തൃശൂര്‍ : പ്രാചീന ഗോത്രസ്മൃതികളുടെ തിരുശേഷിപ്പുകള്‍ കണ്ടെടുത്തപ്പോള്‍ കുരുക്കില്‍പ്പെട്ടത് ഇയ്യാല്‍ എന്ന സ്ഥലത്തെ നാട്ടുകാരാണ്. കാലങ്ങള്‍ക്ക് മുമ്പ് ഖാനനം ചെയ്ത് ഏറെ പുരാവസ്തുക്കള്‍ കണ്ടെടുത്ത അന്നുമുതല്‍ ഇന്നുവരെയും ഇവര്‍ അനുഭവിക്കുന്നത് ഏറെ ദുരിതമാണ്. ഗ്രാമീണരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.
പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഈ പ്രദേശം. അതുകൊണ്ടുതന്നെ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ വകുപ്പിന്റെ അനുമതി വേണം. ഇതിനായി ചെന്നാല്‍ ഏറെ നൂലാമാലകള്‍ കടന്നുവേണം കാര്യം നടക്കാന്‍. പഴയ കൊച്ചിരാജ്യത്തിന്റെ തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന പത്തുകിലോമീറ്ററിനുള്ളില്‍ വെള്ളാറക്കാട്, കുടക്കല്ല്, ചൊവ്വന്നൂര്‍ ഗുഹ, കക്കാട് ക്ഷേത്രം, കാട്ടകാമ്പാല്‍ ചിറയ്ക്കല്‍ ഗുഹ, അരിയന്നൂര്‍ ശ്രീകൃഷ്ണക്ഷേത്രം, കണ്ടാണശ്ശേരി, ഇയ്യാല്‍ ഗുഹ ഇതെല്ലാം കേന്ദ്ര പുരാവസ്തു വകുപ്പിന്റേയും സംസ്ഥാന പുരാവസ്തു വകുപ്പിന്റേയും കീഴിലുള്ളതാണ്.
ഇയ്യാല്‍ ഗുഹയില്‍ നിന്നും ഖാനനം ചെയ്തപ്പോള്‍ 460 ബിസി കാലഘട്ടത്തിലുണ്ടായിരുന്ന സ്വര്‍ണത്തിന്റേയും വെള്ളിയുടേയും നാണയങ്ങള്‍ ലഭിച്ചിരുന്നു. ഈ കേന്ദ്രത്തിന്റെ നൂറുമീറ്റര്‍ പരിധിയില്‍ നിരോധിത മേഖലയില്‍ 200 മീറ്റര്‍ നിയന്ത്രിത മേഖലയുമാണ്. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ പ്രദേശത്തെ വീടുകളെല്ലാം തന്നെ ദുര്‍ബലമായ അവസ്ഥയിലാണ് നിലകൊള്ളുന്നത്. ഇവ ഇളക്കി മേയുന്നതിനോ പുതുതായി നിര്‍മ്മിക്കുന്നതിനോ കിണര്‍ കുഴിക്കുന്നതിനോ പ്രാഥമിക ആവശ്യത്തിനുള്ള കക്കൂസ് നിര്‍മിക്കുന്നതിന് പോലും ഇവിടുത്തുകാര്‍ക്ക് സാധിക്കാത്ത നിലയാണ്. ഇവ നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ നിയമലംഘനമായി കണക്കുകൂട്ടുകയും ജയില്‍വാസം വരെ ലഭിക്കാവുന്ന കുറ്റമായി കണക്കുകൂട്ടുകയും ചെയ്യും.
അഞ്ച് സെന്റിലും മൂന്ന് സെന്റിലും താമസിക്കുന്നവരാണ് ഇവിടെയുള്ളവരില്‍ ഭൂരിഭാഗം പേരും. ദുരിതമനുഭവിക്കുന്നവര്‍ സ്ഥലം വിറ്റ് മറ്റൊരിടത്തേക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ജീവിക്കുന്നത്. ഭൂമി വാങ്ങാന്‍ ആരും ഇവിടേക്ക് വരില്ല എന്നതുതന്നെയാണ് പ്രധാന കാരണം. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കി മാറ്റിപാര്‍പ്പിക്കാന്‍ ഭരണതലത്തില്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. പലസ്ഥലങ്ങളിലും പുരാവസ്തു തകര്‍ക്കുന്ന സംഭവം ഉണ്ടായതോടെ 2010ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയിരുന്നു.
പാലേലി മോഹനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: