പള്ളുരുത്തി: യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തെത്തുടര്‍ന്ന് കുമ്പളങ്ങിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പരിക്കേറ്റ ഐ വിഭാഗം പ്രവര്‍ത്തകരായ പഞ്ചായത്തംഗം ദിലീപ് കുഞ്ഞുകുട്ടി, പി.എ.സഗീര്‍, ജോസ്മോന്, ജോണി ഉരുളോത്ത്, ജോര്‍ജ്ജ് കുട്ടി, എ.വിഭാഗക്കാരനായ ജസ്റ്റിന് ആന്റണി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പളങ്ങി കോണ്‍ഗ്രസ് ഓഫീസിനു സമീപം ഞായറാഴ്ച വൈകുന്നേരം 4.20ഓടെയാണ് സംഭവം. തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ ഒഴിവാക്കി വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വീകരണം സംഘടിപ്പിച്ചതാണ് ഐ-വിഭാഗത്തെ ചൊടിപ്പിച്ചത്. സ്വീകരണ യോഗം നടന്നുകൊണ്ടിരുന്നപ്പോള്‍ ഐ വിഭാഗക്കാരനായ സഗീറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഓഫീസിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞതായി എ വിഭാഗം ആരോപിച്ചു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസില്‍ സംഘടിച്ചിരുന്ന എ വിഭാഗം പ്രവര്‍ത്തകര്‍ സഗീറിനുനേരെ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇയാളുടെ തലക്കും, കൈക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എ വിഭാഗം മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഐ വിഭാഗം കുമ്പളങ്ങിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കുത്തകയായി വെച്ചുകൊണ്ടിരുന്ന സ്ഥാനങ്ങള്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയാണ് എ വിഭാഗം പ്രകടിപ്പിക്കുന്നതെന്ന് ഐ വിഭാഗം ആരോപിച്ചു. പ്രശ്നങ്ങളില്‍ ഇടപെട്ട് എ-വിഭാഗത്തിന് പിന്തുണ നല്‍കുന്നത് കേന്ദ്രമന്ത്രി കെ.വി.തോമസും, ഡൊമനിക്ക് പ്രസന്റേഷനും ചേര്‍ന്നാണെന്ന് ഐ വിഭാഗം നേതാക്കള്‍ ആരോപിച്ചു. പ്രശ്നത്തില്‍ എ വിഭാഗം പറയുന്നതുപോലെയാണ് പോലീസ് പെരമാറുന്നതെന്നും ഇവര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സംഘര്‍ഷം പ്രദേശത്ത് മൂര്‍ഛിക്കുമെന്ന സൂചനയാണ് ഇരുവിഭാഗവും നല്‍കുന്നത്. മന്ത്രി കെ.വി.തോമസ് പ്രദേശത്ത് നടത്തുന്ന പൊതുപരിപാടികള്‍ ഉള്‍പ്പെടെയുള്ളവ തടയുമെന്നും ഐ വിഭാഗം പറഞ്ഞു. പരിക്കേറ്റ ഐ വിഭാഗം പ്രവര്‍ത്തകരെ കരുവേലിപ്പടി ഗവ.മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ വിഭാഗക്കാരെ കുമ്പളങ്ങി ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: