മരട്: അരൂര്‍ ദുരന്തത്തില്‍ ജീവന് തിരിച്ചുകിട്ടിയ തമിഴ്നാട് സേലം സ്വദേശി സുരേഷിന് ഇത് രണ്ടാം ജന്മം. കെട്ടിടനിര്‍മാണ സഹായിയായി ജോലിചെയ്യുന്ന ആളാണ് സുരേഷ്. ഇടപ്പള്ളി ഒബ്രോണ്മാളിനു സമീപം താമസിക്കുന്ന ഇയാള്‍ തലേന്നാണ് അരൂരിലെ പള്ളിയില്‍ ജോലിക്കെത്തിയത്. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് വൈകിട്ട് മൂന്നുമണിക്ക് ഭാര്യ രാമായി ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം വൈകിട്ട് ആറരക്കാണ് അരൂരില്‍ അപകടം നടന്നതായി വിവരം ലഭിക്കുന്നത്.
അപകട വിവരം അറിഞ്ഞ് ഭാര്യ രാമായി ഭര്‍ത്താവിന്റെ മൊബെയില്‍ ഫോണിലേക്ക് വിളിച്ചു. എന്നാല്‍ റിംഗ്ടോണ്‍ കേള്‍ക്കുന്നതല്ലാതെ പ്രതികരണമൊന്നു മുണ്ടായില്ല. ഇതോടെ പരിഭ്രാന്തിയിലായ അവര്‍ കിട്ടിയ വാഹനത്തില്‍ അരൂരിലേക്ക് തിരിക്കുകയായിരുന്നു. ഭര്‍ത്താവിന് എന്തുസംഭവിച്ചു എന്നറിയാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ എത്തിച്ചവരുടെ പേരുകള്‍ പരിശോധിച്ചെങ്കിലും അതിലും സുരേഷ് ഉള്‍പ്പെട്ടിരുന്നില്ല. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ സമീപം കണ്ണീരോടെ വാവിട്ടുനിലവിളിച്ചുനില്ക്കുമ്പോഴാണ് സൈറണ്‍മുഴക്കി ഒരു ആംബുലന്‍സ് കടന്നുവന്നത്. സ്ട്രക്ചറില്‍ പുറത്തേക്കുകൊണ്ടുവന്ന ആളെ തിരിച്ചറഞ്ഞ രാമായി ആദ്യം തലയില്‍ കൈവച്ച് നിലവിളിച്ചു. എന്നാല്‍ ഭര്‍ത്താവിന് ജീവന് തിരിച്ചുകിട്ടിയതായി ഫയര്‍ഫോഴ്സ് ജീവനക്കാര്‍ അറിയിച്ചതോടെയാണ് ഇവര്‍ക്ക് ശ്വാസം നേരെ വീണത്.
അരയുടെ ഭാഗത്തോളം കെട്ടിടാവശിഷ്ടങ്ങള്‍ മൂടിയനിലയിലാണ് രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ സുരേഷിനെ കണ്ടെത്തിയത്. രണ്ടരമണിക്കൂര്‍ പണിപ്പെട്ടാണ് കമ്പികളും മറ്റും മുറിച്ചുമാറ്റി ഇയാളെ പുറത്തെടുത്തതെന്ന് ആലപ്പുഴ ഫയര്‍സ്റ്റേഷനിലെ ഫയര്മാന് പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ അടിയന്തര ചികിത്സനല്കിശേഷം സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്കുമാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ശരീരത്തിന്റെ പല ഭാഗത്തും ക്ഷതം ഏറ്റിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അരൂര്‍ വലിയതറ സെബാസ്റ്റ്യന്‍ (54) ധീഷ് (35) അരൂര്‍ വടക്കേകട്ടയില് മോഹനന് (54) എന്നിവരാണ് ഇപ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മറ്റുള്ളവര്‍. ഇതില്‍ മോഹനന്റെ നില അല്പം ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ ഇയാള്‍ക്ക് കൃത്രിമ ശ്വാസം നല്‍കിയാണ് ജീവന് നിലനിര്‍ത്തിയിരിക്കുന്നത്. പരിക്കേറ്റ മറ്റുള്ളവര്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: