ചെങ്ങന്നൂര്‍: വിദേശത്തേക്ക് വിസവാഗ്ദാനം ചെയ്ത് 29 പേരില്‍ നിന്നായി സിപിഎം വനിതാ നേതാവ് ഉള്‍പ്പെടെയുള്ള സംഘം പന്ത്രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ജനാധിപത്യ മഹിളാ അസോസിയേഷന് മുളക്കുഴ സൗത്ത് മേഖലാ മുന്‍ സെക്രട്ടറി കാരയ്ക്കാട് എരുമാല തടപുരയിടത്തില് ലില്ലിക്കുട്ടി, നെല്ലിയ്ക്കാമണ്‍ കിടാരക്കുഴിയില്‍ മോളി, ഇവരുടെ മകള്‍ രജു.പി.രാജ് എന്നിവര്‍ക്കെതിരെയാണ് കബളിപ്പിക്കപ്പെട്ടവര്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
ചെങ്ങന്നൂര്‍, കാരയ്ക്കാട്, അമ്പാടിയില്‍ മണിക്കുട്ടന്, അജീഷ് കുമാര്‍, ചന്ദ്രന്, സുധാകരന്, രാജേഷ്, വത്സലാദേവി, അശ്വതി തുടങ്ങി 29 പേരാണ് പരാതി നല്‍കിയത്. ലില്ലിയുടെ ഭര്‍ത്താവ്, വിദേശത്ത് ജോലിയുള്ള പ്രസാദിന്റെ നേതൃത്വത്തില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഓരോരുത്തരില്‍ നിന്നും നാല്പതിനായിരം രൂപയും എട്ട് ഫോട്ടോകളും ഉള്‍പ്പെടെ 2012 നവംബര്‍ 17ന് വാങ്ങി. ഒരാഴ്ചയ്ക്കകം വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും വിസ നല്‍കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ തങ്ങളോട് പല അവധികള്‍ പറഞ്ഞെന്നും ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്നും പരാതിയില്‍ ഉണ്ട്.
വിദേശത്ത് തുടങ്ങുന്ന പുതിയ കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ടെന്ന പേരിലാണ് ആളുകളില്‍ നിന്നും പണം തട്ടിയിരിക്കുന്നത്. ലില്ലിയുടെ നേതൃത്വത്തിലാണ് പണം തട്ടിയെടുത്തതെന്ന് പരാതിക്കാര്‍ പറയുന്നു. പല പ്രാവശ്യം അന്വേഷിച്ചെത്തിയ ആളുകളോട് ഉടന്‍ ടിക്കറ്റ് ലഭിക്കും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് വിടുകയായിരുന്നു എന്നും മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയോ പണമോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തട്ടിപ്പിന് ഇരയായവര്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന് സിഐ കെ.ബൈജുകുമാറിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: