കൊച്ചി: കൊച്ചി മെട്രോ റയിലിനുളള മുട്ടം യാര്ഡിനായുളള പ്രവര്‍ത്തനങ്ങള്‍ മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നു കേന്ദ്രഭക്ഷ്യമന്ത്രി കെ.വി.തോമസ്. സ്ഥലമൊരുക്കുന്നതുമായി ബന്ധപ്പെട്ട് നേവിയും എന്‍എഡിയും ഉന്നയിച്ചിരുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചു. മുട്ടം യാര്‍ഡ് നിര്‍മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എല്ലാ സഹായവും ഇവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതേക്കുറിച്ചാലോചിക്കാന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. 45 ഏക്കര്‍ ഭൂമിയാണ് യാര്‍ഡിനായി ഒരുക്കുന്നത്. പ്രതിദിനം 150 വാഹനങ്ങള്‍ യാര്‍ഡ് നിര്‍മാണ സ്ഥലത്തേക്ക് ഗതാഗതം നടത്തേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അത് ഡിഎംആര്‍സി, എന്‍എഡി പ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും തോമസ് മാസ്റ്റര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ രാജ്യരക്ഷാ മന്ത്രി എ.കെ.ആന്റണി പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഇതു സംബന്ധിച്ച് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം നാവികസേന, എന്‍.എ.ഡി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രമന്ത്രി കെ.വി.തോമസിനെ ഇതിനു നേതൃത്വം നല്കാന് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദും കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു.
ചര്‍ച്ചയില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, നാവികസേന പ്രതിനിധികളായ റിയര്‍ അഡ്മിറല്‍ അശോക്കുമാര്, കമഡോര്‍ സുനില്‍, എന്‍എഡി ചീഫ് ജനറല്‍ മാനേജര്‍ ലക്ഷ്മണ്‍സിങ്ങ്, ജനറല്‍ മാനേജര്‍ ഇ.പ്രകാശ്, കൊച്ചി മെട്രോ എം.ഡി പി.ശ്രീറാം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: