ബംഗളൂരു: വിജയ മധുരം നിറച്ചൊരു സ്ഫടികപാത്രം അത് ചുണ്ടോടടുപ്പിച്ച നേരം കൈവിട്ടു പോകുക. ആ വേദന മുന്‍പും മുംബൈ ഇന്ത്യന്‍സ് അനുഭവിച്ചിട്ടുണ്ട്. ഐപിഎല്‍ ആറാം എഡിഷനിലെ തങ്ങളുടെ ആദ്യ മത്സരത്തിലും മുംബൈ സംഘം പതിവു തെറ്റിച്ചില്ല. ട്വന്റി20 ക്രിക്കറ്റിന്റ സര്‍വ ലഹരിയും നിറഞ്ഞൊഴുകിയ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനോട് അവര്‍ രണ്ട് റണ്‍സിന് കീഴടക്കി. ചലഞ്ചേഴ്സ് മുന്നില്‍വച്ച 157 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍സ് 154ല്‍ ഒതുങ്ങി. തകര്‍പ്പന്‍ ബാറ്റിങ്ങിലുടെ ചലഞ്ചേഴ്സിനെ താങ്ങിനിര്‍ത്തിയ ക്രിസ് ഗെയ്ല് (92 നോട്ടൗട്ട്) കളിയിലെ കേമന്‍. 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ വിനയ് കുമാറിന്റെ ബൗളിങ്ങും ബാംഗ്ലൂര്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
ഗെയ്ലിന്റെ ബാറ്റിങ് വിസ്ഫോടനത്തില്‍ ചലഞ്ചേഴ്സിന് മാന്യമായ സ്കോര്‍. പിന്നെ ആധുനിക ക്രിക്കറ്റിലെ മഹാരഥന്മാരായ സച്ചിന് ടെന്‍ഡുല്‍ക്കറുടെയും റിക്കി പോണ്ടിങ്ങിന്റെയും ചെറുതെങ്കിലും ക്ലാസിക് സ്പര്‍ശമുള്ള സഖ്യത്തിലൂടെ മുംബൈയ്ക്ക് പ്രതീക്ഷയുടെ തിളക്കം. തുടര്‍ന്ന് മെല്ലപ്പോക്ക്. പിന്നാലെ ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ടിലൂടെ പോണ്ടിങ്ങും കൂട്ടരും വിജയ അനായാസമാക്കുമെന്നു തോന്നിയ നിമിഷങ്ങള്‍. ഒടുവില്‍ വിനയിന്റെ കണിശതയാര്‍ന്ന പന്തേറിലൂടെ റോയല്‍ ചലഞ്ചേഴ്സിന് ആവേശ ജയം. ഇങ്ങനെ ചുരുക്കാം ചിന്നസ്വാമിയിലെ ഇന്നലത്തെ മിഠായി ക്രിക്കറ്റിനെ.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ബാംഗ്ലൂര്‍ ഇന്നിങ്ങ്സ് ഗെയ്ല് ഷോയായിരുന്നു. ഓപ്പണര്‍ തിലകരത്നെ ദില്ഷന്, മായാങ്ക് അഗര്‍വാള്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ പാളിയപ്പോള്‍ ഗെയ്ല് കത്തിക്കയറി. പതിനൊന്ന് ഫോറുകളും അഞ്ചു സിക്സറുകളും പറത്തിയ വിന്‍ഡീസ് താരം ചലഞ്ചേഴ്സ് ബൗളര്‍മാര്‍ക്കുമേല്‍ തീമഴയായി. കഴിഞ്ഞ സീസണിലെ ഗെയ്ല് താണ്ഡവും തുടരുമെന്നുതന്ന സൂചനയും മത്സരം നല്കി.
താരതമ്യേന ഭേദപ്പെട്ട ലക്ഷ്യം തേടിയ മുംബൈയ്ക്ക് സച്ചിനും നായകന് പോണ്ടിങ്ങും മികച്ച തുടക്കം നല്കി. ചേതോഹരങ്ങളും പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നതുമായ ചിലഷോട്ടുകള് അവരുടെ ബാറ്റുകളില്‍ നിന്നു പിറവിയെടുത്തു. സച്ചിനും (23),പോണ്ടിങ് (28) അടുത്തടുത്തു പുറത്താവുമ്പോള്‍ മുംബൈ പരുങ്ങി. സച്ചിന് റണ്ണൗട്ടായപ്പോള്‍ പോണ്ടിങ്ങിനെ മുരളി കാര്‍ത്തിക്കിന്റെ പന്തില്‍ അരുണ്‍ കാര്‍ത്തിക് സ്റ്റാമ്പ് ചെയ്തു. രോഹിത് ശര്‍മയെ (11) ബൗള്‍ഡാക്കി വിനയ് കുമാര്‍ ഇന്ത്യന്‍സിന്റെ പ്രതിസന്ധിയേറ്റി. അമ്പാട്ടി റായിഡും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന നിമിഷങ്ങളില്‍ മുംബൈ സ്കോറിനു അത്ര വേഗം കൈവന്നുമില്ല. എന്നാല്‍ ഡാനിയേല്‍ ക്രിസ്റ്റ്യനെ ഹാട്രിക്ക് സിക്സറിനും ബൗണ്ടറിക്കും ശിക്ഷിച്ച് ദിനേശ് കാര്‍ത്തിക് ടീമിന്റെ സ്കോറിന് അപ്രതീക്ഷിത കുതിപ്പ് നല്കി. കാര്‍ത്തിക്കിന്റെ കത്തിക്കയറല്‍ 18 പന്തില്‍ 27 എന്ന പ്രാപ്യമായ ലക്ഷ്യം മുംബൈയുടെ മുന്നിലെത്തിച്ചു. അവസാന ഓവറില്‍ അത് പത്തായി ചുരുങ്ങി. പക്ഷെ, വിനയ് കുമാറിന്റെ കൃത്യതയും വേഗതയും ഇന്ത്യന്‍സിന്റെ വിജയ മോഹം നുള്ളിക്കളഞ്ഞു. വിധി നിര്‍ണായക ഓവറില്‍ തുറുപ്പ് ചീട്ട് കാര്‍ത്തിക്കിനെയും (37 പന്തില്‍ 60) അമ്പാട്ടി റായിഡുവിനെയും (18) അടുത്തടുത്ത പന്തുകളില്‍ കൂടാരം കയറ്റി വിനയ് ചലഞ്ചേഴ്സിന്റെ ഹീറോയായി. അഞ്ചാം പന്തില്‍ അപകടകാരിയായ കീ്റോണ്‍ പൊള്ളാര്‍ഡ് ഒരു ബൗണ്ടറിയടിച്ചു. എങ്കിലും അവസാന പന്ത് നല്ലൊരു യോര്‍ക്കറാക്കി മാറ്റിയ വിനയ് ചലഞ്ചേഴ്സിന്റെ വിജയം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: