ഡോ. യാമിനി തങ്കച്ചി
ഭര്‍ത്താവിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഭാര്യയെന്ന നിലയിലാണ് ഡോ.യാമിനി തങ്കച്ചി ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലില്‍ മുമ്പ് ഗണേഷ് കുമാറിനെതിരെ പരാതി നല്കുന്നതില് നിന്ന് വിട്ടുനിന്ന യാമിനി ഇത്തവണ രണ്ടും കല്‍പ്പിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയായിരുന്നു. കഴിഞ്ഞ പതിനാറ് വര്‍ഷമായി താന്‍ പീഡിപ്പിക്കപ്പെടുകയാണെന്നും വിവാഹമോചനത്തിനായി ധാരണയിലെത്തിയ കരാര്‍ പോലും ഗണേഷ് ലംഘിച്ചെന്നും യാമിനി തുറന്നു പറഞ്ഞതോടെ ഗണേഷ് കുമാര്‍ വെട്ടിലായി. ഭര്‍ത്താവെന്ന നിലയില്‍ ഗണേഷ് തന്നോട് ചെയ്ത ക്രൂരതകള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മകനോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നില്‍ യാമിനി വിവരിച്ചത്. ഗണേഷിനെതിരെ മുഖ്യമന്ത്രിക്കും പോലീസിലും യാമിനി തങ്കച്ചി പരാതി നല്‍കിയതോടെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഒപ്പം പ്രശ്നപരിഹാരത്തിന് ഉറപ്പ് നല്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വഞ്ചിച്ചെന്ന വെളിപ്പെടുത്തലോടെ ഉമ്മന്‍ചാണ്ടിയേയും യാമിനി പ്രതിക്കൂട്ടിലാക്കി. അതേസമയം, ഭര്‍ത്താവിനെ പീഡിപ്പിക്കുന്ന ഭാര്യയെന്ന നിലയിലാണ് ഗണേഷ് യാമിനിയെ വിശേഷിപ്പിച്ചത്. ആര് പറയുന്നതാണ് സത്യമെന്നത് അന്വേഷണത്തിലൂടെ വെളിവാകേണ്ട കാര്യം. എന്തായാലും മന്ത്രിയായ ഭര്‍ത്താവിനെതിരെ പരസ്യമായിരംഗത്തു വന്ന സ്ത്രീയെന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് യാമിനി വുമണ്‍ ഓഫ് ദി വീക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: