസ്ഥാനരഹിതമാണെന്നാണ് തെളിയുന്നത്.
സഹോദരി റീജയെ കന്യകാത്വ പരിശോധന നടത്തിയതായും അതില്‍ ശാരീരിക ബന്ധത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ സഹോദരങ്ങള്‍ തമ്മിലുള്ള അവിഹിത ബന്ധമെന്നത് വെറും കെട്ടുകഥയായി മാറുകയാണ്. സഹോദരന് രഞ്ജിത്ത് നല്കിയ മൊഴിയെ സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംശയമുയരുന്നു. ജനങ്ങളില്‍ വര്‍ദ്ധിച്ച കോപത്തിനിടയാക്കിയത് സഹോദരങ്ങള്‍ തമ്മിലുള്ള അവിഹിത ബന്ധമെന്ന കഥയും ഇതുമായി ബന്ധപ്പെട്ട് അമ്മയെ കൊല ചെയ്തു എന്നതുമാണ്. ഇപ്പോള്‍ അമ്മയെകൊന്നത് എന്തിന് എന്ന കാരണം അജ്ഞാതമായി നിലനില്‍ക്കുകയാണ്.
വാര്‍ത്താമാധ്യമങ്ങളിലെല്ലാം ഒരാഴ്ച്ചയോളം നിറഞ്ഞുനിന്ന പ്രതികളിലൊരാളുടെ സംശയാസ്പദമായ മൊഴി വിശദീകരിച്ച പോലീസും കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.
വെള്ളിയാഴ്ച്ച ഫോറന്‍സിക് വിഭാഗം മാലതിയുടെ മൃതദേഹം കുഴിയില്‍ നിന്നും പുറത്തെടുത്ത് പരിശോധനകള്‍ നടത്തിയിരുന്നു. കഴുത്തിന്റെ എല്ല് ഒടിഞ്ഞ നിലയിലായിരുന്നു അസ്ഥികള്‍ കണ്ടെത്തിയത്. കഴുത്തിന് ശക്തമായ ക്ഷതമേറ്റിട്ടുള്ളതിനാലാണ് മരണം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളായ രഞ്ജിത്ത് മാനന്തവാടി സബ് ജയിലിലും റീജ വൈത്തരി സബ് ജയിലിലുമാണ്.
ഒന്നര വര്‍ഷമായി മാലതി നാട്ടിലെ ആശുപത്രിയില്‍ ചികില്‍സയിലാണെന്നായിരുന്നു രഞ്ജിത്ത് ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇതില്‍ സംശയം തോന്നിയ മാലതിയുടെ സഹോദരന് ഒ.ടി.ചാത്തുനായര്‍ മാലതിയെ കൂട്ടിക്കൊണ്ട് പോകണമെന്ന് വാശി പിടിച്ചപ്പോഴാണ് പ്രതി രഞ്ജിത്ത് കെട്ടുകഥ പോലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: