ഇന്‍ഡോര്‍: കേരളത്തിന്റെ കുതിപ്പിന് മുന്നില വിദര്‍ഭയും കീഴടങ്ങി. മുഷ്ഠാഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ കരുത്തരായ ദല്‍ഹിയെ അട്ടിമറിച്ച കേരളത്തിന് മുന്നില്‍ ഇന്നലെ വിദര്‍ഭയാണ് വീണത്. ഒരു വിക്കറ്റിനായിരുന്നു ത്രസിപ്പിക്കുന്ന കേരളത്തിന്റെ വിജയം.
ആദ്യം ബാറ്റു ചെയ്ത വിദര്‍ഭ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. മഴ മൂലം മത്സരം 19 ഓവറാക്കി ചുരുക്കുകയായിരുന്നു.
വീണ്ടും മഴയെത്തിയതോടെ രണ്ടാമത് ബാറ്റ് ചെയ്ത് കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 108 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കേ 111 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. 16 പന്തില്‍ നിന്ന് പുറത്താകാതെ 42 റണ്‍സെടുത്ത റൈഫി വിന്‍സന്റ് ഗോമസാണ് കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്.
ടോസ് നേടിയ വിദര്‍ഭ ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ 53 റണ്‍സാണ് ഓപ്പണര്‍മാരായ ഫസലും ഉബര്ഹാന്ഡെയും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 27 റണ്‍സെടുത്ത ഫസലിനെ ജഗദീഷിന്റെ പന്തില്‍ പ്രശാന്ത് പരമേശ്വരന് പിടികൂടിയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് ഉബര്ഹാന്ഡെക്ക് കൂട്ടായി എത്തിയ ഫുള്പറും ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ 12.2 ഓവറില്‍ സ്കോര്‍ 80-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ഫുള്പറെ സച്ചിന് ബേബിയുടെ പന്തില്‍ സുരേന്ദ്രന് പിടികൂടി. പിന്നീട് സ്കോര്‍ 98-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ജി.ഡി. ഉപാധ്യായയും മടങ്ങി. സന്ദീപ് വാര്യരുടെ പന്തില്‍ സുരേന്ദ്രന് ക്യാച്ചെടുത്താണ് ഉപാധ്യായ മടങ്ങിയത്. പിന്നീട്ഉബര്ഹാന്ഡെയും രവി ജംഗിതും ചേര്‍ന്ന് സ്കോര്‍ 17.3 ഓവറില്‍ 129-ല്‍ എത്തിച്ചു. എന്നാല്‍ 12 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സറുമടക്കം 20 റണ്‍സെടുത്ത രവി ജംഗിതിനെ പി. പ്രശാന്ത് ജഗദീഷിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. ഒരു പന്തിന്റെ ഇടവേളക്കുശേഷം റണ്ണൊന്നുമെടുക്കാതിരുന്ന എ.വി. വാംഗഡയെ പ്രശാന്ത് ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ 5ന് 130. വിദര്‍ഭ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഉബര്ഹാന്ഡെ 44 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറിയോടെ 55 റണ്‍സെടുത്തും എസ്.ബി. വാഗ് നാല് റണ്‍സെടുത്തും പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി പി. പ്രശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 108 റണ്‍സായി പുനര്‍ക്രമീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി ദയനീയമായ തുടക്കമാണ് കേരളത്തിന് ലഭിച്ചത്. സ്കോര്‍ബോര്‍ഡില്‍ വെറും ഒമ്പത് റണ്‍സുള്ളപ്പോള്‍ കേരളത്തിന്റെ ആദ്യ വിക്കറ്റ് വീണു. നാല് പന്തുകള്‍ നേരിട്ട് ഒരു റണ്‍സ് മാത്രമെടുത്ത സുരേന്ദ്രനാണ് ആദ്യം മടങ്ങിയത്. പിന്നീട് സ്കോര്‍ 23-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും കേരളത്തിന് നഷ്ടമായി. രണ്ട് പന്തുകള്‍ നേരിട്ട് ഒരു റണ്‍സെടുത്ത റോഹന്‍ പ്രേം റണ്ണൗട്ടായി മടങ്ങി. സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ ജഗദീഷാണ് ഇത്തവണ മടങ്ങിയത്. 10 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 15 റണ്‍സെടുത്ത ജഗദീഷിനെ ഫസലിന്റെ പന്തില്‍ ഉമര്ഹാന്ഡെ പിടികൂടി. സ്കോര്‍ 43-ല്‍ എത്തിയപ്പോള്‍ കേരള ക്യാപ്റ്റന്‍ സച്ചിന് ബേബിയും (6) മടങ്ങി. 22 റണ്‍സെടുത്ത സഞ്ജു വിശ്വനാഥനും 10 റണ്‍സെടുത്ത ഫെര്‍ണാണ്ടസും ഒരു റണ്‍സെടുത്ത പി. പ്രശാന്തും മടങ്ങിയതോടെ കേരളം 89ന് ഏഴ് എന്ന നിലയില്‍ പരാജയത്തെ തുറിച്ചുനോക്കി. എന്നാല്‍ റൈഫി വിന്‍സെന്റ് ഗോമസ് അവസരത്തിനൊത്തുയര്‍ന്നതോടെ കേരളം വീണ്ടും വിജയത്തിലേക്ക് മടങ്ങിവന്നു. എന്നാല്‍ കേരളത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ട് സ്കോര്‍ 100-ല്‍ നില്‍ക്കേ രണ്ട് വിക്കറ്റുകള്‍ വീണത് ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. പിന്നീട് നാല് റണ്‍സെടുത്ത സന്ദീപ് വാര്യരെ കൂട്ടുപിടിച്ച് റൈഫി കേരളത്തെ മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കേ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ കേരളം ഒഡീഷയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: