വാഷിംഗ്ടണ്‍: ജനിതക ഭീമന് മോണ്സാന്റോക്കെതിരായി ലോകമെങ്ങുമുള്ള പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ശനിയാഴ്ചയാണ് ലോകമെങ്ങുമുള്ള പരിസ്ഥിതി-മനുഷ്യസ്നേഹികള്‍ ഒത്തുചേര്‍ന്ന് ജനിതക രംഗത്തെ ബഹുരാഷ്ട്ര കുത്തകയായ ഭീമന് മോണ്‍സാന്റോക്കെതിരെ പ്രതിഷേധം നടത്താന്‍ നിശ്ചയിച്ചത്. നിര്ജീവവും ശക്തികുറഞ്ഞതുമായ വിത്തുകള്‍ വികസിപ്പിച്ച് ആഗോളവ്യാപകമായി ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് നേരെ ഭരണകൂടങ്ങള്‍ കണ്ണടയ്ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ് മോണ്‍സാന്റോക്കെതിരെ അണിനിരന്നത്. സ്വാന്‍സ്റ്റണ്‍ സ്ട്രീറ്റും അതിന്റെ കൈവഴിയായ ലാ ട്രോബ് സ്ട്രീറ്റും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. അതുപോലെ മെല്‍ബണ്‍, ബ്രിസ്ബെയ്ന്‍ നഗരങ്ങളിലും പടുകൂറ്റന്‍ പ്രതിഷേധ മാര്‍ച്ചുകളാണ് അരങ്ങേറിയത്. പ്രതിഷേധം ചരിത്രസംഭവമായി മാറിയെന്നും ഭൂമീമാതാവിനായി ഒരുദിനം രൂപപ്പെട്ടിരിക്കുകയാണെന്നും കാല്ലി കോപ് ബെല്‍ എന്ന പ്രതിഷേധക്കാരന് ‘മാര്‍ച്ച് എഗെയ്ന്‍സ്റ്റ് മോണ്സാറ്റോ’ എന്ന ഫെയ്സ് ബുക്ക് പേജില്‍ കുറിച്ചു.
ന്യൂസിലാന്റില്‍ നൂറുകണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി രാജ്യത്തെമ്പാടും അണിനിരന്നത്. ജനിതകമാറ്റം വരുത്തിയ ഭക്ഷണം വേണ്ടെന്നായിരുന്നു അവരുടെ മുദ്രാവാക്യം. വെല്ലിംഗ്ടണിലെ നൂറൂകണക്കിന് പ്രതിഷേധക്കാര്‍ ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തിന്റെ ഉത്പാദകര്‍ക്ക് ഈ ആവശ്യമുന്നയിച്ച് സന്ദേശമയച്ചു. ജനിതകമാറ്റം വരുത്തിയ ഒരു ജീവിയെയും ന്യൂസിലാന്റിന് വേണ്ടെന്ന് വെല്ലിംഗ്ടണ്‍ പ്രതിഷേധത്തിന്റെ സംഘാടകനായ ക്ലെയര്‍ ബ്ലെക്ലി പറഞ്ഞു. ക്രൈസ്റ്റ് ചര്‍ച്ച വാസികളും പ്രതിഷേധവുമായി തെരുവ് കയ്യടക്കി. ഇടയ്ക്കുപെയ്ത കനത്ത മഴയ്ക്ക് ഓക്ക്ലാന്റിലെ പ്രതിഷേധക്കാരുടെ ഉത്സാഹത്തെ അല്‍പ്പം പോലും കെടുത്താന്‍ സാധിച്ചില്ല.
മോണ്സാന്റോക്കെതിരായ പ്രതിഷേധം ആറ് ഭൂഖണ്ഡങ്ങളിലെ 55 രാജ്യങ്ങളിലെ 400 നഗരങ്ങളിലാണ് സംഘടിപ്പിച്ചത്. ലോകമെങ്ങുമുള്ള ഈ പ്രതിഷേധത്തില്‍ രണ്ട് ലക്ഷത്തിലധികം പേര് പങ്കെടുക്കുമെന്നാണ് കരുതിയതെന്ന് സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ നിക്ക് ബെര്‍ണാബെ പറഞ്ഞു. രാഷ്ട്രീയക്കാരില്‍ സമ്മര്‍ദ്ദമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കാരണം ഇപ്പോള്‍ മോണ്‍സാന്റോ സര്‍ക്കാരുമായി ചേര്‍ന്ന് ഓരോ കാര്യത്തിലും തങ്ങളുടെ മാര്‍ഗം കണ്ടെത്തുകയാണ്, ബെര്‍ണാബെ പറഞ്ഞു.
ജനിതക മാറ്റം വരുത്തിയ വിളകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് കോടതി കണ്ടെത്തിയാല്‍ പോലും നടപടി സ്വീകരിക്കാന്‍ കഴിയാത്ത നിയമത്തിന്റെ പരിമിതികളെക്കുറിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. അതിനുള്ള മാര്‍ഗം കണ്ടെത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ മാസം അമേരിക്കന്‍ സുപ്രീംകോടതി മോണ്‍സാന്റോക്ക് അനുകൂലമായി ഒരു കേസില്‍ വിധി പുറപ്പെടുവിച്ചിരുന്നു. ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പറ്റാത്ത പേറ്റന്റെടുത്തിരിക്കുന്ന വിത്തുകള്‍ കര്‍ഷകര്‍ ഉപയോഗിക്കാത്തതിന് എതിരെയാണ് മോണ്‍സാന്റോ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. എല്ലാവര്‍ഷവും ഈ ജനിതക ഭീമനില്‍ നിന്നും പുതിയ വിത്തുകള്‍ വാങ്ങണമെന്നായിരുന്നു വിധി.
ചില പ്രാദേശിക സംഘടനകള്‍ തങ്ങള്‍ക്കെതിരെ ചില പ്രതിഷേധങ്ങളുയര്ത്തുന്നതായും എന്നാല്‍ ആരാണ് ഇതിന്റെ പുറകിലെന്നും ആരൊക്കെ പങ്കെടുക്കുന്നുണ്ടെന്നും അറിയില്ലെന്ന് മോണ്‍സാന്റോ വക്താവ് ടോം ഹെല്സ്ച്ചര് പറഞ്ഞു. പ്രാഥമികമായി മോണ്‍സാന്റോ വിത്ത് കമ്പനിയാണ്. കൂടാതെ കമ്പനി വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കളനാശിനികളും ഉത്പാദിപ്പിക്കുന്നുണ്ട്. എല്ലാവര്ക്കും തങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കൃഷി മെച്ചപ്പെടുത്താനാണ് കമ്പനിയുടെ ശ്രമമെന്ന് ഉറച്ചു വിശ്വസിക്കുന്നു.
കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ പ്രകൃതി വിഭവങ്ങള്‍ അതായത് ജലവും ഊര്‍ജവും സംരക്ഷിച്ച് കൃഷി മെച്ചപ്പെടുത്താന്‍ സഹായിക്കലാണ് കമ്പനി ചെയ്യുന്നതെന്നും ടോം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: