തിരുവനന്തപുരം: അന്തര്‍ സംസ്ഥാന നദീ ജലകരാറുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതിരെ പത്ര ഉടമകള്‍ രംഗത്ത്. വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തി വ്യക്തമായ വിശദീകരണം നല്‍കണമെന്ന് പത്ര ഉടമകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രമുഖ പത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പരമാര്‍ശത്തിനെതിരെയാണ് പത്ര ഉടമകള്‍ രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. നദീജല വിഷയത്തില്‍ കേരളകൗമുദി, മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങള്‍ തമിഴ്നാടിന്റെ താല്പര്യങ്ങള്ക്ക് അനുസരിച്ച് വാര്‍ത്ത നല്‍കിയെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഉണ്ണിക്കൃഷ്ണന് എന്ന ഉദ്യോഗസ്ഥന് പത്രത്തിന്റെ ലേഖകരെ സ്വാധീനിച്ച് കേരള വിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് പത്ര ഉടമകളുടെ വാദം. കേരളത്തിന്റെ വാദങ്ങളാണ് മുന്‍തൂക്കം നല്കി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പത്രങ്ങള്‍ വ്യക്തമാക്കുന്നു. മറിച്ചാണ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഏതു റിപ്പോര്‍ട്ടാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പത്ര ഉടമകള്‍ ആവശ്യപ്പെട്ടു.
ഈ പത്രങ്ങളുടെ ഏതെങ്കിലും ലേഖകര്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ വഴി ആനുകൂല്യങ്ങളോ സൗകര്യങ്ങളോ സ്വീകരിച്ചതായി സര്‍ക്കാരിന് അറിവുണ്ടെങ്കില്‍ അത് വെളിപ്പെടുത്തുകയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: