മുംബൈ: ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള സാധ്യതാ സ്ക്വാഡില്‍ നിന്ന് വീരേണ്ടര്‍ സേവാഗിനെയും ഹര്‍ഭജന്‍സിംഗിനെയും ഒഴിവാക്കി. മുപ്പതംഗ സാധ്യതാ സ്ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഓപ്പണര്‍ ഗൗതം ഗംഭീര്‍ സാധ്യതാ ടീമില്‍ സ്ഥാനം പിടിച്ചു.
മോശം പ്രകടനത്തെ തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ സേവാഗിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സേവാഗിന് പകരക്കാരനായി എത്തിയ ശിഖര്‍ ധവാന് മിന്നുന്ന പ്രകടനം നടത്തി ടീമിലെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഉന്മുക്ത് ചന്ദിനെയും കാശ്മീരില്‍ നിന്നുള്ള ഓള് റൗണ്ടര്‍ പര്‍വേസ് റസൂലിനെയും സാധ്യതാ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), മുരളി വിജയ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, ഉന്മുക്ത് ചന്ദ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന, രോഹിത് ശര്‍മ, മനോജ് തിവാരി, അജിന്‍ക്യാ രഹാനെ, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, വൃദ്ധിമാന്‍ സാഹ, ദിനേഷ് കാര്‍ത്തിക്, ആര്. അശ്വിന്, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ജലജ് സക്സേന, പര്‍വേസ് റസൂല്‍, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അശോക് ദിന്‍ഡ, ഉമേഷ് യാദവ്, ഷാമി അഹമ്മദ്, ഇര്ഫാന് പഠാന്, ആര്. വിനയ് കുമാര്‍, പ്രവീണ്‍ കുമാര്‍, ഐസി പണ്ഡേ, ഉദയ് കൗള്‍.
രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ ബി ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സൗത്ത് ആഫ്രിക്ക, പാക്കിസ്ഥാന്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: