അമ്പലപ്പുഴ: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി ബധിരയും മൂകയുമായ പതിനെട്ടുകാരിയെ ബന്ധുവായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവാവിനെ പിന്നീട് പുന്നപ്ര പോലീസ് പിടികൂടി. ഇന്നലെ രാവിലെ ഒന്‍പതോടെ പുന്നപ്ര വാടയ്ക്കല്‍ പ്രദേശത്തായിരുന്നു സംഭവം.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി എത്തിയ യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി കുതറിയോടി അച്ഛന്റെ മൊബൈല്‍ ഫോണില്‍ നിന്ന് സഹോദരന്റെ ഫോണിലേക്ക് വിളിച്ചു. ഫോണിലൂടെ ബഹളം കേട്ടതിനെ തുടര്‍ന്ന് സഹോദരന് വീട്ടിലെത്തിയപ്പോള്‍ സഹോദരിയെ കൈകാലുകള്‍ കേബിളുകള്‍ ഉപയോഗിച്ച് കെട്ടിയിട്ട് വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിച്ച നിലയിലുമായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് നടത്തിയ തെരച്ചിലില്‍ മണിക്കൂറുകള്‍ക്കകം തന്നെ മറ്റൊരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇവരുടെ ബന്ധു കൂടിയായ പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാംവാര്‍ഡ് കറുകപ്പറമ്പ് ജോസി (32)നെ പിടികൂടി. മത്സ്യത്തൊഴിലാളിയായ അച്ഛനും സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്ന അമ്മയും വീട്ടിലില്ലാത്ത സമയം നോക്കിയാണ് ജോസ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
വിവാഹ വാഗ്ദാനം നല്കി പ്രശാന്ത് എന്ന യുവാവ് രണ്ടുമാസം ഈ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ റിമാന്‍ഡിലായ ഇയാള്‍ ഇപ്പോഴും ജയിലിലാണ്. ഇയാളുടെ സുഹൃത്ത് കൂടിയാണ് ജോസ്. ഇന്നലെ ഉച്ചയോടെ പ്രതിയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ കഴുത്ത് മുറിക്കാന്‍ ഉപയോഗിച്ച ബ്ലേഡുകളും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: