കൊച്ചി: ശങ്കരാചാര്യര്‍ ലോകത്തിന് സമര്‍പ്പിച്ച അദ്വൈതദര്‍ശനത്തിന്റെ പ്രായോഗികതലത്തിലുളള വ്യാപനത്തിന് അക്കാദമിക് സമൂഹം കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ.സുചേതാ നായര്‍ അഭിപ്രായപ്പെട്ടു. വിജ്ഞാനത്തിന്റെ സമസ്തമേഖലകളും സമന്വയിപ്പിക്കുന്നതാണ് ശങ്കര ദര്‍ശനം. ആധുനിക വിദ്യാഭ്യാസത്തില്‍ ശങ്കരന്റെ അദ്വൈത സിദ്ധാന്തങ്ങള്‍ക്കും അതിന്റെ പഠന ഗവേഷണങ്ങള്‍ക്കും അതിരുകളില്ലാത്ത സാധ്യതകളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സര്‍വകലാശാല വേദാന്തവിഭാഗം സംഘടിപ്പിച്ച മൂന്നു ദിവസത്തെ ശ്രീശങ്കര പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഭാരത ചരിത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പല പഠനങ്ങള്‍ക്കും ചരിത്ര നിരീക്ഷണങ്ങള്‍ക്കും പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് പ്രഭാഷണ പരമ്പര നടത്തിയ പ്രമുഖ വേദാന്ത പണ്ഡിതന് ഡോ.കെ.മഹേശ്വരന് അഭിപ്രായപ്പെട്ടു.
വേദങ്ങളുടെയും മീമാംസകളുടെയും ഉല്പത്തിയും വികാസവും സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും ഇനിയും ആവശ്യമുണ്ട്. ദര്‍ശന ശാസ്ത്രത്തില്‍ ആധുനികതയുടെ മുഖമാണ് ശങ്കരന് പകര്‍ന്ന് നല്‍കുന്നതെന്ന് ഡോ.മഹേശ്വരന് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഡോ.മഹേശ്വരന് നായര്‍ക്ക് സര്‍വകലാശാലയുടെ ഉപഹാരം ഡോ.സുചേത നായരും വേദാന്ത വിഭാഗത്തിന്റെ ഉപഹാരം വേദാന്ത വിഭാഗം തലവന്‍ ഡോ.പി.ചിദംബരനും സമ്മാനിച്ചു. പി.ചിദംബരന് അധ്യക്ഷ വഹിച്ച യോഗത്തില്‍ പ്രൊഫ.ബി.ചന്ദ്രിക, ഡോ.എസ്.ഷീബ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പര 27-ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: