മൂവാറ്റുപുഴ: കോലഞ്ചേരി കടയിരുപ്പ് സ്കൂള്‍ പരിസരത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ തിങ്കളാഴ്ച തോക്കുമായി പിടിയിലായ അടിമാലി പൂപ്പനി സ്വദേശി ആദര്‍ശിനെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി. കേസിന്റെ തുടരന്വേഷണത്തിനായി പ്രതിയെ 30വരെ പുത്തന്‍കുരിശ് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. ഇയാള്‍ ആയുധ വ്യാപാരവുമായി ബന്ധമുള്ള ഏതെങ്കിലും മാഫിയ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു.
അടിമാലിയില്‍ വച്ച് തോക്ക് ഒളിപ്പിച്ച ബാഗ് തോപ്പുംപടിയില്‍ ആര്‍ക്കൊ വേണ്ടി എത്തിക്കുവാന്‍ ഇടനിലക്കാരനായി നിന്നാണ് ആദര്‍ശ് എന്നാണ് പോലീസ് മനസ്സിലാക്കുന്നത്. അടിമാലിയില്‍ നിന്നുമുള്ള യാത്രമധ്യേ മുന്‍പ് പരിചയപ്പെട്ട പെണ് സുഹൃത്തിനെ കാണുവാന്‍ കടയിരുപ്പില്‍ എത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ മുമ്പ് ഇവിടെ വന്നപ്പോള്‍ ഇതേ പെണ്‍സുഹൃത്ത് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച ഇയാളെ സ്കൂളിന് സമീപത്ത് കണ്ടപ്പോള്‍ പെണ്‍കുട്ടിയാണ് വിവരം സ്കൂള്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ഐക്കരനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആദര്‍ശിനെ തടഞ്ഞ് നിര്‍ത്തുകയും തോളില്‍ കിടന്ന ബാഗ് പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് തോക്ക് കണ്ടെത്തിയത്.
ആറ് തിരകള്‍ ഇടാവുന്ന നാടന്‍ നിര്‍മ്മിത പിസ്റ്റണ്‍ ആണെന്നും ഇത് ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. അനുവാദമില്ലാതെ ആയുധം കൈവശം വച്ചതിന് ആംസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: