പെരുമ്പാവൂര്‍: സര്‍വ്വ ചരാചരങ്ങള്‍ക്കും ശാന്തിയും സമാധാനവും സര്‍വൈശ്വര്യവും പ്രദാനം ചെയ്യുന്നതിനായി വേദോദ്ധാരകനായ തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ത്രിവേദ ലക്ഷാര്‍ച്ചനയ്ക്ക് നാളെ സമാപനം കുറിക്കും. കഴിഞ്ഞ ഒന്നു മുതല്‍ വേദപണ്ഡിതരുടെയും അഗ്നിഹോത്രികളുടെയും അനുവാദാനുഗ്രഹങ്ങളോടെ ആരംഭം കുറിച്ച പുണ്യകര്‍മ്മമാണ് തിങ്കളാഴ്ച ഉച്ചയോടെ സമാപിക്കുന്നത്. മൂന്ന് തലമുറകളിലേക്ക് ഊര്‍ജം പ്രദാനം ചെയ്യുന്ന രീതിയില്‍ അറിവും ആനന്ദവും അനുഭൂതിയും വളര്‍ത്തുന്നതിനായാണ് ലക്ഷാര്‍ച്ചന നടത്തിവരുന്നത്. വേദമന്ത്രമുഖരിതമായ തൃക്കളത്തൂരിലേക്ക് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
കേരളത്തിലെ ഒരത്യപൂര്‍വ്വ ചടങ്ങായി നടക്കുന്ന ശ്രീരാമസന്നിധിയിലെ ത്രിവേദ ലക്ഷാര്‍ച്ചന ഭാരതീയ സംസ്ക്കാരത്തിന്റെ പുനരുദ്ധാരണത്തിനുതന്നെ വഴിവയ്ക്കുമെന്ന് ശബരിമല മുന്‍ മേല്‍ശാന്തി എ.ആര്.രാമന് നമ്പൂതിരി പറയുന്നു. ആധ്യാത്മികവും ആദിഭൗതികവും ദൈവികവുമായ വൈഷമ്യങ്ങളില്നിന്ന് മോചനം നേടി ഈശ്വരസാക്ഷാത്കാരത്തിന്റെ ഉയര്‍ന്ന അനുഭൂതിയിലെത്താന്‍ ഈ മഹത്കര്മ്മത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറയുന്നു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അതിരാത്രം, സോമയാഗം, അഗ്നിയാധാരം എന്നിവയുടെ യജമാന സ്ഥാനം അലങ്കരിച്ച അഗ്നിഹോത്രികളേയും ഋത്തിക്കുകളേയും സമുചിതമായി സ്വീകരിച്ചുകൊണ്ടാണ് ത്രിവേദാര്ച്ചനക്ക് തുടക്കം കുറിച്ചത്.
ചരിത്രസംഭവമാകുന്ന ഈ മഹത്കര്‍മ്മത്തില്‍ പാഞ്ഞാള്‍ തോട്ടംമന ശിവകരന് നമ്പൂതിരി സാമവേദാര്ച്ചനക്കും ഭസ്മത്തില്‍ മേക്കാട്ട് മനക്കല് വല്ലഭന് നമ്പൂതിരി ഋഗ്വേദത്തിനും മുഖ്യകാര്‍മികത്വം വഹിച്ചു. ഇപ്പോള്‍ നടന്നുവരുന്ന യജൂര്വേദാര്ച്ചനക്ക് അണിമംഗലം സുബ്രഹ്മണ്യന് നമ്പൂതിരിയാണ് ആചാര്യപദം അലങ്കരിക്കുന്നത്. തന്ത്രി പുലിയന്നൂര്‍ അനിയന് നാരായണന് നമ്പൂതിരി, മേല്‍ശാന്തി വാരണംകോട്ട്മഠം ശങ്കരന് പോറ്റി എന്നിവരുടെ നേതൃത്വത്തിലാണ് ബ്രഹ്മകലശാഭിഷേകം നടക്കുന്നത്. ഇന്ന് രാവിലെ 5.30 മുതല്‍ യജൂര്‍വേദ മന്ത്രാര്‍ച്ചന, 9ന് ബ്രഹ്മകലശാഭിഷേകം, വൈകിട്ട് 6.30ന് പ്രഭാഷണം (വെണ്മണി കൃഷ്ണന് നമ്പൂതിരി), തിങ്കളാഴ്ച രാവിലെ 9.30ന് ധര്മ്മശാസ്താവിന് കലശാഭിഷേകം, 10ന് പഞ്ചവാദ്യസമേതം കളഭാഭിഷേകം, ഉച്ചപൂജ സോപാനസംഗീതം, 11.30ന് യജ്ഞപ്രസാദവിതരണം, വൈകിട്ട് പ്രഭാഷണം (രാഹൂല്‍ ഈശ്വര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: