ന്യൂദല്‍ഹി: ദല്‍ഹി ചെകുത്തന്മാരെ കീഴടക്കി റോയല്‍സിന് റോയല്‍ വിജയം. ഇന്നലെ ദല്‍ഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് നടന്ന ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് രാജസ്ഥാന് റോയല്‍സിനോട് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ ദ്രാവിഡിന്റെ അര്‍ദ്ധസെഞ്ച്വറിയുടെയും (65), സ്റ്റുവര്‍ട്ട് ബിന്നിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും (20 പന്തില്‍ 40) കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 77 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ദല്‍ഹി നിരയില്‍ മികച്ച പ്രകടനം നടത്തിയത്. രാജസ്ഥാന് നായകന് രാഹുല്‍ ദ്രാവിഡാണ് മാന്‍ ഓഫ് ദി മാച്ച്. ദല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടാണ് പരാജയപ്പെട്ടത്.
ടോസ് നേടിയ രാജസ്ഥാന് നായകന് രാഹുല്‍ ദ്രാവിഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ മികച്ച തുടക്കം നല്കാന് കുശല്‍ പെരേരക്കും അജിന്‍ക്യ രഹാനെക്കും കഴിഞ്ഞില്ല. സ്കോര്‍ മൂന്ന് ഓവറില്‍ 22 റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് വീണു. 12 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയോടെ 14 റണ്‍സെടുത്ത പെരേരയെ ഉമേഷ് യാദവിന്റെ പന്തില്‍ ഇര്ഫാന് പഠാന് പിടികൂടി. പിന്നീട് കളത്തിലിറങ്ങിയത് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡായിരുന്നു. പദ്മ അവാര്‍ഡ് ഏറ്റുവാങ്ങിയതിന്റെ തൊട്ടടുത്ത ദിവസം കളത്തിലിറങ്ങിയ ദ്രാവിഡ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രഹാനെ ദ്രാവിഡിന് മികച്ച പിന്തുണ നല്കി. ദ്രാവിഡും രഹാനെയും ചേര്‍ന്ന് 6.5 ഓവറില്‍ സ്കോര്‍ 50 കടത്തി. പിന്നീട് 11.3 ഓവറില്‍ സ്കോര്‍ 87-ല്‍ എത്തിയശേഷമാണ് രണ്ടാം വിക്കറ്റ് വീണത്. 24 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 28 റണ്‍സെടുത്ത രഹാനെയെ ഷഹ്ബാസ് നദീം സ്വന്തം പന്തില്‍ പിടികൂടിയാണ് മടക്കിയത്. തുടര്‍ന്ന് ദ്രാവിഡിന് കൂട്ടായി സ്റ്റുവര്‍ട്ട് ബിന്നിയാണ് ക്രീസിലെത്തിയത്. ദ്രാവിഡിനൊപ്പം ബിന്നിയും കത്തിക്കയറിയതോടെ റണ്‍ റേറ്റും ഉയര്‍ന്നു. 13 ഒാവറില്‍ രാജസ്ഥാന് സ്കോര്‍ 100 കടന്നു. പിന്നീട് 16.1 ഓവറില്‍ സ്കോര്‍ 142-ല്‍ എത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി മടങ്ങി. 20 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 40 റണ്‍സെടുത്ത ബിന്നിയെ ഉമേഷ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയവരില്‍ നിന്നൊന്നും ദ്രാവിഡിന് മികച്ച പിന്തുണ ലഭിച്ചില്ല. 18.5 ഓവറില്‍ സ്കോര്‍ 161-ല്‍ എത്തിയപ്പോള്‍ നായകന് ദ്രാവിഡും മടങ്ങി. 51 പന്തില്‍ നിന്ന് 6 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 65 റണ്‍സെടുത്ത ദ്രാവിഡ് ഉമേഷ് യാദവിന്റെ പന്തില്‍ ജയവര്‍ദ്ധനെക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ വാര്‍ണര്‍ക്ക് പിടിനല്‍കി ബ്രാഡ് ഹോഡ്ജും മടങ്ങി. അവസാന ഓവറിലെ മൂന്നും നാലും പന്തുകളില്‍ രണ്ട് വിക്കറ്റുകള്‍ നെഹ്റ വീഴ്ത്തി. മൂന്നാം പന്തില്‍ രണ്ട് റണ്‍സെടുത്ത കെവണ്‍ കുപ്പറെ നെഹ്റ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഒരു റണ്‍സെടുത്ത അശോക് മെനേറിയയെ നെഹ്റ ക്ലീന്‍ ബൗള്‍ഡാക്കി. ദല്‍ഹിക്ക് വേണ്ടി ഉമേഷ് യാദവ് നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റും ആശിഷ് നെഹ്റ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
166 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ദല്‍ഹിക്ക് കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിഭിന്നമായി ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ വാര്‍ണറും ഉന്മുക്ത് ചന്ദും ചേര്‍ന്ന് 5.4 ഓവറില്‍ 39 റണ്‍സ് നേടി. 19 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്സറുമടക്കം 23 റണ്‍സെടുത്ത ഉന്മുക്ത് ചന്ദ് ശ്രീശാന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് മടങ്ങിയത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയും വാര്‍ണറും ചേര്‍ന്ന് സ്കോര്‍ 11 ഓവറില്‍ 82 റണ്‍സിലെത്തിച്ചു. എന്നാല്‍ 19 റണ്‍സെടുത്ത ജയവര്‍ദ്ധനെയെ രാഹുല്‍ ശുക്ല രഹാനെയുടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട് ജുനേജയുമായി ചേര്‍ന്ന് വാര്‍ണര്‍ സ്കോര്‍ 18 ഓവറില്‍ 149-ല്‍ എത്തിച്ചു. അവസാന രണ്ട് ഓവറില്‍ 19 റണ്‍സായിരുന്നു ദല്‍ഹിക്ക് വിജയിക്കാന്‍ ആവശ്യമായിരുന്നത്. ഈ ഓവറിലെ അവസാന പന്തില്‍ 20 റണ്‍സെടുത്ത ജുനേജയെ കൂപ്പര്‍ ഹോഡ്ജിന്റെ കൈകളിലെത്തിച്ചു. പിന്നീട് 19-ാം ഓവറിലെ മൂന്നാം പന്തില്‍ ഉജ്ജ്വല പ്രകടനവുമായി രാജസ്ഥാനെ വിറപ്പിച്ച് മുന്നേറുകയായിരുന്ന വാര്‍ണറെ ഹോഡ്ജ് റണ്ണൗട്ടാക്കിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്. 56 പന്തില്‍ നിന്ന് 9 ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് വാര്‍ണര്‍ 77 റണ്‍സെടുത്തത്. പിന്നീട് അവസാന ഓവറിലെ മൂന്നാമത്തെയും അഞ്ചാമത്തെയും പന്തില്‍ ബോത്തയെയും റസ്സലിനെയും കൂപ്പര്‍ മടക്കിയതോടെ വിജയം രാജസ്ഥാന് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: