കണ്ണൂര്‍: അഞ്ചു വര്‍ഷത്തോളമായി ആയുധപരിശീലനം നടക്കുന്ന നാറാത്തെ ഭീകരപരിശീലനകേന്ദ്രത്തിലേക്ക് ഇന്ന് ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരക്കും. ഭീകരപരിശീലനകേന്ദ്രങ്ങള്‍ തകര്‍ക്കുക, ഭീകരവാദികളെ തുറുങ്കിലടക്കുക, നാറാത്ത് സംഭവത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി മാര്‍ച്ച്. രാവിലെ 10 മണിക്ക് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കോടോത്ത്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, നേതാക്കളായ പി.കെ.വേലായുധന്, എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, യു.ടി.ജയന്തന്, എ.പി.ഗംഗാധരന്, കെ.കെ.വിനോദ് കുമാര്‍, എ.ഒ.രാമചന്ദ്രന്, ബിജു ഏളക്കുഴി, പി.എ.റിതേഷ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.
ബിജെപി നടത്തുന്ന ജനകീയ മാര്‍ച്ച് തടയുമെന്ന് മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് തടയുമെന്ന് എഴുതിയ ഫ്ലക്സ് ബോര്‍ഡുകള്‍ പുതിയതെരു, മയ്യില്‍ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തികച്ചും സമാധാനപരമായി നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് തടയുമെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ തീരുമാനം ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെയും യോഗാഭ്യാസത്തിന്റെയും മറവില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന ആയുധപരിശീലന ക്യാമ്പുകളില്‍ ഒന്നുമാത്രമാണ് നാറാത്തേത്. ഇവിടെ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട 21 തീവ്രവാദികളില്‍ നിന്നും പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഗള്‍ഫ് നാടുകളില്‍ നിന്നും തീവ്രവാദികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കിന് രൂപ ഉപയോഗിച്ചാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഗള്‍ഫില്‍ നിന്നും പണം നിക്ഷേപിച്ചത് മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘമാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ബിജെപിയുടെ ജനകീയ മാര്‍ച്ച് തങ്ങളുടെ തീവ്രവാദമുഖം തുറന്നുകാട്ടുമെന്ന ഭയമാണ് മാര്‍ച്ചിനെതിരെ തിരിയാന്‍ പോപ്പുലര്‍ ഫ്രണ്ടിനെ പ്രേരിപ്പിക്കുന്നത്.
കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവും പ്രതിക്കൂട്ടിലാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനുള്ള പങ്ക് പോലീസിന് വ്യക്തമായിട്ടുണ്ട്. ഭരണത്തിന്റെ തണലിലാണ് ദേശവിരുദ്ധ ശക്തികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ഭീകരവിരുദ്ധ കേന്ദ്രത്തിലേക്ക് നടക്കുന്ന മാര്‍ച്ചിനെതിരെ സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. തീവ്രവാദ കേസുകളില്‍ ഭരണതലത്തില്‍ മുസ്ലീം ലീഗിന്റെയും മറ്റും സമ്മര്‍ദ്ദത്തില്‍ കേസന്വേഷണം ഫലപ്രദമായി നടക്കാറില്ലെന്നും ഭീകരകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്താനുള്ള ബിജെപി നീക്കം സംഘര്‍ഷത്തിന് കാരണമാകുമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി ജയരാജന്റെ ഭാഷ്യം.
നാറാത്ത് കേസ് കെട്ടിച്ചമച്ചതാണെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഐഎന്‍എല്‍ ദേശീയ പ്രസിഡണ്ട് സുലൈമാന്‍ ഇബ്രാഹിം കഴിഞ്ഞദിവസം കണ്ണൂരില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് നാറാത്ത് വിഷയത്തില്‍ സിപിഎം നിലപാട് മാറ്റിയത്. ബിജെപി മാര്‍ച്ചിനെതിരെ എന്‍ഡിഎഫും സിപിഎമ്മും ഒരേ സമയം രംഗത്തെത്തിയത് രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ വര്‍ഗ്ഗീയ പ്രീണനനിലപാടിന്റെ വ്യക്തമായ സൂചനയായും ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാര്‍ച്ചിനെതിരായ നീക്കത്തിന്റെ ഭാഗമായി മാര്‍ച്ച് നിരോധിച്ച പോലീസ് മയ്യില്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്ന് കാലത്ത് മുതല്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നിശ്ചയിച്ച ജനകീയ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: