കൊച്ചി: മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ട്രാഫിക് പോലീസ് നടത്തിയ പരിശോധനയില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേര് പിടിയിലായി. ഇന്നലെ രാവിലെ വൈറ്റില ജംഗ്ഷനിലായിരുന്നു ബ്രിത്ത് അനലൈസര്‍ ഉപയോഗിച്ച് പോലീസ് പരിശോധന നടത്തിയത്. സ്വകാര്യ ബസ് ഡ്രൈവര്‍ ലഹരി പദാര്‍ത്ഥങ്ങളും മദ്യവും കഴിച്ച് വാഹനം ഓടിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരക്കാരെ കയ്യോടെ പിടിക്കാന്‍ പ്രത്യേക പരിശോധനയുമായി ട്രാഫിക് പോലീസ് രംഗത്തിറങ്ങിയത്.
ഇടപ്പള്ളി ട്രാഫിക്സ്റ്റേഷനിലെ എസ് ഐ അബൂബക്കറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം രാവിലെ 8 മുതല്‍ നഗരത്തില്‍ മദ്യപരിശോധന തുടങ്ങിയത് . സ്വകാര്യ , കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പത്തോളം പേരാണ് ആദ്യം പിടിയിലായത്. ബോറടിമാറ്റാന്‍ ചെറിയതോതില്‍ മദ്യപിച്ചവരും ലഹരി തലയ്ക്ക് പിടിച്ചവരും ഇക്കൂട്ടത്തിലുണ്ടായിരുതെന്ന് പോലീസ് പറഞ്ഞു. കൂടിയ അളവില്‍ മദ്യം അകത്താക്കിയതായി പരിശോധനയില്‍ കണ്ടെത്തിയ സ്വകാര്യ, കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും , ലോറി ഡ്രൈവര്‍മാരും പോലീസ് കസ്റ്റഡിലായി. കൊച്ചി നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ് തോമസ് ,അലക്സ്മോന്‍ , വെല്‍ഫോര്‍ട്ട് ,ദോസ്ത് തുടങ്ങിയ ബസുകളിലെ ഡ്രൈവര്‍മാര്‍ മദ്യലഹരിയിലാണ് ബസ് ഓടിച്ചിരുന്നത്. എറണാകുളത്ത് നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന ഒരു കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലെ ഡ്രൈവറും മദ്യ പരിശോധനയില്‍ കുടുങ്ങി. പാചകവാതക ടാങ്കര്‍ ലോറിയുടെ ഡ്രൈവറും പോലീസിന്റെ പിടിയിലകപ്പെട്ടു.
പിടികൂടിയവരെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഡ്രൈവിംഗ് ലൈസന്‍സുകളും താത്കാലികമായി തടഞ്ഞുവെയ്ക്കും. പരിശോധന വരും ദിവസങ്ങളില്‍ കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു. മദ്യ ലഹരിയില്‍ ബസുകളും മറ്റും ഓടിക്കുന്നത് അപടകങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പരാതി വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: