മൂവാറ്റുപുഴ: കോടിക്കണക്കിനു രൂപ ചെലവഴിച്ചു വാങ്ങിയ കൊയ്ത്തു മെതിയന്ത്രവും,ടില്ലറുകളും ഒരു ദിവസം പോലും ഉപയോഗിക്കാതെ തുരുമ്പെടുത്തു നശിക്കുന്നു. കൊയ്യാനും മെതിക്കാനും തൊഴിലാളികളെ കിട്ടാതെ സ്വകാര്യ കൊയ്ത്തുമെതി യന്ത്രങ്ങള്‍ക്കായി കിഴക്കന്‍മേഖലയില്‍ കര്‍ഷകര്‍ നെട്ടോട്ടമോടുമ്പോഴാണ് കോടിക്കണക്കിനു രൂപ ചെലവഴിച്ചു പഞ്ചായത്തുകള്‍ വാങ്ങിയ യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നത്.
കാര്‍ഷിക മേഖലയായ മൂവാറ്റുപുഴ താലൂക്കിലാണ് ഈ ദുര്‍ഗതി. വാളകം പഞ്ചായത്തില്‍ മാത്രം ഏഴ് ടില്ലറുകളും മെതിയന്ത്രവുമാണു തുരുമ്പെടുക്കുന്നത്. പായിപ്ര, മാറാടി, ആവോലി പഞ്ചായത്തുകളിലും സമാനമായ അവസ്ഥയുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണു കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കൊയ്ത്ത് മെതിയന്ത്രങ്ങളും, ഉഴവു യന്ത്രങ്ങളും വാങ്ങാന്‍ പണം അനുവദിച്ചത്. കമ്മീഷന് വാഗ്ദാനം ചെയ്തു ചില കമ്പനികള്‍ രംഗത്തു വന്നതോടെ പരിശോധനയും പ്രയോജനവും നോക്കാതെ പഞ്ചായത്തുകള്‍ യന്ത്രങ്ങള്‍ വാങ്ങിക്കൂട്ടി. കിഴക്കന്‍മേഖലയിലെ പഞ്ചായത്തുകള്‍ക്കു കമ്പനി ആദ്യം എത്തിച്ചു നല്കിയതു ഗോതമ്പ് കൊയ്ത്തു മെതിയന്ത്രമായിരുന്നു പ്രശ്നം വിവാദമായപ്പോള്‍ ചില പഞ്ചായത്തുകള്‍ ഗോതമ്പ് കൊയ്ത്ത് മെതിയന്ത്രങ്ങള്‍ മാറ്റി വാങ്ങി. വാളകം പഞ്ചായത്ത് അതിനു മുതിര്‍ന്നില്ല. ഇവിടെ യന്ത്രം ഒരു ദിവസം പോലും ഉപയോഗിക്കാനാവാതെ വെയിലത്തും മഴയിലും കിടന്ന് തുരുമ്പ് കേറി നശിച്ചു കഴിഞ്ഞു.
ഇങ്ങിനെയൊരു യന്ത്രം ഉണ്ടെന്നതിനെ കുറിച്ചു പോലും പഞ്ചായത്തധികാരികള്‍ക്ക് അറിയില്ല.പഞ്ചായത്തു വാങ്ങിയ ഏഴ് ഉഴവു യന്ത്രങ്ങളും പൂര്‍ണ്ണമായി നശിച്ചു. പല പഞ്ചായത്തുകളും വാങ്ങിയ യന്ത്രങ്ങളുടെ കണക്കു പോലും എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. കൃഷി ഭവന് മുഖേന നല്കിയ യന്ത്രങ്ങള്‍ എവിടെയുണ്ടെന്നതിനും രേഖകളില്ല. കൊയ്ത്തു കാലത്ത് ഉപയോഗിച്ച യന്ത്രങ്ങള്‍ കൊയ്ത്ത് കഴിഞ്ഞാല്‍ മാറ്റതെയും പ്രത്യേക ഷെഡ് നിര്‍മിച്ച് സൂക്ഷിക്കാതെ മഴയത്തും വെയിലത്തും ഉപക്ഷിച്ച മട്ടില്‍ തള്ളിയതാണ് ലക്ഷങ്ങള്‍ വിലവരുന്ന യന്ത്രങ്ങള്‍ നശിക്കാന്‍ കാരണമായത്. മണിക്കൂറിന് 45 രൂപ ഉഴവുകൂലിയും,1800 രൂപ കൊയ്ത്തുകൂലിയും നല്കി യന്ത്രം പാടങ്ങളിലെത്തിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ കര്‍ഷകര്‍. യന്ത്രങ്ങള്‍ക്കു വേണ്ടി ബുക്ക് ചെയ്ത് കാത്തിരിക്കുകയും വേണം. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ച കോടികള്‍ തുരുമ്പെടുക്കുമ്പോഴും അധികൃതര്‍ ഇതറിയുന്നില്ലെന്നതാണ് കൗതുകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: