കൊല്‍ക്കത്ത: ഐപിഎല്ലിലെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സ്വന്തം. വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരേയ്ന്റെ കറങ്ങുന്ന പന്തുകള്‍ക്ക് മുന്നിലാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് വീണത്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം നല്കി നാല് വിക്കറ്റുകളാണ് നരേയ്ന് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ 128ന് ഓള്‍ഔട്ടായി. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്ത് ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
മുന്‍നിര ബാറ്റ്സ്മാന്മാരില് ജയവര്‍ദ്ധനെയും വാര്‍ണറും ഒഴികെയുള്ളവരുടെ നിരുത്തരവാദപരമായ ബാറ്റിംഗാണ് ദല്‍ഹിയുടെ സ്ഥിതി ദയനീയമാക്കിയത്. മന്‍പ്രീത് ജുനേജ, നമന്‍ ഓജ, ബോത്ത, ഇര്ഫാന് പഠാന്, ആന്ദ്രെ റസ്സല്‍ എന്നിവര്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെങ്കിലും ഈ പ്രകടനമാണ് ടൂര്‍ണമെന്റില്‍ ദല്‍ഹി തുടരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ സെമി ഫൈനല്‍ പ്രവേശം പോലും അവര്‍ക്ക് വിദൂരസ്വപ്നമായിരിക്കും.
സെവാഗിന്റെ അഭാവത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിയെ തുടക്കത്തില്‍ തന്നെ ബ്രറ്റ് ലീയാണ് പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഉന്മുക്ത് ചന്ദിനെ ലീ ബൗള്‍ഡാക്കി. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പിന്നീട് ദല്ഹിക്കായതുമില്ല. ദല്‍ഹി നിരയില്‍ ആകെ രണ്ട് പേര് മാത്രമാണ് രണ്ടക്കം കടന്നത്. 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയാണ് ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍ 21 റണ്‍സുമെടുത്തു. ഒരു ഘട്ടത്തില്‍ രണ്ടിന് 44 എന്ന നിലയില്‍ നിന്നാണ് ദല്‍ഹി 128ന് ഓള് ഔട്ടായത്. നരേയ്ന്റെ കറങ്ങുന്ന പന്തുകള്‍ക്ക് പുറമെ ബ്രറ്റ് ലീയുടെ തീതുപ്പിയ പന്തുകളും രജത് ഭാട്ടിയയുടെ കൗശലപൂര്‍വമുള്ള മീഡിയം പേസും ദല്‍ഹിയെ തകര്‍ത്തു. ലീയും ഭാട്ടിയയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
129 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് തുടര്‍ന്ന നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തക്ക് സ്കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമുള്ളപ്പോള്‍ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ഗംഭീറും (41), കല്ലിസും മനോജ് തിവരിയും (ഇരുവരും 23 റണ്‍സ് വീതം) നേടിയതോടെ വിജയത്തിലേക്ക് നീങ്ങി. നാല് റണ്‍സെടുത്ത ബിസ്ലയാണ് ആദ്യം മടങ്ങിയത്. പിന്നീട് ഗംഭീറും കല്ലിസും തിവാരിയും മടങ്ങിയതോടെ 99ന് 4ന് എന്ന നിലയിലായെങ്കിലും 14 റണ്‍സെടുത്ത മോര്‍ഗനും 18 റണ്‍സെടുത്ത യൂസഫ് പഠാനും ചേര്‍ന്ന് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: