ബോവിക്കാനം: ബോവിക്കാനത്ത് സംഘപരിവാര്‍ നേതാക്കളേയും പ്രവര്‍ത്തകരേയും ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധമിരമ്പി സംഘപരിവാര്‍ സംഘടനകളുടെ ആദൂറ്‍ സിഐ ഓഫീസ് മാര്‍ച്ച്. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ച് പോലീസ് ഭീകരതയ്ക്കെതിരായ താക്കീതായി മാറി. നിരപരാധികളെ വേട്ടയാടിയ പോലീസിണ്റ്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. അതിക്രമത്തിന് നേതൃത്വം നല്കിയ ആദൂറ്‍ സിഐ സതീഷ്കുമാറിനേയും എഎസ്ഐ സുഗുണനെയും സസ്പെണ്റ്റ് ചെയ്യണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെട്ടു. മുള്ളേരിയ പെരിയടുക്കത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് സിഐ ഓഫീസിനുസമീപത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന ഹിന്ദുഐക്യവേദി സംസ്ഥാന നേതാവ് കരുണാകരന് മാസ്റ്ററെ പ്രായാധിക്യം വകവെയ്ക്കാതെ ക്രൂരമായി തല്ലിച്ചതച്ച ആദൂറ്‍ സിഐ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ചികിത്സ നല്‍കാതിരുന്ന പോലീസ് കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തിയിരിക്കുന്നത്. ആദൂറ്‍ സ്റ്റേഷനില്‍ കൊണ്ടുപോകാതെ വിദ്യാനഗറിലേക്ക് കൊണ്ടുപോയതിലും ദുരൂഹതയുണ്ട്. മണിക്കൂറുകളോളം കസ്റ്റഡിയില്‍ വെച്ച് പിറ്റേദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാന നേതാവിനെതിരെ പോലും സുപ്രിംകോടതി നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പ്രതികാരം തീര്‍ക്കുകയായിരുന്നു സിഐ. സംഘര്‍ഷമൊഴിവാക്കാനാണ് പോലീസ് അതിക്രമം നടത്തിയതെന്നാണ് ഇപ്പോള്‍ വിശദീകരിക്കുന്നത്. അങ്ങനെയെങ്കില്‍ സിപിഎമ്മുകാര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല. നിയമം പാലിക്കേണ്ടവര്‍ നീതിനിഷേധം നടത്തിയാല്‍ പ്രതികരിക്കും. സിപിഎമ്മിനേയും ലീഗിനേയും കണ്ട് സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ തിരിഞ്ഞാല്‍ നടുറോഡില്‍ പ്രതിഷേധം നേരിടാന്‍ സിഐ തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അടിയന്തിരാവസ്ഥയെപ്പോലും ചെറുത്തുതോല്‍പ്പിച്ച പാരമ്പര്യമുള്ള കരുണാകരന് മാസ്റ്ററേയും സംഘടനയേയും അടിച്ചൊതുക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍ കോടോത്ത് പറഞ്ഞു. ഏത് അടിച്ചമര്‍ത്തലുകളേയും അതിജീവിക്കാന്‍ സാധിക്കുന്ന യുവശക്തി ഇന്ന് ഹൈന്ദവസമൂഹത്തിനുണ്ട്. ഹിന്ദുത്വത്തിന് ജന്മം നല്കിയ മണ്ണില്‍ത്തന്നെ ഹൈന്ദവര്‍ ജീവിക്കും. നീതിയും നിയമവും നിഷേധിക്കപ്പെട്ടാല്‍ പ്രതികരിക്കും. ജീവിക്കാനുള്ള അവകാശത്തിനുനേരെ വരുന്നത് പോലീസാണെങ്കിലും ചോദ്യം ചെയ്യപ്പെടും. ബോവിക്കാനത്ത് പോലീസ് ഭീകരതയ്ക്ക് നേതൃത്വം നല്കിയ സിഐയെയും എഎസ്ഐ സുഗുണനേയും അന്വേഷണം നടത്തി സസ്പെണ്റ്റ് ചെയ്യുന്നതുവരെ സംഘപരിവാര്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കുണ്ടാര്രവീശതന്ത്രി, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി, ട്രഷറര്‍ നഞ്ചില്‍കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡണ്ട് പി.രമേഷ്, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രമീള.സി നായ്ക്ക്, ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി എം.കെ.രാഘവന് എന്നിവര്‍ സംസാരിച്ചു. രാജന് ബേപ്പ് സ്വാഗതവും ഹരീഷ് നാരംപാടി നന്ദിയും പറഞ്ഞു. പ്രകടനത്തിന് വിജയ്കുമാര്‍റൈ, പി.ആര്.സുനില്‍, ശിവകൃഷ്ണഭട്ട്, ശ്രീധര, ജനനി.എം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: