ഒടുവില്‍ ധോണിയും കൂട്ടരും ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മറ്റൊരു ചരിത്രം കുറിച്ചു. അപ്പോള്‍ ലോക ക്രിക്കറ്റിലെ കൊലകൊമ്പന്മാരായ ഓസ്ട്രേലിയ നാല് ടെസ്റ്റുകളിലും ഇന്‍ഡ്യയോട് തലകുനിച്ചു. 82 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമാണ്- ടീം ഇന്ത്യ ഒരു പരമ്പരയിലെ നാല് ടെസ്റ്റുകളിലും വിജയം സ്വന്തമാക്കുന്നത്. അങ്ങനെ പരമ്പര തൂത്തുവാരല്‍ ഓസ്ട്രേലിയയുടെ മാത്രം കുത്തകയല്ലെന്നും ടീം ഇന്ത്യ തെളിയിച്ചു.
മൂന്നോ അതിലേറെയോ ടെസ്റ്റുകള്‍ ഉള്ള പരമ്പരയിലെ സമ്പൂര്‍ണ വിജയമാണ് വൈറ്റ് വാഷ്. ഇന്ത്യയുടെ മൂന്നാം സമ്പൂര്‍ണ വിജയമാണിത്. അതേ സമയം ഒന്നേകാല്‍ നൂറ്റാണ്ടിനിടെ ഓസ്ട്രേലിയയുടേത് നാലാം സമ്പൂര്‍ണ പരാജയം. മുന്‍പ് 1992-93 സീസണില്‍ ഇംഗ്ലണ്ടിനെതിരെയും 1993-94ല്‍ ശ്രീലങ്കയ്ക്കെതിരെയും നടന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിട്ടുണ്ട്.
ചെന്നൈ, ഹൈദരാബാദ്, മൊഹാലി ടെസ്റ്റുകളില്‍ നേടിയ ഉജ്ജ്വല വിജയങ്ങള്‍ നല്കിയ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ദല്‍ഹിയിലെ അവസാന ടെസ്റ്റില്‍ അങ്കത്തിനിറങ്ങിയത്. സ്പിന്നര്‍മാരുടെ പറുദീസയായി മാറിയ ഫിറോസ് ഷാ കോട്ലയിലെ കറങ്ങുന്ന പിച്ചിലും ഉന്നത നിലവാരത്തിലുള്ള പ്രകടനമാണ് പുറത്തെടുത്തത്.
യുവത്വത്തിന്റെ ചോരത്തിളപ്പും മുതിര്‍ന്ന താരങ്ങളുടെ പക്വതയും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്. അവിടെ ടീം ഇന്ത്യയുടെ മാറുന്ന മുഖം കാണാനായി. വിരേണ്ടര്‍ സേവാഗ്-ഗൗതം ഗംഭീര്‍ ഓപ്പണിങ് കൂട്ടുകെട്ടിന് പകരം മുരളി വിജയ്-ശിഖര്‍ ധവാന് സഖ്യം (മൂന്നാം ടെസ്റ്റില്‍) പൂജാര-വിജയ് സഖ്യം (നാലാം ടെസ്റ്റില്‍). സാങ്കേതികത്തികവുള്ള ഇരു കളിക്കാരും ഇന്ത്യന്‍ ടെസ്റ്റിന്റെ തലപ്പത്തേക്കുയരാന്‍ കെല്പുള്ളവരാണ്.
ദ്രാവിഡ്, ലക്ഷ്മണ് എന്നീ കരുത്തര്‍ കളംവിട്ടതോടെ തകര്‍ന്ന ഇന്ത്യന്‍ മധ്യനിരക്ക് ഈ പരമ്പര പകരക്കാരെ സമ്മാനിച്ചു. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 8 വിക്കറ്റ് ജയത്തോടെ ഇന്ത്യ കരുത്തുകാട്ടി. അവിടെ ധോണിയുടെ കരിയറിലെ ആദ്യ ഇരട്ടസെഞ്ച്വറിയും (224) പിറന്നു. കോഹ്ലിയുടെ സെഞ്ച്വറി (107)യും ഇന്ത്യന്‍ വിജയത്തിന്റെ മാറ്റുകൂട്ടി. ഹൈദരാബാദില്‍ ഇന്നിങ്ങ്സിനും 135 റണ്‍സിനും ഓസീസിനെ തകര്‍ത്തു. ദ്രാവിഡ് ഒഴിച്ചിട്ട മൂന്നാം നമ്പര്‍ പദവി തനിക്ക് തന്നെയെന്ന് ഉറപ്പിച്ച് പൂജാര (204) നേടിയ കരിയറിലെ രണ്ടാം ഇരട്ടസെഞ്ച്വറിയും മുരളി വിജയിന്റെ (167) തകര്‍പ്പന്‍ സെഞ്ച്വറിയും ഇന്ത്യയെ വിജയതീരത്തിലേക്ക് എത്തിച്ചു. മൊഹിലിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ശിഖര്‍ ധവാനും (187), മുരളി വിജയു(153ാമാണ് ഇന്ത്യയുടെ ഹീറോകളായത്. അതേസമയം ഓസ്ട്രേലിയന്‍ നിരയില്‍ ഒരു സെഞ്ച്വറിമാത്രമാണ് പിറന്നത്. ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റേത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും സന്ദര്‍ശകരെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നു ടോപ് സ്കോറര്മാരും ഇന്‍ഡ്യക്കാര്‍. രണ്ട് സെഞ്ച്വറിയുള്‍പ്പെടെ 430 റണ്‍സ് നേടിയ മുരളി വിജയ്, ഒരു ഡബിള്‍ സെഞ്ച്വറിയുള്‍പ്പെടെ 413 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാര, എം.എസ്. ധോണി (ഒരു ഡബിള്‍ സെഞ്ച്വറിയുള്‍പ്പെടെ 326). കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഫോം കണ്ടെത്താനാവാതുഴറിയ സ്പിന്നര്‍ അശ്വിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനും പരമ്പര സാക്ഷിയായി-29 വിക്കറ്റുകള്‍; ലക്ഷണമൊത്ത വിക്കറ്റ് വേട്ട. അശ്വിന് ജഡേജയും ഓജയും മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്പിന്‍ വിഭാഗം ഉന്നതനിലവാരത്തിലേക്കുയര്ന്നു. ഇരട്ട സെഞ്ച്വറിയുള്‍പ്പെടെയുള്ള പ്രകടനവുമായി ടീമിനെ മുന്നില്‍നിന്നു നയിച്ച ധോണിയുടെ നായകത്വത്തിന് മാര്‍ക്ക് നൂറില്‍ നൂറ്.
ഇന്ത്യയില്‍ 12 തവണ പര്യടനത്തിനെത്തിയ ഓസ്ട്രേലിയക്കെതിരെ നേടുന്ന ആറാം പരമ്പര വിജയമാണ് ഇത്.
1947-48ലാണ് ആദ്യ ഇന്ത്യ-ഓസ്ട്രേലിയ പരമ്പര. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് നയിച്ച ഓസ്ട്രേലിയയുമായി ലാലാ അമര്‍നാഥിന്റെ ഇന്ത്യ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിച്ചത്. രണ്ടാം ടെസ്റ്റ് സമനിലയിലാക്കാന്‍ ഇന്ത്യക്കായി, ബാക്കി നാലിലും അച്ചുമൂളി. പിന്നീട് 10 വര്‍ഷം കഴിഞ്ഞാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ ആദ്യ പരമ്പരക്കെത്തിയത്. 1956-57ല്‍ നടന്ന മൂന്ന് ടെസ്റ്റു പരമ്പരയില്‍ സന്ദര്‍ശകര്‍ 2-0 ന്റെ വിജയം നേടി. 1959-60-ല്‍ ഇന്ത്യ വീണ്ടും ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തി. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് പരാജയപ്പെട്ടു. എന്നാല്‍ പരമ്പരയിലെ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 119 റണ്‍സിന് ഓസ്ട്രേലിയയെ കീഴടക്കി ആദ്യ ടെസ്റ്റ് വിജയം കരസ്ഥമാക്കി. പിന്നീട് 1964-65-ല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കായി ഇന്ത്യ സന്ദര്‍ശിച്ച ഓസ്ട്രേലിയയെ 1-1ന് സമനിലയില്‍ തളക്കാന്‍ കഴിഞ്ഞു.1967-68ല്‍ ഓസ്ട്രേലിയ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം പരമ്പരയിലെ നാല് ടെസ്റ്റുകളും തോറ്റമ്പി.1969-70ല്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്കായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയന്‍ ടീം 3-1ന് പരമ്പര സ്വന്തമാക്കി. 1977-78-ല്‍ ഇന്ത്യ അഞ്ച് ടെസ്റ്റുകളുടെ പരമ്പരകള്‍ ഓസ്ട്രേലിയയില്‍ കളിച്ചെങ്കിലും 3-2ന് പരാജയപ്പെടാനായിരുന്നു വിധി. 1979-80ല്‍ ഓസ്ട്രേലിയന്‍ ടീം വീണ്ടും ഇന്ത്യയിലെത്തി. എന്നാല്‍ ഇത്തവണ കാറ്റ് മാറി വീശി. ആറ് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ആദ്യമായി സ്വന്തമാക്കി. കാണ്‍പൂരില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 153 റണ്‍സിനും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇന്നിംഗ്സിനും നൂറുറണ്സിനും വിജയം സ്വന്തമാക്കി. ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗാവസ്കറായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. 1980-81ല്‍ ഇന്ത്യ വീണ്ടും മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കായി ഓസ്ട്രേലിയ സന്ദര്‍ശിച്ചു. ഇരുടീമുകളും ഒാരോ ടെസ്റ്റുകള്‍ വിജയിച്ചതോടെ പരമ്പര ഇന്ത്യ നിലനിര്‍ത്തി. 1985-86ല്‍ ഇന്ത്യ വീണ്ടും ഓസ്ട്രേലിയയിലെത്തി, മൂന്നിലും ഒപ്പത്തിനൊപ്പം പിടിച്ചു. 1986-87ല്‍ ഓസ്ട്രേലിയ മൂന്ന് ടെസ്റ്റുകള്‍ക്കായി ഇവിടെ വന്നു. പരമ്പരക്ക് സമനില. ഇതിലെ ആദ്യ ടെസ്റ്റ് ടൈയിലായി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ടൈയായിരുന്നു ഇത്. പിന്നീട് 1991-92ലാണ് ഇന്ത്യ ഓസ്ട്രേലിയ സന്ദര്‍ശിച്ചത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 4-0ന് പരാജയപ്പെട്ടു. പിന്നീട് 1996-97 സീസണിലാണ് ഓസ്ട്രേലിയ ഇന്ത്യ സന്ദര്‍ശിച്ചത്. ഒരു ടെസ്റ്റായിരുന്നു പരമ്പരയില്‍, അത് ഇന്‍ഡ്യ നേടി. തൊട്ടടുത്ത സീസണിലും മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കായി ഓസീസ് ഇന്ത്യയില്വന്നെങ്കിലും 2-1ന് പരമ്പര തോറ്റു. 1999-2000 സീസണില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കായി ഇന്ത്യ ഓസ്ട്രേലിയയില്‍ പോയി. പക്ഷേ ഫലം സമ്പൂര്‍ണ്ണ തോല്‍വി. 2000-01ല്‍ മൂന്ന് ടെസ്റ്റുകള്‍ക്കായി ഇന്ത്യ സന്ദര്‍ശിച്ച ഓസ്ട്രേലിയന്‍ ടീം 2-1ന് തോറ്റു. 2003-04-ല്‍ വീണ്ടും നാല് ടെസ്റ്റുകളുടെ പരമ്പരക്കായി ഇന്ത്യ ഓസ്ട്രേലിയ സന്ദര്‍ശിച്ചെങ്കിലും 1-1ന് സമനിലയിലായി. 2004-05-ല്‍ നാല് ടെസ്റ്റുകള്‍ക്കായി ഇന്ത്യ സന്ദര്‍ശിച്ച ഓസ്ട്രേലിയ 2-1ന് ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി സ്വന്തമാക്കി.
പിന്നീട് 2007-08ലാണ് ഇന്ത്യ ഓസ്ട്രേലിയ പരമ്പര നടന്നത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന് കംഗാരുക്കള്‍ പരമ്പര നേടി. 2008-09-ല്‍ നാല് ടെസ്റ്റുകള്‍ക്കായി ഓസ്ട്രേലിയ ഇന്ത്യയിലെത്തി. രണ്ടാമത്തെയും നാലാമത്തെയും ടെസ്റ്റുകള്‍ വിജയിച്ച് ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി. 2010-11ല്‍ രണ്ട് ടെസ്റ്റുകള്‍ക്കായി ഇന്ത്യ സന്ദര്‍ശിച്ച ഒാസ്ട്രേലിയ രണ്ടിലും പരാജയപ്പെട്ടു. 2011-12-ല്‍ ഇന്ത്യ നാല് ടെസ്റ്റുകള്‍ക്കായി ഓസ്ട്രേലിയ സന്ദര്‍ശിച്ചെങ്കിലും 4-0ന് വൈറ്റ്വാഷ് ചെയ്യപ്പെടാനായിരുന്നു വിധി. അതിനുശേഷമാണ് ഇത്തവണ ഓസ്ട്രേലിയ ഇന്ത്യയിലെത്തിയത്. ബാക്കിയെല്ലാം ചരിത്രമായി. മേറ്റ്ല്ലാം പഴയതാക്കുന്ന പുതിയ ചരിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: