ലണ്ടന്‍: ഗാന്ധിജിയെ സംബന്ധിച്ചുള്ള ഓര്‍മകള്‍ അടങ്ങുന്ന വന്‍ശേഖരം ലേലം ചെയ്യുന്നു. മഹത്മാ ഗാന്ധിയുടെ രക്തകറപുരണ്ട പുല്ലും മണ്ണും കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ ലേലത്തിനായി വച്ചിരുന്നു ഇത് 8.18 ലക്ഷം രൂപക്കാണ് വിറ്റുപോയത്.
അതേ ലണ്ടനില്‍ ഈ മാസം നടക്കാന്‍ പോകുന്ന ലേലത്തിലും ഗാന്ധിജിയുടെ ഒരു തുള്ളി രക്തം ഉള്‍പ്പെടുന്നു. എന്നാല്‍ കഴിഞ്ഞ പ്രാവശ്യം വിറ്റുപോയതിന്റെ ഇരട്ടി വിലക്കു വിറ്റു പോകുമെന്നാണ് കണക്കു കൂട്ടല്‍.
മുല്ലോക്ക് എന്ന കമ്പനിയാണ് ഗാന്ധിജിയുടെ അപൂര്‍വ്വ ശേഖരങ്ങള്‍ ലേലത്തിനായി എത്തിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനക്കായി ഉപയോഗിച്ചിരുന്ന മുത്ത് മണികള്‍, തന്റെ മകനു നല്കിയ വക്കാലത്ത്, സ്വകാര്യ രാമായണ പുസ്തകം എന്നിങ്ങനെയുള്ള ഗാന്ധിജിയുടെ അത്യപൂര്‍വമായ ശേഖരങ്ങളാണ് ലേലത്തിനായി ഒരുക്കിയിരിക്കുന്നത്.
ഗാന്ധിജിയെ സംബന്ധിച്ച ഏകദേശം അന്‍പതോളം ശേഖരങ്ങളാണ് ലണ്ടനിലെ ലേലത്തിലേര്പ്പെടുന്നവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗാന്ധിജി രക്തദാനം ചെയ്തപ്പോള്‍ പരിശോധനക്കായി വെള്ളി മൈക്രോസ്കോപ്പിലെ സ്ലൈഡില്‍ ശേഖരിച്ച ഒരു തുള്ളി രക്തമാണിത്. 1924-ല്‍ സുഹ്യത്തായ സുമതി മൊറാര്‍ജിയുടെ ശസ്ത്രക്രിയക്ക് വേണ്ടി ഗാന്ധിജി രക്തം ദാനം ചെയ്തപ്പോള്‍ ഉപയോഗിച്ച സ്ലൈഡാണ് 15,000 പൗണ്ഡിന് വിറ്റുപോകും എന്ന് പ്രതീക്ഷിക്കുന്നത്.
ലേലത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ഉല്‍പ്പന്നങ്ങളായ ഗാന്ധിജിയുടെ ചിഹ്നങ്ങളിലൊന്നായ ലതറില്‍ തീര്‍ത്ത മെതിയടി, അദ്ദേഹം എപ്പോഴും കൊണ്ടുനടന്ന അംഗവസ്ത്രം, സ്വന്തം കൈയാല്‍ നെയ്ത കിടക്കവിരി, ആഹാരം കഴിക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രം, ഫോര്‍ക്ക്, സ്പൂണ്‍ കൂടാതെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന കപ്പ് എന്നിങ്ങനെ അനേകം ശേഖരങ്ങള്‍ അടങ്ങുന്നു.
ഗാന്ധിജി മകന് നല്കിയ വക്കാലത്താണ് ലേലത്തിലെ മറ്റോരു പ്രധാന ആകര്‍ഷണവസ്തു. 1920 നവംബറില്‍ ഗാന്ധിജി സ്വന്തം കൈപ്പടയില്‍ എഴുതിയ നാലു പേജ് വരുന്ന വക്കാലത്തില്‍ തന്റെ സ്വത്തുകളുടെ അവകാശം മകനു എഴുതി കൊടുക്കുന്ന തരത്തിലാണുള്ളത്. ഈ വക്കാലത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെയും ബാങ്ക് ഓഫ് ഇന്ത്യയുടെയും സ്റ്റാമ്പുകള്‍ പതിച്ചിട്ടുണ്ട്.
അഹമ്മദാബാദ് സബ് രജിസ്റ്റാറിന്റെ ഒപ്പും സീലും അടങ്ങിയിട്ടുമുണ്ട്. ഈ നാലു പേജടങ്ങിയ വക്കാലത്തിനു 40,000 പൗണ്ഡാണ് ലേലത്തിന്റെ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഗാന്ധിജിയുടെ മറ്റനേകം കത്തുകളും ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1932-ല്‍ വര്‍ണ്ണവിവേചനത്തിനെതിരെ ബ്രിട്ടണില്‍ പ്രസംഗിച്ചതിന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഗാന്ധിജി ഭീകരവാദിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവും കത്തിലുണ്ട്.
കഴിഞ്ഞമാസം ഫെബ്രുവരിയില്‍ മുല്ലോക്ക് നടത്തിയ ലേലത്തില്‍ 1943-ല്‍ ബ്രീട്ടീഷ് സര്‍ക്കാര്‍ ഗാന്ധിജിയെ ജയിലില്‍ അടച്ചുകൊണ്ടുള്ള കത്ത് റെക്കോര്‍ഡ് വിലയായ 115,000 പൗണ്ഡിനാണ് വിറ്റുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: