ന്യൂദല്‍ഹി: ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്ര നേട്ടങ്ങളുടെ ചെപ്പിലേക്ക് ഇന്ത്യയുടെ വക ഒരു മുത്തുകൂടി. കങ്കാരുക്കളുടെ ധാര്‍ഷ്ട്യത്തിന്റെ സഞ്ചിയില്‍ അവസാന തുളയുമിട്ട് ധോണിപ്പട വിജയത്തിന്റെ ഉത്തുംഗശൃംഗം കയറി. പോയവര്‍ഷം ഓസ്ട്രേലിയന്‍ മണ്ണിലേറ്റ ദയനീയ പരാജയത്തിന്റെ പാപഭാരത്തില്‍ നിന്നു മഹേന്ദ്ര സിങ് ധോണിയിലെ നായകന് മുക്തി; നൊമ്പരത്തില്‍ നിന്നു ലക്ഷോപലക്ഷം ആരാധകര്‍ക്കും. ആ തോല്‍വിക്കു അതേനാണയത്തില്‍ ടീം ഇന്ത്യ മറുപടി നല്‍കിക്കഴിഞ്ഞു. ഫിറോസ് ഷാ കോട്ലയിലെ അവസാനത്തേയും നാലാമത്തേയും ടെസ്റ്റില്‍ ഓസീസിനെ ആറുവിക്കറ്റിന് മുട്ടുകുത്തിച്ച് ഇന്ത്യ പരമ്പരയില്‍ സമ്പൂര്‍ണ വിജയം സ്വന്തമാക്കി (4-0). മൂന്നാം ദിനം ഓസീസ് മുന്നില്‍വച്ച 155 റണ്‍സ് വിജയലക്ഷ്യം ഏറെ വിയര്‍പ്പൊഴുക്കാതെ ധോണിക്കൂട്ടം മറികടന്നു. അഞ്ചുവിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ ബൗളിങ്ങും ചേതേശ്വര്‍ പൂജാരയുടെ (82 നോട്ടൗട്ട്) ബാറ്റിങ് മികവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. പൂജാര 1 ബൗണ്ടറികള്‍ കുറിച്ചു. വിരാട് കോഹ്ലിയും (41) തരക്കേടില്ലാത്ത സംഭാവന നല്കി. ആര്.അശ്വിനും പ്രഗ്യാന്‍ ഓജയും രണ്ടു വിക്കറ്റുകള്‍ വീതം പിഴുതു. ഇഷാന്ത് ഒരിരയെ കണ്ടെത്തി. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ എട്ടുവിക്കറ്റിനും ഹൈദരാബാദില്‍ ഇന്നിങ്ങ്സിനും 135 റണ്‍സിനും മൊഹാലിയില്‍ ആറു വിക്കറ്റിനും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഏതെങ്കിലുമൊരു എതിരാളിയെ വൈറ്റ് വാഷ് ചെയ്യുന്നത് ഇതാദ്യം. 1993ല്‍ ഗ്രഹാഗൂച്ചിന്റെ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ സമ്പൂര്‍ണ ജയം നേടിയിരുന്നു. എന്നാല്‍ അന്നത്തേത് മൂന്നു ടെസ്റ്റുകളുടെ പരമ്പരയായിരുന്നു.
ഓസീസിനോട് തുടര്‍ച്ചയായ നാലു ടെസ്റ്റുകളില്‍ ഇന്ത്യ ജയിക്കുന്നതും നടാടെതന്നെ. കോട്ലയില് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ജഡേജ കളിയിലെ കേമന്‍. പരമ്പരയിലൂടനീളം ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ച അശ്വിന് മാന്‍ ഒഫ് ദ സീരിസ്. സ്കോര്‍: ഓസ്ട്രേലിയ- 262, 164. ഇന്ത്യ- 271, 4ന് 158.
കോട്ല പിച്ചിനു വിദഗ്ധര്‍ നല്കിയ ആയുസ് വെറും മൂന്നു ദിവസങ്ങള്‍ മാത്രമായിരുന്നു. കളിജയിക്കാന്‍ അത്രയും സമയംതന്നെ ധാരാളമെന്നു ഇന്ത്യ തെളിയിച്ചുകൊടുത്തു. വിധി നിര്‍ണായക ദിവസത്തിലും പിച്ച് പ്രവചനാതീത സ്വഭാവം തുടര്‍ന്നപ്പോള്‍ ബൗളര്‍മാര്‍ നിറഞ്ഞാടി. പതിനാറു വിക്കറ്റുകള്‍ ഇന്നലെ നിലംപൊത്തി. ഓസീസിന്റെ പത്തും ഇന്ത്യയുടെ ആറും.
രാവിലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ അധികംകളിക്കാന് നതാന്‍ ലയോണ്‍ അനുവദിച്ചില്ല. ഇഷാന്ത് ശര്‍മയേയും പ്രഗ്യാന്‍ ഓജയേയും അടുത്തടുത്ത പന്തുകളില്‍ സംപൂജ്യരാക്കിയ ലയോണ്‍ ആതിഥേയരുടെ ഇന്നിങ്ങ്സിന ്ഷട്ടറിട്ടു. ഏഴു വിക്കറ്റുമായി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് ഓസീസ് സ്പിന്നര്‍ കളംവിട്ടത്.
പിന്നാലെ ജഡേജയുടെ പന്തുകള്‍ സന്ദര്‍ശകരുടെമേല്‍ തീമഴയായി. ഇന്ത്യയെ അതിശയിപ്പിച്ച്, ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഗ്ലെന്‍ മാക്സവെല്ലിനെ ഇന്നിങ്ങ്സ് തുറക്കാന്‍ അയച്ച ഓസീസിനു പക്ഷേ കളത്തില്‍ അത്ഭുതം സൃഷ്ടിക്കാനായില്ല. മാക്സ്വെല്ലിന്റെ (8) കുറ്റി ജഡേജ പിഴുതെടുക്കുമ്പോള്‍ അവരുടെ സ്കോര്‍ വെറും 15. പിന്നാലെ വാര്‍ണറെ (8) ജഡേജ വിക്കറ്റിനു മുന്നില്‍ക്കുടുക്കി. ഇന്ത്യയ്ക്കെതിരായ വാക്പോരിന് നായകത്വം വഹിച്ച വാര്‍ണര്‍ക്ക് ധോണിയും കുട്ടികളും നല്ല ചൂടന്‍ യാത്രയയപ്പു തന്നെ നല്കി. അത്രഫോമിലല്ലാത്ത ഫിലിപ്പ് ഹ്യൂസ് (6) അശ്വിനെ നമിച്ചു. ഓജയുടെ പന്തിനെ സ്റ്റംപിലേക്ക് ആവാഹിച്ച് നായകന് ഷെയിന്‍ വാട്സനും (5) ഘോഷയാത്രയ്ക്കൊപ്പം ചേര്‍ന്നു. കൂട്ടാളികള്‍ മടങ്ങുമ്പോഴും ഒരു വശത്തു നങ്കൂരമിട്ട എഡ് കോവന് മോശം പന്തുകളെ ശിക്ഷിച്ചുകൊണ്ടിരുന്നു. ഓസീസ് സ്കോര്‍ അമ്പതു കടന്നപ്പോള്‍ കോവനും (24) ക്രീസിനോട് ബൈ ചൊല്ലി. അഞ്ചു ബൗണ്ടറികളടിച്ച കോവനെ ജഡേജ എല്‍ബിഡബ്ല്യൂവാക്കി.
പിന്നെ സ്റ്റീവന്‍ സ്മിത്തും- മാത്യു വേഡും ചേര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനം. ഈ സഖ്യം 41 റണ്‍സ് സ്വരൂക്കൂട്ടി. തുടര്‍ന്ന് ജഡേജയുടെ ഡബിള്‍ സ്ട്രൈക്ക് സ്മിത്തും (18), മിച്ചല്ജോണ്സനും (0) കളത്തിനുപുറത്തെ കസേരയിലിരുന്നു നഖംകടിച്ചു. പക്ഷേ വേഡ് (19), ജയിംസ് പാറ്റിന്സന് (11) എന്നിവരെ കൂട്ടുപിടിച്ച് പീറ്റര്‍ സിഡില്‍ നടത്തിയ പ്രത്യാക്രമണം കങ്കാരുക്കള്‍ക്ക് മാന്യമായ ലീഡ് നല്കി. ഏഴു ബൗണ്ടറികളടക്കം അര്‍ധശതകം തികച്ച സിഡിലിനെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റാമ്പ് ചെയ്യുമ്പോള്‍ ഓസീസ് ചെറുത്തു നില്പ്പിനു വിരാമം.
ചെറിയ ലക്ഷ്യം മുന്നില്‍ക്കണ്ട ഇന്ത്യയുടെ മുന്നേറ്റം അനായാസമായിരുന്നില്ല. എത്രയുംവേഗം വിജയ തീരമണയാനുള്ള തിടുക്കത്തിലായിരുന്നു മുരളിയ വിജയ്യും ചേതേശ്വര്‍ പൂജാരയും. തുടക്കത്തില്‍ ഭാഗ്യത്തിന്റെ ബലം അവരെ ക്രീസില്‍ നിലനിര്‍ത്തി. എന്നാല്‍ വിജയ്യുടെ ഭാഗ്യജാതകത്തിന് അത്ര ദൈര്‍ഘ്യമുണ്ടായിരുന്നില്ല. മാക്സ്വെല്ലിന്റെ പന്തില്‍ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച വിജയ് (11) ബൗള്‍ഡായി. മോശം പന്തുകളെ അതിര്‍ത്തി കടത്തി വിരാട് കോഹ്ലിയും പൂജാരയും കത്തിക്കയറിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു. 1 വിക്കറ്റിന് 120 എന്ന സുരക്ഷിത നിലയില്‍ ഇന്ത്യയെത്തി. പക്ഷേ അപകടത്തിനുമുന്പുള്ള സുരക്ഷിതത്വബോധമായിരുന്നു അത്.
കോഹ്ലിയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കറും (1) ലയോണിന്റെ വലയിലും അജിന്‍ക്യ രഹാനെ (1) മാക്സ്വെല്ലിന്റെ കുരുക്കിലും പെടുമ്പോള്‍ ഇന്ത്യയ്ക്ക് ചെറിയൊരു ഞെട്ടല്‍. പക്ഷേ, പൂജാരയ്ക്കൊപ്പം ചേര്‍ന്ന ധോണി (12 നോട്ടൗട്ട്) ഇന്ത്യയെ ചരിത്ര വിജയത്തില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: