കൊല്‍ക്കത്ത: ഒന്‍പതു ടീമുകള്‍, 76 മത്സരങ്ങള്‍, 12 വേദികള്‍… രാജ്യം ഇനി ക്യാപ്സൂള്‍ ക്രിക്കറ്റിന്റെ ആവേശത്തേരില്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കരുത്തരായ ദല്‍ഹി ഡെയര്‍ ഡെവിള്‍സും കൊമ്പുകോര്‍ക്കുന്നതോടെ ഐപിഎല്‍ ആറാം പതിപ്പിന് തുടക്കമാകും.
നിലവിലെ ചാമ്പ്യന്മാരെന്ന പെരുമയുമായാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറാം പതിപ്പിനിറങ്ങുന്നത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന നൈറ്റ് റൈഡേഴ്സിന് വേണ്ടി ജാക്ക് കല്ലിസ്, ഷക്കീബ് അല്‍ ഹസന്, ഇയാന്‍ മോര്ഗന്, ബ്രറ്റ് ലീ, ബ്രാഡ് ഹാഡിന്, സുനില്‍ നരെയ്ന് തുടങ്ങിയ പ്രമുഖരാണ് കളത്തിലിറങ്ങുക. അതേസമയം ന്യൂസിലാന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം, ഓസീസ് ഫാസ്റ്റ് ബൗളര്‍ ജെയിംസ് പാറ്റിന്സണ് എന്നിവരുടെ സേവനം ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്ക്ക് ലഭിച്ചില്ല. ഇരു താരങ്ങളും ടീമിനൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ല. മക്കല്ലത്തിന് പിന്‍തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ നിന്ന് ഇറേഷ് സക്സേന, ചിരാഗ് ജാനി, സഞ്ജു സാംസണ്, ജയ്ദേവ് ഉനദ്കട് എന്നിവരെയാണ് ഈ സീസണില്‍ കൊല്‍ക്കത്ത ഒഴിവാക്കിയത്. പകരം വിദേശത്തുനിന്ന് രണ്ടുപേരെ സ്വന്തമാക്കി; സചിത്ര സേന നായകയെയും റയാന് മക്ലാരനെയും.
മഹേല ജയവര്‍ധനെ എന്ന കറതീര്‍ന്ന ക്രിക്കറ്ററെ നായകന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് കിട്ടാക്കനി തേടിയിറങ്ങുന്ന ദല്‍ഹിയുടെ സൂപ്പര്‍താരം വിരേണ്ടര്‍ സെവാഗ് തന്നെയാണ്. എന്നാല്‍ പുറംവേദന കാരണം സെവാഗ് ഇന്ന് കളിക്കുമെന്ന കാര്യം ഉറപ്പായിട്ടില്ല. അങ്ങനെയായാല്‍ അത് ദല്‍ഹി ചെകുത്താന്മാര്ക്ക് കനത്ത തിരിച്ചടിയായിരിക്കും.
ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളുടെ പടയുമായാണ് ഡെയര്‍ ഡെവിള്‍സ് ഐപിഎല്‍ ആറാം പതിപ്പിനിറങ്ങുന്നത്. ജോഹാന്‍ ബോത്ത, ഡേവിഡ് വാര്‍ണര്‍, ആന്ദ്രെ റസ്സല്‍, ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനം നടത്തിയ മന്‍പ്രീത് ജുനേജ തുടങ്ങിയവരടങ്ങിയതാണ് ദല്‍ഹി നിര. എന്നാല്‍ ആദ്യ കിരീടം ലക്ഷ്യംവച്ച് തയ്യാറെടുപ്പ് നടത്തിയ ദല്‍ഹിക്ക് കൂനിന്മേല് കുരുവെന്നപോലെ പരിക്ക് തിരിച്ചടിയായിരിക്കുകയാണ്. മുട്ടിനു പരിക്കുമായി പീറ്റേഴ്സണ് പിന്‍വാങ്ങിയതാണ് ആദ്യ പ്രഹരം. തൊട്ടുപിന്നാലെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ ന്യൂസിലാന്റിന്റെ വെടിക്കെട്ട് ബാറ്റ്സ്മാനും ഓള് റൗണ്ടറുമായ ജെസ്സി റൈഡറും ഇല്ലാതായതോടെ തലയ്ക്കടിയേറ്റ നിലയിലാണ് ദല്‍ഹി.
ബാറ്റിങ്ങിന്റെ വീര്യം പോലെ തല ഉയര്‍ത്തി നില്‍ക്കുകയാണ് ടീമിന്റെ പേസ് നിരയും. ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, മോര്‍ക്കല്‍ സഖ്യത്തിന്റെ വേഗത്തിന് പിന്തുണയുമായി പഠാനും അഗാര്‍ക്കറും നെഹ്റയുമെല്ലാം ചേരുന്നതോടെ ദല്‍ഹിയുടെ സാധ്യതകളേറുന്നു. അതേസമയം ഈ സീസണില്‍ ബോത്തയെയും അജാന്ത മെന്‍ഡിസിനെയും ടീമിലെത്തിക്കാന്‍ കഴിഞ്ഞതോടെ സ്പിന്‍ നിരയും ശക്തമായി. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഉജ്ജ്വല പ്രകടനം നടത്തിയ മോര്‍ണെ മോര്‍ക്കല്‍ ദല്‍ഹിക്ക് വേണ്ടി ആദ്യ മത്സരങ്ങളില്‍ കളിക്കാനുണ്ടാകില്ല എന്നതും അവര്‍ക്ക് തിരിച്ചടിതന്നെയാണ്. ഏപ്രില്‍ 7ന് ശേഷമേ മോര്‍ക്കല്‍ ടീമിനൊപ്പം ചേരുകയുള്ളൂ.
ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റ് നടക്കുന്നതിനാലാണ് മോര്‍ക്കല്‍ ടീമിനൊപ്പം ചേരാന്‍ വൈകുന്നത്.
അതേസമയം ആരോണും അഗാര്‍ക്കറും സീസണ് പകുതിയോടെ മാത്രമാകും ടീമിലെത്തുന്നത്. ഉമേഷ് യാദവാണെങ്കില്‍ പരുക്കില്‍ നിന്നു തിരിച്ചുവരുന്നതേയുള്ളൂ. ചുരുക്കത്തില്‍, കടലാസിലെ കരുത്തിന്റെ ആനുകൂല്യം ഇല്ലാതെയാകും ഡെവിള്‍സ് ഇത്തവണ ആദ്യമത്സരങ്ങള്ക്കിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: