ഓക്ലാന്റ്: ന്യൂസിലാന്റിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയത്തിന് തുല്യമായ സമനില. അപരാജിത സെഞ്ചുറിയുമായി പുറത്താകാതെ നിന്ന മാറ്റ് പ്രയറാണ് (110) ജയത്തിനിടയില്‍ ന്യൂസിലാന്റിന് മുന്നില്‍ വിലങ്ങുതടിയായത്. അവസാന ദിവസമായ ഇന്ന് വിജയത്തിനായി ആറ് വിക്കറ്റാണ് ന്യൂസിലന്‍ഡിന് നേടേണ്ടിയിരുന്നത്. എന്നാല്‍ അഞ്ച് വിക്കറ്റ് വീഴ്ത്താനേ ന്യൂസിലാന്റിന് കഴിഞ്ഞുള്ളൂ.
ആദ്യം അര്‍ദ്ധസെഞ്ച്വറിയുമായി ഇയാന്‍ ബെല്ലും (75) പിന്നീട് ജോ റൂട്ടും (29) ഇംഗ്ലണ്ടിനു വേണ്ടി പൊരുതി. പിന്നീടാണ് മാറ്റ് പ്രയറിന്റെ ഉജ്ജ്വല ഇന്നിംഗ്സ് പിറന്നത്. സ്റ്റുവര്‍ട്ട് ബ്രോഡിനെ കൂട്ടുപിടിച്ച് പ്രയര്‍ ഇംഗ്ലണ്ടിന് വേണ്ടി പൊരുതിയപ്പോള്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും അവസാന വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ (ചുരുക്കത്തില്‍): ന്യൂസിലാന്റ് 443, 241/6. ഇംഗ്ലണ്ട്: 204, 315/9.
നാലിന് 90 എന്ന നിലയില്‍ അവസാനദിവസംരണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ഇയാന്‍ ബെല്ലും ജോ റൂട്ടും ചേര്‍ന്ന് മികച്ച പ്രകടനം നടത്തി. എന്നാല്‍ സ്കോര്‍ 150-ല്‍ എത്തിയപ്പോള്‍ 29 റണ്‍സെടുത്ത ജോ റൂട്ടിനെ ബൗള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ന്യൂസിലാന്റ് വീണ്ടും വിജയം മണത്തു. ഒമ്പത് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇംഗ്ലണ്ടിന്റെ ആറാം വിക്കറ്റും നിലംപതിച്ചു. ആറ് റണ്‍സെടുത്ത ബെയര്‍സ്റ്റോവിനെ സൗത്തിയുടെ പന്തില്‍ ടെയ്ലര് പിടികൂടി. പിന്നീട് ബെല്ലിന് കൂട്ടായെത്തിയ പ്രയര്‍ തുടക്കം മുതല്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നു. എന്നാല്‍ സ്കോര്‍ 237-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും നിലംപതിച്ചു. 271 പന്തുകള്‍ നേരിട്ട് 75 റണ്‍സ് നേടിയ ബെല്ലാണ് മടങ്ങിയത്. വാഗ്നറുടെ പന്തില്‍ സൗത്തിക്ക് ക്യാച്ച് നല്‍കിയാണ് ബെല്‍ മടങ്ങിയത്. ഇതോടെ ഇംഗ്ലണ്ട് വീണ്ടും പരാജയത്തെ തുറിച്ചുനോക്കി. കളി അവസാനിക്കാന്‍ 32.3 ഓവര്‍ ബാക്കിനില്‍ക്കേ ന്യൂസിലാന്റിന് വിജയിക്കാന്‍ മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ മതിയായിരുന്നു. എന്നാല്‍ ബ്രോഡിനെ കൂട്ടുപിടിച്ച് പ്രയര്‍ കത്തിക്കയറുന്നതാണ് പിന്നീട് സ്റ്റേഡിയത്തില്‍ കണ്ടത്. കൂടുതല്‍ സമയവും സ്ട്രൈക്ക് എടുത്ത് കളിച്ച പ്രയറാണ് ന്യൂസിലാന്റിന്റെ വിജയത്തിന് വിലങ്ങുതടിയായത്. ഒപ്പം ബ്രോഡിന്റെ മികച്ച പിന്തുണയും. സ്കോര്‍ 139.3 ഓവറില്‍ 304-ല്‍ എത്തിയപ്പോള്‍ ന്യൂസിലാന്റ് താരങ്ങളെ വീണ്ടും ആവേശത്തിലാഴ്ത്തി ഇംഗ്ലണ്ടിന്റെ എട്ടാം വിക്കറ്റും നിലംപതിച്ചു. 77 പന്തുകള്‍ പ്രതിരോധിച്ച ബ്രോഡ് 7 റണ്‍സെടുത്താണ് മടങ്ങിയത്. വില്ല്യംസണിന്റെ പന്തില്‍ ടെയ്ലറാണ് ബ്രോഡിനെ പിടികൂടിയത്. ഒരു പന്തിന്റെ ഇടവേളക്ക് ശേഷം ആന്‍ഡേഴ്സന്റെ രൂപത്തില്‍ ഒമ്പതാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായതോടെ ന്യൂസിലാന്റ് വീണ്ടും വിജയം സ്വപ്നം കണ്ടു. പിന്നീട് ന്യൂസിലാന്റിന് വിജയിക്കാന്‍ 19 പന്തുകളില്‍ ഒരു വിക്കറ്റ് മാത്രം നേടിയാല്‍ മതിയായിരുന്നു. എന്നാല്‍ അവസാന ബാറ്റ്സ്മാനായ മോണ്ടി പനേസറെ കൂട്ടുപിടിച്ച് സ്ട്രൈക്ക് പ്രയര്‍ ഏറ്റെടുത്തതോടെ ന്യൂസിലാന്റിന്റെ വിജയസ്വപ്നം വിഫലമായി. മോണ്ടി പനേസര്‍ അഞ്ച് പന്തുകള്‍ വിജയകരമായി നേരിട്ടു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വില്യംസണാണ് കിവീസിന് വേണ്ടി മികച്ച ബൗളിംഗ് പുറത്തെടുത്തത്. ടിം സൗത്തിയും വാഗ്നറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: