തൃപ്പൂണിത്തുറ: ചോറ്റാനിക്കരയില്‍ പൊതുകാനകള്‍ മണ്ണിട്ട് മൂടിയ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സംഘടന, ഹിന്ദുഐക്യവേദി, ബിജെപി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ചോറ്റാനിക്കര ടൗണില്‍ ഹര്‍ത്താല്‍ നടത്തും. വ്യാപാരികള്‍ കടകളടച്ച് ഇന്നലെയും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ചോറ്റാനിക്കര ടൗണിലെ ഹോട്ടലുകളില്‍നിന്നും സ്വകാര്യ ലോഡ്ജുകളില്‍നിന്നും മലിനജലത്തോടൊപ്പം കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പഞ്ചായത്ത്-പൊതുമരാമത്ത് അധികൃതര്‍ കാന മണ്ണിട്ട് നികത്തിയതെന്നാണ് പറയുന്നത്. കാന മൂടിയതിനാല്‍ മലിനജലം ഒഴുക്കിക്കളയാനാവാത്ത അവസ്ഥയാണ്.
കഴിഞ്ഞ കൊല്ലവും ഇതേ നടപടി പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുകയുണ്ടായി. എന്നാല്‍ ഹോട്ടലുടമകള്‍ ഹൈക്കോടതിയെ സമീപിച്ച് പഞ്ചായത്ത് നടപടി തടഞ്ഞ് ഉത്തരവ് നേടിയിരുന്നു. അതോടൊപ്പം കുഴല്‍ സ്ഥാപിച്ച് മലിനജലം ഒഴുക്കാന്‍ ഹോട്ടലുകള്‍ക്ക് കോടതി നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ കാന ഭാഗികമായി മണ്ണിട്ട് മൂടിയതിനാല്‍ ഹോട്ടലുകാര്‍ക്ക് മലിനജലം ഒഴുക്കിക്കളയാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണ്. കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പഞ്ചായത്ത് കാന മണ്ണിട്ട് മൂടിയത്. പഞ്ചായത്തിന്റെ നടപടി ജില്ലാ കളക്ടറും സ്റ്റേ ചെയ്തിരിക്കുകയാണ്. ദേവസ്വം സത്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്. സത്രങ്ങളില്നിന്ന് കക്കൂസ് മാലിന്യം ഒഴുക്കുന്നതായി ആരോപിച്ചാണിത്.
എന്നാല്‍ സത്രത്തില്‍നിന്ന് മാലിന്യമൊഴുക്കുന്നതായ ആരോപണം ദേവസ്വം അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ഏകപക്ഷീയ നടപടിയില്‍ വ്യാപാരി സമൂഹം ശക്തമായ പ്രതിഷേധത്തിലാണ്. ഞായറാഴ്ച മുതല്‍ ഹോട്ടലുകള്‍ അനിശ്ചിതമായി അടച്ചിടുന്നതിനും തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: