തിരുവനന്തപുരം: പ്രൊഫ.എം.പി.മന്മഥന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു. കേരളത്തിന്റെ നാനാതുറകളിലും സമ്പൂര്‍ണ്ണമാറ്റം വരുത്തുന്നതിന് വേണ്ടി ശബ്ദമുയര്‍ത്തിയ മഹദ് വ്യക്തിത്ത്വമായിരുന്നു പ്രൊഫ.എം.പി.മന്മഥനെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ മദ്യനിരോധനത്തിനായി ശക്തമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടുകള്‍ കേരളസമൂഹത്തില്‍ ആശയപരമായ വലിയമാറ്റങ്ങല്ക്ക് വഴിതെളിച്ചു. തന്റെ ആശങ്ങളില്‍ വെള്ളംചേര്‍ക്കാതെ നിലപാടുകളില്‍നിന്ന് ഒരടി പിന്നോട്ട് മാറാതെ അദ്ദേഹം നിലകൊണ്ടു.
പ്രൊഫ.എം.പി.മന്മഥന് എതിര്‍ത്തവയെല്ലാം ഇന്ന് സമൂഹത്തിന് ഭീഷണിയായി നില്ക്കുന്നു. കേരളീയന്റെ മദ്യാസക്തി വര്‍ദ്ധിച്ച് വന്നിരിക്കുന്നു. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മദ്യാസക്തി കൂടുതല്‍ കേരളത്തിലാണ്. അക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ച് വരുന്നു. പെണ്കുരുന്നുകള്ക്ക് സ്വന്തം വീട്ടില്‍നിന്ന് പോലും പീഡനങ്ങള്‍ നേരിടേണ്ടിവരുന്നു.
സംസ്കാര സമ്പന്നരെന്ന് മേനിനടിക്കുന്ന നമുക്ക് മൂല്യശോഷണം കൈവന്നു. ഇതിന് തടയിടാന്‍ ശക്തമായ ബോധവല്‍ക്കരണം വേണം. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ബോധവല്‍ക്കരണം നടത്തണം. മന്മഥന്റെ ആശയങ്ങളെ മുന്നോട്ട് വച്ച് മദ്യത്തിനും മയക്ക് മരുന്നിനുമെതിരെ, കൈമോശം വന്ന സംസ്കാരത്തെ മൂല്യങ്ങളെ തിരിച്ച് പിടിക്കാന്‍ ശ്രമങ്ങളുണ്ടാകണം.
ഇതിനായി ഗാന്ധിസ്മാരകനിധി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എം.പി.മന്മഥന്റെ ജീവചരിത്രം മന്ത്രി ഗാന്ധിസ്മാരകനിധി ചെയര്മാന് പി.ഗോപിനാഥന് നായര്‍ക്ക് നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ കവയിത്രി സുഗത കുമാരി മുഖ്യപ്രഭാഷണം നടത്തി. മേഘാലയ മുന്‍ ഗവര് എം.എം.ജേക്കബ്, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മുന്‍ എം.പി. പി.വിശ്വംഭരന്, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്.തമ്പാന്, പ്രൊഫ.എന്‍.പി.മന്മഥന് ജന്മശതാബ്ദി ആഘോഷക്കമ്മറ്റ് ചെയര്മാന് ഡോ.എന്‍.രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: