മരട് : ജനമൈത്രി പോലീസ് സംവിധാനത്തിന്റെ പ്രവര്ത്തനംതാളംതെറ്റുന്നു. ബീറ്റ് ഓഫീസര്‍മാരുടെയും അനുബന്ധ സംവിധാനങ്ങളുടെയും അപര്യാപ്തതയാണ് കമ്മ്യൂണിറ്റി പോലീസിംങ്ങിന്റെ ഭാഗമായി നടപ്പിലാക്കിയ ജനമൈത്രിയെ തകിടം മറിക്കുന്നത്. പോലീസ് സംവിധാനത്തെ കൂടുതല്‍ ജനകീയമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാനത്ത് ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചത്. എന്നാല്‍ ഇവയില്‍ ഒന്നില്‍പോലും പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണത്തില്‍ ലഭ്യമാകുന്ന സൂചന.
ബീറ്റ് ഓഫീസര്‍മാരുടെ എണ്ണത്തിലുള്ള കുറവും, മറ്റ് അനുബന്ധ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ജനമൈത്രി ഫലപ്രദമാകാത്തത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കുന്നതിനായി ജസ്റ്റിസ് കെ.ടി തോമസിനെ പോലീസ് റിഫോംസ് കമ്മീഷനായി നിയോഗിച്ചിരുന്നു. 2006 ല്‍ കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.തുടര്‍ന്ന് 2007 ല്‍ പരിഷ്കരണം സംബന്ധിച്ച് കരടുരേഖ തയ്യാറാക്കി വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷം അംഗീകാരം നല്കി. ഇതിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു കമ്മ്യൂണിറ്റി പോലീസിംങ്ങ് എന്ന ജനമൈത്രി പോലീസ് സംവിധാനം.
കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷാകാര്യങ്ങളിലും പോലീസ് പൊതുജന സഹകരണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ജനമൈത്രി പോലീസിന്റെ ലക്ഷ്യങ്ങളിലൊന്ന്. 3 ചതുരശ്ര കിലോ മീറ്ററില്‍ കൂടുതലും ആയിരം വീടുകള്‍ ഉള്‍പ്പെടുന്നതായ പ്രദേശത്തെ ഒരു ബീറ്റായി കണക്കാക്കിയാണ് ജനമൈത്രിയുടെ പ്രവര്‍ത്തനം. ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഓഫീസറോ, സീനിയര്‍ സിപിഒ യോ അതുമല്ലെങ്കില്‍ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറോ ആയിരിക്കും ഒരു ബീറ്റിന്റെ ചുമതലയുള്ള ബീറ്റ് ഓഫീസര്‍. ഒരു വനിതാ സിവില്‍ പോലീസ് ഓഫീസറായി അസിസ്റ്റന്റ് ബീറ്റ് ഓഫീസര്‍. അതേബീറ്റിലേയും വീടുകളിലും പ്രദേശത്തെ പൊതുസ്ഥലത്തും എത്തി നേരിട്ട് വിവരശേഖരണം നടത്തിയും ജനങ്ങളുമായി ഇടപഴകിയും പോലീസ്, പൊതുജന സമ്പര്‍ക്കം ശക്തിപ്പെടുത്തേണ്ടത് ബീറ്റ് ഓഫീസര്‍ മാരാണ്. ഇതിനായി ഇവര്‍ക്ക് പ്രത്യേക വാഹന സംവിധാനവും ഏര്‍പ്പെടുത്തി നല്‍കാനാണ് വ്യവസ്ഥ.
2008 ല്‍ സംസ്ഥാനത്ത് 20 പോലീസ് സ്റ്റേഷനുകളിലാണ് ജനമൈത്രി പോലീസ് സംവിധാനം ആദ്യമായി നടപ്പിലാക്കിയത്. 2009 ല്‍ 23 സ്റ്റേഷനുകള്‍ കൂടി ജനമൈത്രിയാക്കി മാറ്റി .തുടര്‍ന്ന് 2010 ല്‍ 105 സ്റ്റേഷനുകളും 2012 ല്‍ 100 പോലീസ് സ്റ്റേഷന്‍കൂടി ജനമൈത്രിയാക്കി. ഇപ്പോള്‍ ആകെ 248 സ്റ്റേഷനുകളിലാണ് ഈ സംവിധാനമുള്ളത്. ഇത്രയും സ്റ്റേഷനുകളിലേക്കായി 1361 പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.
സംവിധാനത്തിന്റെ ഭാഗമായി ഓരോ ജനമൈത്രി പോലീസ് സ്റ്റേഷനുകളിലും മാസത്തില്‍ ഒരു തവണ ജനമൈത്രി സുരക്ഷാ സമിതിയോഗം ചേരണം. ജനപ്രതിനിധികളും പ്രാദേശിക മാധ്യമപ്രവര്‍ത്തകരും റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളും മറ്റും അടങ്ങുന്നതാണ് സുരക്ഷാ സമിതി. എന്നാല്‍ ഭൂരിഭാഗം സ്റ്റേഷനുകളിലും ഇത്തരം സമിതികള്‍ കൃത്യമായി യോഗം ചേരാറില്ലത്രേ. ഇതിന് പുറമെ ജില്ലാ പോലീസ് മേധാവിയും മേയര്‍, നഗര സഭാ അധ്യക്ഷന്മാരും മറ്റും ഉള്‍പ്പെടുന്ന ജനമൈത്രി ജില്ലാ ഉപദേശക സമിതിക്കും രൂപം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇത്തരം സമിതികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നാണ് നിര്‍ദേശം എന്നാല്‍ പല സ്ഥലങ്ങളിലും ഇത്തരം യോഗങ്ങള്‍ യഥാസമയം വിളിച്ച് ചേര്‍ക്കാറില്ലെന്നാണ് ലഭ്യമായ വിവരം. ഇതിന് പുറമെ ജില്ലാ പോലീസ് മേധാവിയും മേയര്‍ നഗരസഭാ അദ്ധ്യക്ഷന്മാരും മറ്റും ഉള്‍പ്പെടുന്ന ജനമൈത്രി ജില്ലാ ഉപദേശക സമിതിക്കും രൂപം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇത്തരം സമിതികള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ പല ജില്ലകളിലും ഇത്തരം യോഗങ്ങള്‍ യഥാസമയം വിളിച്ച് ചേര്‍ക്കാറില്ലെന്നാണ് ലഭ്യമായ വിവരം.
ഓരോ ജനമൈത്രി സ്റ്റേഷന് പരിധിയിലും ചുരങ്ങിയത് 5 ബീറ്റുകള്‍ മുതലാണുള്ളത്. 10 ബീറ്റുകള്‍ വരെയുള്ള സ്റ്റേഷനുകളുമുണ്ട്.ബീറ്റ് ഒന്നിന് 2 സിപിഒ മാര്‍ വീതം വേണം. ഒരാള്‍ വനിതയായിരിക്കണമെന്നും നിബന്ധനയുണ്ട്. എന്നാല്‍ സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും വനിതാപോലീസിന്റെ അംഗ ബലം രണ്ടുംമൂന്നുമാണ്. ജനമൈത്രിയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്.
എം.കെ സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: