തൃശൂര്‍: ശതാഭിഷിക്തനാകുന്ന ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ജി.മഹാദേവനെ രാഷ്ട്രസേവാസമിതിയുടെ നേതൃത്വത്തില്‍ പൗരാവലി ഇന്ന് ആദരിക്കും. കൗസ്തുഭം ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5മണിക്ക് നടക്കുന്ന സമാദരണ സദ്സംഗമം മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ഐ.പി.പോള്‍ അധ്യക്ഷത വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, ഡോ. മാര്‍. അപ്രേം മെത്രാപ്പോലീത്ത, മോണ്‍. ഡോ.ഫ്രാന്‍സിസ് ആലപ്പാട്ട്, റൂറല്‍ എസ്.പി പി.എച്ച്. അഷറഫ്, സ്വാമി സദ്ഭവാനന്ദ, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി എന്നിവര്‍ പങ്കെടുക്കും.
ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് സമാദരണസന്ദേശം നല്‍കും. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്.സേതുമാധവന്, സീമ ജാഗരണ്‍ സഹപ്രമുഖ് എ.ഗോപാലകൃഷ്ണന്, അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ.നന്ദകുമാര്‍, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി. ഭാസ്കരന്‍നായര്‍, തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പ്രൊഫ.എം. മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് കെ.കെ. മേനോന്, ജയരാജ് വാര്യര്‍, വി.ആര്.മോഹനന്, കെ.ജി. അരവിന്ദാക്ഷന്, ഡി. മൂര്‍ത്തി, ഡോ.കെ.എസ്. പിള്ള, കെ.വി. സദാനന്ദന് എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തും. സി. സദാനന്ദന്‍മാസ്റ്റര്‍ സ്വാഗതവും കെ.സുരേഷ്കുമാര്‍ നന്ദിയും പറയും.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകനായി 1946ല്‍ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ഇപ്പോഴും സാമൂഹ്യ-സാംസ്കാരിക രംഗത്ത് നിറഞ്ഞുനില്ക്കുന്നു. ആര്‍എസ്എസ്സിന്റെയും മറ്റ് സാമൂഹ്യസേവനസംഘടനകളുടെയും നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ച അദ്ദേഹം ഇപ്പോള്‍ ആര്‍എസ്എസ് തൃശൂര്‍ മഹാനഗര്‍ സംഘചാലക് ആണ്.
തന്റെ പ്രവര്‍ത്തന കാലഘട്ടത്തില്‍ ആര്‍എസ്എസ് പ്രാന്തീയസമ്പര്ക്കപ്രമുഖ്, വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡണ്ട്, പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. ഒല്ലൂര്‍ വൈദ്യരത്നം കോളേജിന്റെ ബോര്‍ഡംഗമാണ്. ആര്‍എസ്എസ്സിന്റെ തൃശൂര്‍ ജില്ലയിലെ ആദ്യ ജില്ലാ കാര്യവാഹ് ആയിരുന്നു അദ്ദേഹം.
ആദ്യസംഘചാലക് ആയിരുന്ന രാമന്മേനോന് ശേഷമാണ് ജില്ലാ സംഘചാലക് ആയത്. അടിയന്തരാവസ്ഥക്കാലത്ത് 20 മാസവും 19 ദിവസവും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
തൈലാംബാളാണ് ജി.മഹാദേവന്റെ ഭാര്യ. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ അമൃതഘടേശ്വരന്‍, നാഷണല്‍ യു കോപ്പറേറ്റീവ് സൊസൈറ്റി തൃശൂര്‍ സെക്രട്ടറി അനന്തകൃഷ്ണന്, ജയ ഗണേഷ്, എസിവി ന്യൂസ് റീഡര്‍ ശ്രീവിദ്യ എന്നിവരാണ് മക്കള്‍. ലളിത, പൂര്‍ണിമ, കെ.പി.ഗണേഷ്, മനു എന്നിവരാണ് മരുമക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: