കൊച്ചി: മലിനമായ കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ക്കെതിരെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഡ്സ് ആക്റ്റ് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷ്ണര്‍ മുന്നറിയിപ്പ് നല്കി. ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളിലും വിതരണം ചെയ്യുന്ന കുടി വെള്ളം മലിനമാണെന്ന് കണ്ടെത്തിയതിനാല്‍ വകുപ്പ് പുറപ്പെടുവിക്കുന്ന നിബന്ധനകള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശം നല്കി.
കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളിലും വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ടാങ്കുകള്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന് പ്രകാരം എഫ്.ബി.ഒ ലൈസന്‍സുകള്‍ എടുത്തതിനു ശേഷം മാത്രമേ സംസ്ഥാനത്ത് കുടിവെള്ള വിതരണവും വില്‍പ്പനയും നടത്താന്‍ അനുവദിക്കൂ. വാഹന ഉടമകള്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സില്‍ രജിസ്ട്രേഷന് നമ്പറുകള്‍ രേഖപ്പെടുത്തിയിരിക്കണം. വാടക വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും നിയമം ബാധകമാണ്.
വാഹനങ്ങളില്‍ കുടിവെള്ളം എന്ന് ഇംഗ്ലീഷിലും മലയാളത്തിലും വ്യക്തമായി എഴുതിയിരിക്കണം. കുടിവെള്ളമല്ലെങ്കില് മറ്റ് ആവശ്യങ്ങള്‍ക്കുള്ള വെള്ളം എന്നും എഴുതി പ്രദര്‍ശിപ്പിച്ചിരിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ കൊണ്ടുപോകുന്ന വെള്ളം കുടിവെള്ളമായി കണക്കാക്കി നിയമനടപടികള്‍ സ്വീകരിക്കും. എഫ്.ബി.ഒ ലൈസന്‍സ് നമ്പറും വണ്ടികളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കുടിവെള്ളം ശേഖരിക്കുന്ന ടാങ്കറുകളുടെ ഉള്‍വശം നിര്‍ദിഷ്ട കോട്ടിങ് ഉള്ളവയായിരിക്കണം. കൂടാതെ വാട്ടര്‍ അതോറിറ്റി ഒഴികെയുളള കുടിവെള്ള സ്രോതസുകള്‍ക്ക് എഫ്.ബി.ഒ ലൈസന്‍സ് ഉണ്ടായിരിക്കണം. ആറ് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലോ എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ലാബുകളിലോ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ സ്രോതസുകളില്‍ നിന്ന് കുടിവെള്ളം വിതരണം ചെയ്യാവൂ.
കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ലൈസന്‍സ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോര്‍ട്ട്, കുടിവെള്ള ടാങ്കറിന്റെ ശേഷി, കോട്ടിങ്ങ് എന്നിവയുടെ വ്യക്തമായ രേഖകള്‍ ഉണ്ടായിരിക്കണം. രേഖകളുടെ അഭാവത്തില്‍ വാഹനം പിടിച്ചെടുക്കുന്നതും പ്രോസിക്യൂനും ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും.
കുടിവെള്ളം പുറമേനിന്നും വാങ്ങുന്ന ഉപഭോക്താക്കള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സുള്ള വിതരണക്കാരില്‍ നിന്നു മാത്രമേ വാങ്ങാവൂ. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഫ്ലാറ്റുകള്‍, ആശുപത്രികള്‍, വീടുകള്‍ തുടങ്ങി കുടിവെള്ളം ആവശ്യമായി വരുന്നവര്‍ വിതരണക്കാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്. രജിസ്റ്ററില്‍ വാങ്ങുന്ന വെള്ളത്തിന്റെ കൃത്യമായ അളവ് ലിറ്ററിലും, വിതരണക്കാരുടെ ലൈസന്‍സ് വിവരങ്ങള്‍, വിതരണത്തെ സംബന്ധിച്ച കരാറിന്റെ പകര്‍പ്പ് എന്നിവ സൂക്ഷിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫുഡ് സേഫ്റ്റി ടോള്‍ ഫ്രീ നമ്പറായ 1800 425 1125 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: